നോ സെൽഫി, പ്ലീസ്…
സെൽഫി എന്നത് നമ്മുടെ ആഘോഷങ്ങളുടെയും നിത്യജീവിതത്തിന്റെയും ഭാഗമായി മാറിക്കഴിഞ്ഞു. എവിടെയും സമയവും കാലവും നോക്കാതെ സെൽഫി എടുക്കുന്നവരാണ് നമ്മളിൽ പലരും. ആരുടെയും സഹായമില്ലാതെ നമ്മുടെ സന്തോഷങ്ങളും മറ്റും ചിത്രങ്ങളാക്കാൻ ഫോണിലെ വെറുമൊരു ക്ലിക്കിന്റെ ദൂരമേ ഇപ്പോൾ നമുക്കുള്ളൂ. മിക്ക വിനോദ സഞ്ചാരകേന്ദ്രങ്ങളിലും പ്രദർശന വേളകളിലും ഇപ്പോൾ സെൽഫി കോർണർ എന്ന സെക്ഷനും ഉൾപെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ന് മിക്ക സ്ഥലങ്ങളിലും സെൽഫി നിരോധിത മേഖലകളും ഉണ്ട്. കാരണം മറ്റൊന്നും അല്ല, അശ്രദ്ധമൂലം വരുത്തിവെക്കുന്ന വർധിച്ചു വരുന്ന സെൽഫി അപകടങ്ങളാണ് ഇതിന് കാരണം.
അപകടം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പലവിനോദ സഞ്ചാരമേഖലകളും ഇപ്പോൾ സെൽഫി നിരോധിതമേഖലകൾ ഏർപെടുത്തിയിട്ടുണ്ട്. ഇവിടെ നിന്ന് ഫോട്ടോ എടുക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ജയിൽ ശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ട്. പരിചയപ്പെടാം ഏതെല്ലാം സ്ഥലങ്ങളാണിതെന്ന്..
കുംഭമേള
ലോകത്തിലെ തന്നെ ഏറ്റവും വലിയാ തീർത്ഥാടക സംഗമങ്ങളിലെ ഒന്നാണ് കുംഭമേള. ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു ഉത്സവങ്ങളിൽ ഒന്നും. ഇവിടെ സെൽഫി എടുക്കുന്നത് നിരോധിച്ചിരിക്കുകയാണ്. കാരണം എന്താണെന്ന് ഊഹിക്കാമല്ലോ? ആയിരക്കണക്കിന് ആളുകൾ കൂടുന്ന ഇവിടെ എപ്പോൾ വേണമെങ്കിലും ആളുകൾ ചിതറി ഓടാൻ സാധ്യതയുണ്ട്. മാത്രവുമല്ല, ഈ തിരക്കിനിടയിൽ സെൽഫി എടുക്കാൻ ആളുകൾ നിൽക്കുന്നത് ആളുകളുടെ ഒഴുക്കിനെ തടസപ്പെടുത്തുകയും അപകടത്തിന് കാരണമാകുകയും ചെയ്യും. പിന്നെ ഉയരം കൂടിയ സ്ഥലങ്ങളിൽ കയറി സെൽഫി എടുക്കുന്നതും അപകടം വിളിച്ചുവരുത്തും. എന്തുതന്നെ ആയാലും കുംഭമേള ഇപ്പോൾ സെൽഫി നിരോധിത മേഖലയാണ്.

