മലയാളി കണ്ടുപിടുത്തം “ഗ്ലിറ്റർ ബെൽറ്റ്”

ആഗോളതാപനം, അന്തരീക്ഷ മലിനീകരണം, ഉയർന്നുവരുന്ന താപനില ഇവയെല്ലാം ഭൂമിയിൽ സൃഷ്ടിയ്ക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അന്താരാഷ്ട്രതലത്തിൽ പോലും നിരവധി ചർച്ചകളാണ് നടക്കുന്നത്. ഇതിനിടയിൽ ശ്രദ്ധനേടിയ കണ്ടുപിടിത്തമാണ് ഗ്ലിറ്റർ ബെൽറ്റ്.

ഗ്ലിറ്റർ ബെൽറ്റിനെ കുറിച്ചറിയാം. ഇൻഫ്രാറെഡ് ഉൾപ്പെടെയുള്ള സൂര്യരശ്മികൾ ഭൂമിയിൽ പതിക്കുന്നത് നിയന്ത്രിക്കാൻ വേണ്ടി മലയാളി ശാസ്ത്രജ്ഞൻ കണ്ടുപിടിച്ച ഉപകരണമാണിത്. എയ്റോസ്പേസ് ശാസ്ത്രജ്ഞനായ ഡോക്ടർ നാരായണമേനോൻ കോമരത്ത് ആണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. അദ്ദേഹത്തിന്റെ ഈ ഉപകരണത്തിന് അമേരിക്കയിൽ പേറ്റന്റ് ലഭിച്ചിട്ടുണ്ട്.

എങ്ങനെയാണ് ഇതുപയോഗിച്ച് സൂര്യരശ്മികളെ നിയന്ത്രിക്കുന്നത് എന്നല്ലേ? ഭൂമിയിൽ നിന്ന് ഒരുലക്ഷത്തോളം അടി ഉയരത്തിൽ സ്ഥാപിക്കുന്ന വ്യോമപേടകത്തിൽ വെക്കുന്ന കനം കുറഞ്ഞ ലോഹ പാളികളാണിത്. പ്രതിഫലന ശേഷിയുള്ള ഈ ലോഹപാളികൾക്ക് അതിലേക്ക് വീഴുന്ന സൂര്യരശ്മികളെ അതെ ശക്തിയിൽ തിരിച്ചയക്കാൻ സാധിക്കും. ഇതിലൂടെ ആഗോളതാപനവും അതുമൂലം ഭൂമിയിൽ ഉണ്ടാകുന്ന പ്രശ്നനങ്ങൾക്കും അന്തരീക്ഷ മലിനീകരണത്തിനുമെല്ലാം പരിഹാരം കാണാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ.

ഒന്നിലേറെ പേടകങ്ങൾ ചേർത്ത് വലിയക്കുട പോലെ നിവർത്താനും സൂര്യന്റെ ദിശയ്ക്കനുസരിച്ച് ക്രമീകരിക്കാനും ഇതുകൊണ്ട് സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ ഉപകരണത്തെ നിരീക്ഷിക്കാൻ ഭൂമിയിൽ പ്രത്യേക സ്റ്റേഷൻ സ്ഥാപിക്കണം. ആഗോളതാപനത്തിന് ഇതൊരു ശാശ്വത പരിഹാരമല്ലെങ്കിലും അതുമൂലമുള്ള നിലവിലെ പ്രശ്നങ്ങൾ നിയന്ത്രണ വിധേയമാക്കാൻ ഇതുകൊണ്ട് സാധിക്കും. ബഹിരാകാശ ദൃശ്യങ്ങളിൽ ഇത് തിളങ്ങുന്ന ബെൽറ്റ് പോലെ കാണപ്പെടുന്നതിനാലാണ് ഇതിന് ഗ്ലിറ്റർ ബെൽറ്റ് എന്ന പേര് വീണത്.

ആരാണ് ഡോക്ടർ നാരായണ മോനോൻ കോമരത്ത്?

തൃശൂർ പെരിങ്ങാവിലാണ് നാരായണ മേനോൻ ജനിച്ചത്. കെമിക്കൽ എൻജിനീയറിങ്ങിൽ മദ്രാസ് ഐ ഐ ടി യിൽ നിന്ന് ബിരുദം നേടിയ നാരായണ മേനോൻ പിന്നീട് ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് ഏയ്റോസ്പേസ് എന്‍ജിനീയറിങ്ങിൽ പിഎച്ച്‌.ഡി നേടി. ജോർജിയ യൂണിവേഴ്സിറ്റിയുടെ വകുപ്പുതല മേധാവിയായാണ് വിരമിച്ചത്. ഭാര്യ പത്മ സോഫ്റ്റ്വെയർ എൻജിനിയർ ആയിരുന്നു

Leave a Reply

Your email address will not be published.