സിനിമ പറയുന്നതും പഠിപ്പിക്കുന്നതും; 4 സിനിമകളിലൂടെ

ജോലി തിരക്കുകളും മറ്റും മാറ്റിവെച്ച് സിനിമ കാണാൻ മറക്കാത്തവരാണ് നമ്മളിൽ പലരും. ഒരു സിനിമ പ്രേമിയെ സംബന്ധിച്ചിടത്തോളം തിയേറ്റർ തുറക്കാത്തത് വലിയൊരു പ്രശ്നം തന്നെയാണ്. തിയേറ്ററുകൾ നമ്മൾ മിസ് ചെയ്യാറുണ്ടെങ്കിൽ പോലും നമുക്ക് മുന്നിൽ ഒ ടി ടി പ്ലാറ്റുഫോമുകൾ ഒരുക്കിയ സാധ്യതകൾ വളരെ വലുതാണ്. നെറ്റ്ഫ്ലിക്സ്-ആമസോൺ പ്രൈം ഉപഭോക്താക്കളുടെ എണ്ണത്തിലുള്ള വർധനവും കാണിക്കുന്നത് ഇതുതന്നെയാണ്. അന്യഭാഷ ചിത്രങ്ങളും വിദേശഭാഷ ചിത്രങ്ങളും പരിചയപെടുത്തുന്നതിൽ ഒ ടി ടി പ്ലാറ്റുഫോമുകൾ വഹിച്ച പങ്ക് ചെറുതല്ല.

ലോക്ക്ഡൗണും കൊറോണയുമെല്ലാം മിക്കവരും ആഘോഷിച്ചതും ഇതിലൂടെ തന്നെയാണ്. കൊറോണ കാരണം മിക്ക ആഘോഷങ്ങളും വീടുകളിലും ഒതുങ്ങി. ഈ വാരാന്ത്യം വീടുകൾ ആഘോഷിക്കുന്നവർക്ക് പരിചയപ്പെടുത്തുന്ന 4 സിനിമകൾ.

  1. Capernaum

സിനിമ ഒരു വിപ്ലമാണെന്ന് സമ്മതിക്കേണ്ടി വരുന്നൊരു ചിത്രം. കണ്ടുതീർന്നാലും ചിന്തിച്ചുതീരാത്ത സിനിമ. അങ്ങിനെയേ ഈ സിനിമയെ വിശേഷിപ്പിക്കാനാകൂ. തന്നെ ജനിപ്പിച്ചതിന് കേസ് കൊടുക്കുന്ന സെയിൻ എന്ന ബാലനിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കളിച്ചും ചിരിച്ചും പഠിച്ചും നടക്കേണ്ട പ്രായത്തിൽ സഹോദരങ്ങളുടെ വിശപ്പ് മാറ്റാൻ പലതരം ജോലികൾ ചെയ്യുന്ന 12 വയസ്സുകാരൻ. പക്ഷെ ആ 12 വയസ്സുകാരനിലൂടെ കാണിക്കുന്നത് അവന്റെ മാത്രം കഥയല്ല ഒരു ജനതയുടെ കഥയാണ്. ശക്തമായ രാഷ്ട്രീയ വിഷയങ്ങളും ദാരിദ്രവും അരക്ഷിതാവസ്ഥയും ബാല്യവിവാഹം തുടങ്ങി ഭരണാധികാരികൾ പറയാൻ മടിക്കുന്ന, ചോദ്യം ചെയ്യാൻ പേടിക്കുന്ന വിഷയങ്ങളെ മടിയോ പേടിയോ കൂടാതെ ചിത്രത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ഭരണകൂടങ്ങളും മതവും യുദ്ധവും തല്ലികെടുത്തിയ ബാല്യങ്ങളുടെ, എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ, പൗരത്വം രേഖപ്പെടുത്താതെ ഏത് നിമിഷവും അറസ്റ്റ് ചെയപ്പെടാം എന്ന് ഭയന്ന് കഴിയുന്ന ആളുകളുടെ ഇടയിലാണ് കഥ നടക്കുന്നത്. അതിനിടെ ഭക്ഷണമോ സംരക്ഷണമോ കൊടുക്കാൻ പറ്റാത്ത കൂരകളിലേക്ക്, കുട്ടികളെ കൊണ്ട് നിറക്കുന്ന മാതാപിതാക്കൾ. കൊച്ചുകുട്ടികളെ നോക്കേണ്ട ചുമതല മുതിർന്ന കുട്ടികളെ ഏൽപ്പിക്കുമ്പോൾ അവർക്ക് നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളും ബാല്യം അവർക്കേൽപ്പിക്കുന്ന മുറിപാടുകളും ബാലവിവാഹവും ചെയുന്ന തെറ്റിനെപ്പറ്റി ബോധ്യം പോലും ഇല്ലാത്ത ഒരുകൂട്ടം മനുഷ്യരും. ഇവരിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് Capernaum.

