സുന്ദരഭൂമി മറച്ചുവെക്കുന്ന അത്ഭുത കഥകൾ; അറിയാം ലോംഗിയർബൈന് നഗരത്തെ…
ആരും മരിക്കാത്ത നഗരമോ? കേൾക്കുമ്പോൾ തന്നെ അതിശയം തോന്നുന്നില്ലേ. എന്നാൽ അങ്ങനെ ഒരിടമുണ്ട്. അങ്ങ് നോർവേയിൽ സ്വാൽബാർഡ് എന്നറിയപ്പെടുന്ന ദ്വീപ് സമൂഹത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ ദീപ് സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്. ഈ സ്ഥലം അറിയപ്പെടുന്നത് ലോംഗിയർബൈന് എന്നാണ്.
നോർവേയിൽ നിന്ന് തന്നെ ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന സ്ഥലമാണിത്. കയാക്കിങ്, സ്നോമൊബൈൽ, ഹൈക്കിങ് ഡോഗ്സ്ലെഡ്ജിങ് തുടങ്ങി നിരവധി വിനോദങ്ങളാണ് ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ഇവിടെക്കുള്ള സന്ദർശനം സഞ്ചാരികളെ നിരാശരാക്കില്ല എന്നത് തന്നെയാണ് ഇവിടം ലോകശ്രദ്ധ നേടാനുള്ള കാരണവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇങ്ങോട്ടേക്ക് ആളുകൾ എത്താറുണ്ട്. ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം ഇവിടുത്തെ കാലാവസ്ഥ തന്നെയാണ്. എന്താണന്നല്ലേ?

ഏപ്രിൽ പതിനെട്ടു മുതൽ ഓഗസ്റ്റ് ഇരുപത്തിമൂന്ന് വരെയുള്ള ദിവസങ്ങളിൽ അർധരാത്രിയും സൂര്യനെ കാണാൻ സാധിക്കും. ഒക്ടോബർ 27 മുതൽ ഫെബ്രുവരി 15 വരെയുള്ള ദിവസങ്ങളിൽ ധ്രുവരാത്രികളാണ്. നവംബർ മുതൽ മാർച്ച് വരെ മൂടൽ മഞ്ഞും. ഈ വ്യത്യസ്ത കാലാവസ്ഥയും സ്ഥലത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. എന്തുകൊണ്ടാണിത് ആരും മരിക്കാത്ത നഗരം എന്നറിയപെടുന്നതെന്ന് ചിന്തിച്ചിട്ടില്ലേ?
ലോംഗിയർബൈനിൽ താപനില വളരെ കുറവാണ്. കൂടാതെ പെർമാഫ്രോസ്റ്റും. ഇതുകൊണ്ട് മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. കാരണം മണ്ണിനടിയിൽ ഒരു കേടുപാടും സംഭവിക്കാതെ മൃതദേഹങ്ങൾ അങ്ങനെ തന്നെ കിടക്കും. കഴിഞ്ഞ എഴുപത് വർഷമായി ഇവിടെ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത് വിലക്കിയിരിക്കുകയാണ്. വേനൽക്കാലങ്ങളിൽ പോലും ഇവിടുത്തെ ഐസ് പാളികൾ ഉരുകാറില്ല.

അതിസുന്ദരമായ ഈ നഗരത്തിന് പിന്നിലെ കഥ അല്പം ഭയാനകമാണ്. 1917 ൽ ഈ നഗരത്തിൽ പകർച്ചവ്യാധി പിടിപെട്ടു. മൂന്ന് വർഷത്തിന് ശേഷമാണ് നഗരം രോഗമുക്തമായത്. നിരവധി പേർ അന്ന് രോഗം ബാധിച്ച് മരണപ്പെട്ടു. അവരുടെ മൃതദേഹങ്ങൾ ഇവിടുത്തെ സെമിത്തേരിയിൽ അടക്കവും ചെയ്തു. പിന്നീട് പതിമൂന്ന് വർഷത്തിന് ശേഷമാണ് മൃതദേഹങ്ങൾക്ക് ഒരു കേടുപാടും സംഭവിച്ചില്ലെന്ന് അധികാരികൾ മനസിലാക്കുന്നത്. ഇതോടെ ശവം പുറത്തെടുത്താൽ പകർച്ചവ്യാധി വീണ്ടും തിരിച്ചെത്തുമോ എന്ന ഭീതിയും ആളുകൾക്കിടയിൽ തുടങ്ങി. സെമിത്തേരി പിന്നീട് അടച്ചുപൂട്ടുകയാണ് ചെയ്തത്. അതോടെ മണ്ണിനടിയിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് നിർത്തലാക്കാക്കി. പകരം മൃതദേഹങ്ങൾ കത്തിച്ച് ചാരമാക്കുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ ആരെങ്കിലും മരിച്ചാൽ ഇവിടെ അടക്കം ചെയ്യാൻ സാധിക്കില്ല.