ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത പൈലറ്റ്!!

സ്വപ്നങ്ങൾക്ക് വയസില്ല എന്നു പറയുന്നത് കേട്ടിട്ടില്ലേ? പ്രായ കൂടുതലും കുറവൊന്നും സ്വപ്നങ്ങൾക്കൊരു തടസമല്ല. കഴിവും പ്രയത്‌നവും കൊണ്ടും വിജയം കൈപ്പിടിയിൽ ഒതുക്കിയ നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. തന്റെ സ്വപ്‌നങ്ങളെ കൈപ്പിടിയിലാക്കി മാതൃകയും പ്രചോദനവുമായ ഒരു ഇരുപത്തിയഞ്ചുകാരിയെ പരിചയപ്പെടാം…

അയേഷ അസീസ്.. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത പൈലറ്റാണ് അയേഷ അസീസ്. 2011 ൽ ലൈസൻസ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥി പൈലറ്റ് എന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ബോംബെ ഫ്ളയിങ് ക്ലബ്ബിൽ നിന്നാണ് ഏവിയേഷനിൽ അയേഷ ബിരുദം കരസ്ഥമാക്കിയത്. റഷ്യയിലെ സോകോൾ എയര്‍ബേസില്‍ മിഗ്-29 പറത്താനുള്ള പരിശീലനവും നേടിയിട്ടുണ്ട്.

അയേഷ ജനിച്ചത് കാശ്മീരിലാണെങ്കിലും മുംബൈയിലെ വെർലിയിലാണ് വളർന്നത്. മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന കൊച്ചുകുടുംബമാണ് അയേഷയുടേത്. അവളുടെ സ്വപ്നങ്ങൾക്ക് കുടുംബം ഒരുപോലെ കൂടെ നിന്നു. “ഒരിക്കൽ ഞാൻ അച്ഛനോട് എനിക്ക് പൈലറ്റ് ആകാനാണ് ആഗ്രഹം എന്നുപറഞ്ഞപ്പോൾ അദ്ദേഹമാണ് എന്റെ കൂടെ നിന്നതും എനിക്കായി ആ വഴി തുറന്നു വെച്ചതും. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം എന്നെ ഇതിലേക്ക് നയിക്കുകയും ചെയ്തു” – അയേഷ പറയുന്നു.

അയേഷയുടെ പിതാവ് ഒരിക്കൽ കുറിച്ചതിങ്ങനെ “മക്കൾക്കൊരു സ്വപ്നമുണ്ടെങ്കിൽ, അത് നേടി എടുക്കാൻ സാധിക്കുന്നതാണെങ്കിൽ, ആ സ്വപ്നത്തിലേക്കുള്ള അവരുടെ വളർച്ചയുടെ ഭാഗമാകുകയും അത് സാക്ഷാത്കരിക്കാൻ കൂടെ നിൽക്കേണ്ടതുമുണ്ട്. അവിടെ നിന്നാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി അയേഷ വളർന്നു വന്നത്.

ചെറുപ്പം മുതലേയുള്ള എന്റെ ആഗ്രഹമായിരുന്നു പൈലറ്റ് ആകുക എന്നത്. അതൊരു എളുപ്പമുള്ള പണിയല്ലെന്നും തനിക്ക് അറിയാമായിരുന്നു. പക്ഷെ അതെന്റെ സ്വപ്നം ആയിരുന്നു. അതിലെ എല്ലാ വെല്ലുവിളികളും ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. യാത്രികരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്ന ഉത്തരവാദിത്വം എന്റെ കൈകളിലാണ്. ആ ഉത്തരവാദിത്വം എല്ലാ ഇഷ്ടത്തോടെ കൂടെയുമാണ് ഞാൻ ഏറ്റെടുക്കുന്നത് എന്നാണ് അയേഷയുടെ വാക്കുകൾ.

Leave a Reply

Your email address will not be published.