ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് യാത്ര ആയാലോ…

ഇതിപ്പോ ഏത് ലണ്ടൺ എന്നാവും നിങ്ങൾ വിചാരിക്കുക. സംശയിക്കണ്ട അത് തന്നെ… നമ്മടെ യൂറോപ്പിലെ ലണ്ടൻ തന്നെ. സംഭവം ഉള്ളതാണ് ഡൽഹിയിൽ നിന്നും ലണ്ടനിലേക്കു ഒരു ബസ് പുറപ്പെടുന്നു, 70 ദിവസം കൊണ്ട് 18 രാജ്യങ്ങളിലൂടെ ഏകദേശം 20,000 കിലോമീറ്റർ സഞ്ചരിച്ച് ലണ്ടനിൽ എത്തുന്നതാണ് ഈ ബസ് സർവീസ്. ബസ് ടു ലണ്ടന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ കിടിലൻ യാത്ര ഒരുക്കുന്നത് ഹരിയാനയിലെ ഗുരുഗ്രാമം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്വഞ്ചേഴ്​സ്​ ഓവർലാൻഡ് എന്ന കമ്പനിയാണ്.

അടുത്ത മെയ് മാസത്തിൽ ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്ന 70 ദിവസത്തെ യാത്രക്ക് 15 ലക്ഷം രൂപ ചിലവ് വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും യാത്ര ആരംഭിച്ച് 18 രാജ്യങ്ങള്‍ താണ്ടി ലണ്ടനിലെത്തുന്ന യാത്ര നാല് ഘട്ടങ്ങളായിട്ടാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇത്രയും വലിയ തുക നൽകി യാത്രചെയ്യാൻ സാധിക്കാത്തവർക്കും, ഇത്ര അധികം ദിവസം യാത്രക്ക് വേണ്ടി മാറ്റിവെക്കാൻ ഇല്ലാത്തവരും വേണ്ടിയാണു യാത്ര നാല് ഘട്ടങ്ങളായി ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്ക് തങ്ങളുടെ സമയവും സൗകര്യവും അനുസരിച്ച് ഈ ഘട്ടങ്ങൾ തിരഞ്ഞെടുക്കാം. 12 ദിവസം നീളുന്ന യാത്രയുടെ ആദ്യഘട്ടം ഇന്ത്യ, മ്യാന്മാർ,തായ്‌ലൻഡ് എന്നി രാജ്യങ്ങളിലൂടെയാവും നീങ്ങുക.ഇതിന് 3,50,000 രൂപയാണ്​ ഈടാക്കുക. തായ്‌ലൻഡിൽ നിന്ന് ലാവോസ് വഴി 16 ദിവസം കൊണ്ട് ചൈനയിൽ എത്തുന്ന രണ്ടാം പാദത്തിനു 4,25,000 രൂപയും, ചൈനയില്‍ നിന്നും തുടങ്ങി കിർഗിസ്​താൻ, ഉസ്​ബെക്കിസ്​താൻ, കസാക്കിസ്​താൻ,റഷ്യ എന്നീ രാജ്യങ്ങളിലൂടെ 22 ദിവസം നീളുന്ന മൂന്നാം ഘട്ടത്തിന് 4,95,000 രൂപയുമാണ് ചിലവ് വരിക. റഷ്യയില്‍ നിന്നും 16 ദിവസം കൊണ്ട് 10 രാജ്യങ്ങള്‍ സഞ്ചരിച്ച് യൂറോപ്പിലെത്തുന്ന അവസാന പാദത്തിനു ചിലവ് 4,25,000 രൂപയാണ്​.

18 രാജ്യങ്ങളിലൂടെയുള്ള ബസ് യാത്ര സമ്മാനിക്കുന്ന കാഴ്ചകളും അനുഭവങ്ങളും വളരെ വ്യത്യസ്തമായിരിക്കും. ഒരിക്കൽ നമ്മൾ കാണാൻ കൊതിച്ച സ്വപ്നനഗരങ്ങയിലുടെയും കാഴ്ചകളിലൂടെയും ബസ് കടന്നുപോകും. 20 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബിസിനസ് ക്ലാസ് സീറ്റുകളാവും ബസിൽ ഉണ്ടാവുക. എത്തുന്ന എല്ലാ രാജ്യങ്ങളിലും 4 സ്റ്റാർ അല്ലെങ്കിൽ 5 സ്റ്റാർ ഹോട്ടലുകളിലെ താമസവും ഏതു രാജ്യത്തു ചെന്നാലും കഴിക്കാന്‍ ഇന്ത്യൻ ഭക്ഷണവും യാത്രയില്‍ കമ്പനി ഉറപ്പു നൽകുന്നുണ്ട്. ഇപ്പോൾ കൊറോണ വ്യാപനം മൂലം പല രാജ്യങ്ങളും യാത്രവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് കൊണ്ട് അതിനു ശേഷമേ യാത്രയുടെ രജിസ്‌ട്രേഷനും മറ്റും തുടങ്ങു. യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://bustolondon.in/ എന്ന വെബ്സൈറ്റ് വഴി കമ്പനിയുമായി ബന്ധപ്പെടാം. ഒരു യാത്രക്കായി 15 ലക്ഷം രൂപ മുടക്കാൻ നിങ്ങള്ക്ക് കഴിയുമെങ്കിൽ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒരു യാത്രയാണ് ഇത്.

Leave a Reply

Your email address will not be published.