സൈക്ലിങ്ങിൽ ഇന്ത്യ ചുറ്റാൻ നാല്പത്തിരണ്ടുകാരി…
സൈക്കിളിളിൽ സഞ്ചരിച്ച് ഗിന്നസ് റെക്കോർഡ് നേടാനൊരുങ്ങി യുവതി. പുണെ സ്വദേശിനി പ്രീതി മാസ്കെയാണ് 30 ദിവസം കൊണ്ട് 6000 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഇരുപത്തിരണ്ട് ദിവസം കൊണ്ട് ഈ ലക്ഷ്യം സ്വന്തമാക്കണമെന്നാണ് പ്രീതിയുടെ ആഗ്രഹം. ഇന്ത്യയിലെ നഗരങ്ങളിലൂടെയാണ് പ്രീതിയുടെ സൈക്കിൽ യാത്ര.

ഷാനിവർ വാഡയിൽ നിന്ന് ഫെബ്രുവരി 27 ന് പ്രീതി യാത്ര തുടങ്ങും. സ്ത്രീ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാൽപത്തിരണ്ടുകാരി പ്രീതി സൈക്കിൾ യാത്രയ്ക്ക് തുടക്കമിടുന്നത്. രണ്ട് മക്കളാണ് പ്രീതിയ്ക്ക്. ഇരുപത്തി ഒന്ന് വയസ്സുള്ള മകളും പത്തൊൻമ്പത് വയസ് പ്രായമുള്ള മകനും. കൂടാതെ സംരംഭക കൂടെയാണ് പ്രീതി. പ്രായം ആഗ്രഹ സാഫല്യത്തിന് ഒരു തടസ്സമല്ലെന്നും സ്വപ്നങ്ങൾക്കായി പ്രവർത്തിക്കണമെന്നും പ്രീതി പറയുന്നു.

പുണെ മുതൽ ബെംഗലൂരു–ചെന്നൈ–കൊൽക്കത്ത–ഡൽഹി–രാജസ്ഥാൻ–മുംബൈ വഴിയാണ് യാത്ര. അന്താരാഷ്ട്ര വനിതാദിനത്തിന് മുന്നോടിയായാണ് ഈ സോളോ യാത്രയ്ക്ക് തുടക്കമിടുന്നത്. നാല്പതാം വയസിലാണ് പ്രീതി അന്താരാഷ്ട്ര ഓട്ടമത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചത്. 2017 ൽ മലേഷ്യയിൽ വെച്ച് നടന്ന ഏഷ്യ പസഫിക് മാസ്റ്റേഴ്സ് അത്ലറ്റിക്സ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുകയും രണ്ട് സ്വർണ്ണ മെഡൽ സ്വന്തമാക്കുകയും ചെയ്തു. കൂടാതെ അഞ്ച് ഫുൾ മാരത്തണും രണ്ട് 100കെ അൾട്രാസ്, 30 ഹാഫ് മാരത്തണും തുടങ്ങി നിരവധി സൈക്ലിങ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.