റെയില്‍വേ ട്രാക്ക്
അതെ, ഇന്ത്യയിൽ റെയിൽവേ ട്രാക്കുകളിൽ നിന്ന് സെൽഫി എടുക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ജയിൽ ശിക്ഷവരെ ലഭിച്ചേക്കാവുന്ന കുറ്റം. റെയിൽവേ ട്രാക്കുകളിലോ റെയിൽവേയുടെ വസ്തുക്കളിലോ സ്വത്തുക്കളിലോ നിന്ന് സെൽഫി എടുക്കുന്നത് വലിയ അപകടം വിളിച്ചുവരുത്തുകയും ട്രെയിൻ തടസ്സപ്പെടുന്നതിനും കാരണമാകും. അതുകൊണ്ടാണ് ഇവിടങ്ങളിൽ സെൽഫി നിരോധിത മേഖലയായി പ്രഖ്യാപിച്ചത്. നിയമം ലംഘിച്ചാൽ റെയിൽവേ നിയമത്തിലെ സെക്ഷൻ 147 പ്രകാരം നടപടിയെടുക്കാൻ അധികൃതർക്ക് അധികാരമുണ്ട്. ആ ശിക്ഷ നിങ്ങളെ ചിലപ്പോൾ ജയിൽ വരെ എത്തിച്ചേക്കാം.

പോള്‍ ബൂത്ത്
തെരെഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്ത ഒരു ഫോട്ടോ എടുത്ത് പോസ്റ്റുന്നത് നമുക്ക് നിർബദ്ധമുള്ള കാര്യമാണ്. കയ്യിലെ മഷി അടയാളം അന്നത്തെ ദിവസത്തെ ആഘോഷമാണ് നമുക്ക്. ആ ഫോട്ടോ പ്രശ്നമില്ല കേട്ടോ. പ്രശ്നം പോളിംഗ് ബൂത്തിന് സമീപത്ത് നിന്നോ മുന്നിൽ നിന്നോ സെൽഫി എടുക്കുന്നതിനാണ്. മാത്രവുമല്ല, തെരെഞ്ഞെടുപ്പ് ബൂത്തിന്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാനോ അനുവാദമില്ല. പോളിംഗ് ബൂത്ത് സെൽഫി നിരോധിത മേഖലയാണ്. ഈ നിയമം ലംഘിച്ചാൽ ജനപ്രതിനിധി നിയമ പ്രകാരം കേസ് എടുക്കാം.

മറൈന്‍ ഡ്രൈവ് പ്രൊമനേഡ്
അശ്രദ്ധമൂലം വരുത്തിവെക്കുന്ന അപകടങ്ങളാണ് മിക്ക സ്ഥലങ്ങളെയും സെൽഫി നിരോധിത മേഖലകളാക്കി മാറ്റാൻ കാരണം. മുംബൈയിൽ മാത്രം 16 വിനോദ സഞ്ചാരമേഖലകളിലാണ് സെൽഫി നിരോധിച്ചിരിക്കുന്നത്. അതിലൊന്നാണ് മറൈൻ ഡ്രൈവ്. മറൈൻ ഡ്രൈവ് കൂടാതെ ഗിർഗാം ചൗപാട്ടി, ബാന്ദ്ര ബാൻഡ്സ്റ്റാൻഡ് എന്നിവ ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ സെൽഫി നിരോധിത മേഖലയാണ്.

ഗോവ ബീച്ച്
ഞെട്ടണ്ട, സെൽഫി എടുക്കുന്നതിനല്ല വിലക്ക്. മറിച്ച് മഴക്കാലത്തോ അല്ലെങ്കിൽ ഉയർന്ന വേലിയേറ്റ സമയത്തോ അവിടെ കടൽത്തീരത്ത് നിന്ന് സെൽഫി എടുക്കാനോ കടലിൽ നീന്താനോ അനുവാദമില്ല. അപകടം ഒഴിവാക്കാൻ വേണ്ടി ഗോവയുടെ തീരപ്രദേശങ്ങളിലെ ചില പോയിന്റുകൾ നോ സെൽഫി സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയും ശക്തമായ കാറ്റും ഇടിമിന്നലും ഉള്ള സമയങ്ങളില്‍ ഈ പ്രദേശങ്ങളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കാണ്. ഗോവ സംസ്ഥാനത്തൊട്ടാകെ 24 സ്ഥലങ്ങളാണ് സെൽഫി നിരോധിത മേഖലകൾ.