റാൻ ഓഫ് കച്ച് എന്ന അത്ഭുതമരുഭൂമി

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തൂവെള്ളനിറമുള്ള ഭൂപ്രദേശം, എന്നാൽ ഈ പ്രദേശത്തിന് നിറംച്ചാർത്തുന്നത് വെള്ള മണൽത്തരികളോ മഞ്ഞോ അല്ല മറിച്ച് ഉപ്പാണ്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് 7500 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന റാൻ ഓഫ് കച്ച് എന്ന ഈ അത്ഭുതമുള്ളത്. യഥാർത്ഥത്തിൽ ഇതൊരു ഉപ്പുപാടമാണ്. മഴക്കാലത്ത് കടലിൽ നിന്ന് വെള്ളം കയറി ഉപ്പു തടാകമായി മാറുന്ന ഈ സ്ഥലം വെള്ളം വറ്റുന്നതോടെ വെള്ളനിറമുള്ള ഉപ്പുകൊണ്ട് നിറയും. ഈ പ്രതിഭാസമാണ് റാൻ ഓഫ് കച്ചിനെ അതിസുന്ദരമായ ഉപ്പുമരുഭൂമിയായി മാറ്റുന്നത്.

ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ റാൻ ഓഫ് കച്ച് ഉത്സവാന്തരീക്ഷത്തിലായിരിക്കും. ഈ മാസങ്ങളിലാണ് ഇവിടുത്തെ പ്രധാന ആഘോഷമായ റാൻ ഉത്സവം നടക്കുന്നത്. റാൻ ഓഫ് കച്ചിലെ അത്ഭുതകാഴ്ച്ചകൾ കാണാൻ പോകാനുള്ള ഏറ്റവും നല്ല സമയവും ഇതാണ്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമൊക്കെ ധാരാളം വിനോദ സഞ്ചാരികളാണ് റാൻ ഉത്സവത്തിൽ പങ്കെടുക്കാൻ ഈ സമയം ഗുജറാത്തിലെത്തുന്നത്. ഗുജറാത്ത് സർക്കാരാണ് റാൻ ഉത്സവം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജില്ലയാണ് കച്ച്. കച്ച് ജില്ലയുടെ കിഴക്കും വടക്കും റാൻ ഓഫ് കച്ചാണ്. പടിഞ്ഞാറ് അറബിക്കടലും തെക്കുഭാഗത്ത് കച്ച് ഉൾക്കടലുമാനുള്ളത്. ഒരുവശത്ത് പാകിസ്ഥാനുമായും അതിർത്തി പങ്കിടുന്നുണ്ട് കച്ച്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്നുനതുകൊണ്ടുതന്നെ ഈ സ്ഥലം അതീവ സുരക്ഷ മേഖലയാണ്. റൺ ഓഫ് കച്ച് സന്ദർശിക്കാൻ അധികാരികളുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങേണ്ടതുണ്ട്. ഗുജറാത്ത് പൊലീസിൻ്റെ ഭുജിൽ പ്രവർത്തിക്കുന്ന ഡി എസ് പി ഓഫീസിൽ നിന്ന് ഇതിനുള്ള അനുമതിപത്രം ലഭിക്കും. 100 രൂപയാണ് ഇതിനുള്ള ചിലവ്.

ക്യാമൽ സഫാരിയും, കരകൗശലവസ്തുക്കളും, തനത് ഗുജറാത്തി രുചികളും തുടങ്ങി ഒട്ടേറെ കാര്യങ്ങളുണ്ട് റാൻ ഓഫ് കച്ചിലെത്തുന്ന സഞ്ചാരികൾക്കു തേടിപോകാൻ. ധോലാവിര, കച്ച് മ്യൂസിയം, ആയിന മഹൽ, കച്ച് പക്ഷി സങ്കേതം, മാണ്ട്വി ബീച്ച്, കാണ്ട്ല, മുദ്ര തുറമുഖങ്ങൾ, നാരായൺ സരോവർ, ഹമിർസർ തടാകം, കച്ച് മരുഭൂമി വന്യജീവി സങ്കേതം തുടങ്ങിയവയും കാഴ്ചയുടെ വിരുന്നൊരുക്കി കച്ചിൽ സഞ്ചാരികളെ കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published.