‘ബിട്ടു’ സമൂഹത്തിന് നേരെ ഉയർത്തുന്ന ചോദ്യങ്ങൾ

ഓസ്‌കാർ വേദിയിൽ ഇടം പിടിച്ച കരിഷ്മ ഡ്യൂബെ എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ബിട്ടു. ഈ പതിനാറ് മിനിറ്റുള്ള ചിത്രം പ്രേക്ഷകന് എന്ത് സമ്മാനിച്ചു എന്നുള്ള ചോദ്യത്തിന്റെ മറുപടിയാണ് ഓസ്കാർ വേദിയിലേക്കുള്ള ചിത്രത്തിന്റെ എൻട്രി. പതിനാറ് മിനുറ്റ് സ്ക്രീനിലും ബാക്കിയുള്ള സമയം ഹൃദയത്തിലും ഈ ചിത്രം സ്ഥാനം നേടി എന്നുവേണം പറയാൻ. രണ്ട് പെൺകുട്ടികളുടെയും അവരുടെ തീവ്ര സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രം ഒരു നോവ് മാത്രമാണ് ബാക്കിവെക്കുന്നത്. ചിന്തിക്കാനും ചോദ്യം ചെയ്യാനും പ്രേക്ഷകന് സ്വാതന്ത്ര്യം നൽകികൊണ്ട് പടം അവസാനിക്കുന്നു.

ഒരു മുഴുനീളൻ പടത്തിനുള്ള സാധ്യത ഈ കഥാതന്തുവിന് ഉണ്ടായിട്ടുകൂടി പതിനാറ് മിനുട്ടിൽ അതെ അനുഭൂതി പ്രേക്ഷകന് സമ്മാനിക്കുന്നതിൽ കരിഷ്മ വിജയിച്ചു എന്നുള്ളതിൽ പടം കണ്ട പ്രേക്ഷകർക്ക് ആർക്കും തന്നെ തർക്കമില്ല. 2013 ൽ ബിഹാറിൽ ഭക്ഷ്യവിഷബാധയേറ്റ് ഇരുപത്തിരണ്ട് കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവമാണ് ഈ കഥയുടെ അടിസ്ഥാനം. ഡെറാഡൂണിലെ കോട്ടി വില്ലേജിലാണ് ഈ പടം ചിത്രീകരിച്ചത്. സുഹൃത്താക്കളായി അഭിനയിച്ചത് റാണി, രേണു എന്നിവർ യഥാർത്ഥ ജീവിതത്തിൽ സഹോദരിമാരാണ്.

ബിട്ടുവും ബിട്ടുവിന്റെ സുഹൃത്ത് ചാന്ദുവിന്റെ സൗഹൃദവും സ്‌കൂളിൽ നടക്കുന്ന അപകടവും അധികൃതരുടെ അശ്രദ്ധമൂലം ജീവൻ പൊഴിഞ്ഞ വിദ്യാർത്ഥികളെ കുറിച്ചുമാണ് ചിത്രം സംസാരിക്കുന്നത്. എല്ലാത്തിനോടും പരുക്കൻ രീതിയിൽ പെരുമാറുന്ന എട്ടുവയസുകാരി ബിട്ടു അവളുടെ സുഹൃത്ത് ചാന്ദ്, അദ്ധ്യാപകൻ എന്നിവരിലൂടെ തുടങ്ങുന്ന കഥ പെട്ടെന്നൊരു ദുരന്തത്തിലൂടെ അവസാനിക്കുന്നു.

അവരോടൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷകന് സിനിമയുടെ സ്വഭാവം ഉൾകൊണ്ട് പടത്തോടൊപ്പം സഞ്ചരിക്കാൻ പറ്റുന്നിടത്ത് ഈ 16 മിനുട്ട് കൊണ്ട് കരിഷ്മ ഡ്യൂബെ വിജയിച്ചു. സമൂഹത്തിന് നേരെ നിരവധി ചോദ്യങ്ങളാണ് ബിട്ടു ഉയർത്തുന്നത്.

Leave a Reply

Your email address will not be published.