കൈയടിയോടെ സ്വീകരിച്ച് സോഷ്യൽ മീഡിയ…

സോഷ്യൽ മീഡിയ കൈയ്യടിച്ച ഒരു മുപ്പത്തിമൂന്ന് വയസുകാരിയെ പരിചയപ്പെടാം. ചാർലിൻ ലെസ്ലി എന്നാണ് യുവതിയുടെ പേര്. എന്താണ് സംഭവം എന്നല്ലേ? നോക്കാം… മഞ്ഞ് മൂടിയ കുന്നിൻ മുകളിലേക്ക് കയറാൻ പറ്റാതെ ഗ്രഹാംസ് ഡയറി പ്രൊഡക്‌സിന്റെ ടാങ്കർ ലോറി ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ലെസ്ലി തന്റെ മൂന്ന് മക്കളുമായി ആ വഴിയ്ക്ക് വന്നത്.

ലോറി പിറകോട്ട് ഉരുണ്ട് അപകടം സംഭവിക്കാൻ സാധ്യത ഉണ്ടായിരുന്നു. ലോറി കയറ്റാൻ ബുദ്ധിമുട്ടുന്നത് കണ്ട ലെസ്ലി ഒന്നും ആലോചിക്കാതെ ലോറി തള്ളിക്കയറ്റാൻ സഹായിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

“സൂപ്പർ വുമൺ” എന്നാണ് ലെസ്ലിയെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. ലെസ്ലിയുടെ പ്രവർത്തിയെ അഭിനന്ദിച്ച് കമ്പനി അധികൃതരും രംഗത്തെത്തി. ലെസ്ലിയ്ക്ക് ഒരു വർഷത്തേക്ക് ഡയറി പ്രോഡക്ട് സമ്മാനമായി കൊടുക്കാൻ ഇതോടെ കമ്പനി തീരുമാനിച്ചിരിക്കുന്നു. യുവതിയുടെ ധൈര്യത്തേയും ദയയെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

സമീപ പ്രദേശത്തെ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയാണ് ലെസ്ലി. മൂന്ന് മക്കളാണ് ലെസ്ലിയ്ക്കുള്ളത്. ആ സമയത്ത് മക്കളായ രഹാനയും ഹണ്ടറും അവർക്കൊപ്പം ഉണ്ടായിരുന്നു. സമ്മാനം ആഗ്രഹിച്ചല്ല താൻ ഇത് ചെയ്തതെന്നും എന്നാൽ കമ്പനിയുടെ ഭാഗത്ത് നിന്നുള്ള അംഗീകാരം തന്നെ സന്തോഷിപ്പിച്ചെന്നും ലെസ്ലി പറഞ്ഞു. തന്റെ മക്കളെയും ഇത് തന്നെയാണ് പഠിപ്പിക്കുന്നത്. ആരെങ്കിലും അപകടത്തിൽപെട്ടത് കണ്ടാൽ അവരെ സഹായിക്കാതിരിക്കരുത്.

ഒരു വലിയ പാഠമാണ് ലെസ്ലി സമൂഹത്തിന് സമ്മാനിച്ചിരിക്കുന്നത്. സ്വാർത്ഥതയുടെ ഈ ലോകത്ത് ദയയുടെ ചില മുഖങ്ങൾ.

Leave a Reply

Your email address will not be published.