ഉയരം കുറഞ്ഞ ജിറാഫുകളോ; ആകെ കണ്ടെത്തിയത് രണ്ടേ രണ്ട് കുഞ്ഞൻ ജിറാഫുകളെ…
ലോകത്തെ ഏറ്റവും ഉയരം കൂടിയ ജീവിയാണ് ജിറാഫ്. ഈ ഉയരമാണ് ജിറാഫുകളെ മരത്തിൽ നിന്ന് ഇലകൾ ശേഖരിക്കാൻ സഹായിക്കുന്നത് തന്നെ. എന്നാൽ ഉയരം കുറഞ്ഞ ജിറാഫുകളെ കുറിച്ച് കേട്ടിട്ടുണ്ടോ?? അധികമാരും കേട്ടുകാണാൻ സാധ്യതയില്ല. എന്നാൽ ആഫ്രിക്കയിലെ നമീബയിലും ഉഗാണ്ടയിലുമായി കുള്ളൻ ജിറാഫിനെ കണ്ടെത്തിയിരിക്കുകയാണ്. അതിശയം തോന്നുന്നില്ലേ. ശാസ്ത്ര ലോകവും ഇതേ അമ്പരപ്പിലാണ്.

സാധാരണയായി നമ്മുടെ ഈ ഉയരക്കാർക്ക് പതിനഞ്ച് മുതൽ ഇരുപത് അടി വരെയാണ് നീളമുണ്ടാകാറ്. അതായത് ഏകദേശം നാലര മുതൽ ആറ് മീറ്റർ വരെ ഉയരം. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ജിറാഫുകളുടെ നീളം ഒൻപത് അടിയിലും താഴെയാണ്. ജിറാഫ് കൺസർവേഷൻ ഫൗണ്ടേഷൻ നടത്തിയ ഗവേഷണത്തിലാണ് ഇത്രയും ചെറിയ ജിറാഫുകളുണ്ടെന്ന കണ്ടെത്തലിലേക്ക് ജന്തുശാസ്ത്ര ലോകമെത്തുന്നത്.
കണ്ടെത്തിയ രണ്ട് ജിറാഫുകൾക്കും കഴുത്തിനു നീളമുണ്ടെങ്കിലും കാലുകൾക്ക് നീളം കുറവാണ്. ഇതൊരു രോഗാവസ്ഥയാണെന്നാണ് ഗവേഷകർ പറയുന്നത്. മനുഷ്യരിലും വളർത്തു മൃഗങ്ങളിലും ഇത് കണ്ടുവരാറുണ്ടെങ്കിലും കാട്ടുമൃഗങ്ങൾക്ക് ഇത് വളരെ അപൂർവമാണ്. സ്കെലെറ്റൽ ഡിസ്ലെപ്സിയ എന്നാണ് ഈ രോഗാവസ്ഥയെ വിശേഷിപ്പിക്കുന്നത്. കുഞ്ഞൻ ജിറാഫുകൾ കാണാൻ ഒരു കൗതുകമാണെങ്കിലും ഈ അവസ്ഥ അവർക്ക് മലമുകളിൽ ഇലകൾ കഴിക്കുന്നതിനും മറ്റും വളരെ പ്രയാസം സൃഷ്ടിക്കും.
2018 ൽ നമീബിയയിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരാണ് എട്ടര അടി അതായത് 2.6 മീറ്റർ നീളമുള്ള ജിറാഫിനെ കണ്ടെത്തിയത്. അതിനു ശേഷം ഇപ്പോൾ ഉഗാണ്ടയിലാണ് ഉയരം കുറഞ്ഞ ജിറാഫിനെ കണ്ടെത്തുന്നത്.