  1. Mucize/The Miracle

ഹൃദയം കൊണ്ട് കാണേണ്ട സിനിമകളെ പറ്റി കേട്ടിട്ടുണ്ടോ? അങ്ങനെയൊരു സിനിമ അനുഭൂതി നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ. അതാണ് Mucize. പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത തുർക്കിയിലെ ഒറ്റപ്പെട്ട മലയോര മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തിൽ എത്തിപ്പെടുന്ന അധ്യാപകന്റെയും ഗ്രാമത്തിന്റെയും കഥ പറയുന്ന സിനിമ. ഗ്രാമത്തിന്റെ ഭംഗിയും ഗ്രാമീണ ജീവിതങ്ങളും അത്രമേൽ ഗംഭീരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഒരു വിദ്യാലയം പോലും ഇല്ലാത്ത, അതികൃധരാരും തന്നെ എത്തിനോക്കാത്ത ഗ്രാമത്തിലേക്ക് എത്തിപ്പെടുന്ന മാഹിർ എന്ന അധ്യാപകനിലൂടെയും ഗ്രാമത്തലവന്റെ മകനായ അസിസിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. കണ്ണു നനയിപ്പിക്കുന്ന മുഹൂർത്തങ്ങളും ചിന്തിപ്പിക്കുന്ന കഥാതന്തുവിലൂടെയും ചിത്രം സഞ്ചരിക്കുമ്പോൾ എടുത്ത് പറയേണ്ടത് വികലാംഗനായ അസിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെ അഭിനയ മികവിനെയാണ്.

  1. Ayla the daughter of war

2017 ൽ പ്രദർശനത്തിനെത്തിയ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച ഹൃദയസ്പർശിയായ സിനിമ. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് 5 വർഷത്തിന് ശേഷം ഉത്തര കൊറിയ ദക്ഷിണ കൊറിയ ആക്രമിക്കുകയും ദക്ഷിണ കൊറിയയെ പിന്തുണയ്ക്കാൻ തുർക്കി 4500 സൈനികരെ അയയ്ക്കുന്നു ചെയുന്നു. മിലിറ്ററി മെക്കാനിക് ആയി യുദ്ധ ഭൂമിയിലെത്തുന്ന സുലൈമാനും അവിടെവെച്ച് യാദൃശ്ചികമായി കിട്ടുന്ന യുദ്ധത്തിൽ മാതാപിതാക്കൾ മരിച്ച 5 വയസ്സുകാരി പെൺകുട്ടിയുടെയും കഥയാണ് Ayla the daughter of war.

അവർ തമ്മിലുള്ള ദൃഢമായ ബന്ധവും വൈകാരിക നിമിഷങ്ങളും മനോഹരമായി സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവമാണ് ചിത്രത്തിന്റെ ആധാരം എന്നത് ചിത്രത്തെ ഒന്നുകൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്നു.

  1. Green Book

ഒരു നിമിഷം പോലും വിരസതയിലൂടെ സഞ്ചരിക്കാത്ത അത്രയേറെ ഗൗരവമേറിയ വിഷയത്തെ നർമ്മത്തിൽ ചാലിച്ച് പ്രേക്ഷനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമ. വർണ വിവേചനമാണ് കഥയുടെ ആധാരം. ലോക പ്രശസ്തനായ പിയാനിസ്റ്റും ഡോക്ടറുമായ ഡോൺ ഷേർളിയും ഇറ്റാലിയൻ വംശജനായ ടോണി ലിപ്പിനുമാണ് കഥയെ നയിക്കുന്നത്. തെക്കൻ ഉൾപ്രദേശങ്ങളിൽ നടക്കുന്ന സംഗീത പരിപാടിയിൽ തന്റെ യാത്രയിൽ ഡ്രൈവറായും അതിലുപരി വർണവെറിയന്മാരിൽ നിന്നുള്ള ഷേർളിയുടെ സംരക്ഷത്തിനുമായാണ് ടോണി ലിപിയെ നിയമിക്കുന്നത്.

യാത്രയിൽ ഷേർലി നേരിടുന്ന വർണവിവേചനവും ഇരുവരും തമ്മിൽ ഉടലെടുക്കുന്ന ആത്മബന്ധവുമാണ് സിനിമ പറയുന്നത്.

Leave a Reply

Your email address will not be published.