നിയമസഭാ തെരഞ്ഞെടുപ്പിലെ ട്രാൻസ്‌ജെൻഡർ സാന്നിധ്യം; തിരുത്തി കുറിയ്ക്കുന്ന ചരിത്രം..

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് നമ്മൾ. മാറ്റത്തിന് വേണ്ടിയും മാറ്റങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. വിധി നിർണയിക്കാൻ ജനങ്ങളും തയ്യാറാണ്. ഇതിൽ പ്രധാനപെട്ട മാറ്റം നടക്കുന്നത് അങ്ങ് മലപ്പുറത്താണ്. നിയമസഭയിലേക്ക് മത്സരിക്കുന്ന കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി മലപ്പുറത്ത് നിന്നാണ്. പേര് അനന്യ കുമാരി അലക്സ്. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയ്ക്ക് വേണ്ടിയാണ് അനന്യ മത്സരിക്കുന്നത്.

നിയമസഭയിലേക്കുള്ള ആദ്യത്തെ ട്രാൻസ്‌ജെൻഡർ വ്യക്തിയെന്ന പ്രത്യേകത മാത്രമല്ല അനന്യയ്ക്കുള്ളത്. അനന്യ നേരിടുന്നത് മുസ്‌ലിം ലീഗ് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടിയെ ആണ്. ഇടത് സ്ഥാനാർത്ഥി പി ജിജിയാണ്. എല്ലാ സൂക്ഷമ പരിശോധനയും കഴിഞ്ഞ് അനന്യയുടെ പത്രിക സ്വീകരിച്ചു കഴിഞ്ഞു. കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി മലപ്പുറത്തെ വേങ്ങര മണ്ഡലം മാറിയിരിക്കുകയാണ്.

കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ് വ്യക്തി മത്സരങ്ങളിൽ പങ്കെടുക്കുന്നത്. വിദേശ രാജ്യങ്ങളിൽ ട്രാൻസ് വ്യക്തികൾ ഉന്നത പദവികൾ വഹിക്കുന്നുണ്ടെങ്കിലും നമ്മുടെ രാജ്യത്ത് ഇത് അത്ര പരിചിതമായ കാര്യമല്ല. പുതിയ മാറ്റങ്ങൾക്കും തീരുമാനങ്ങൾക്കും ഇത് വഴിവെക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എല്ലാ വെല്ലുവിളികളും നേരിടാൻ തയ്യാറായി തന്നെയാണ് അനന്യ മത്സര രംഗത്തേക്ക് ഇറങ്ങുന്നത്. ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നതെങ്കിലും ജയം മാത്രമല്ല ഇതിന്റെ ലക്ഷ്യം. തന്റെ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കണം. അവരുടെ കൂടെ ശബ്ദമാകണം എന്നാണ് തന്റെ ആഗ്രഹമെന്നും അനന്യ പറയുന്നു.

പ്രതിനിധിയാകുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ഒരു കോണിൽ ഒതുങ്ങി ജീവിക്കാനല്ല. തന്റെ മത്സരം ചരിത്രത്തിന്റെ കൂടെ ഭാഗമാകണം. ജയിച്ചു കഴിഞ്ഞാൽ സമൂഹത്തിന് വേണ്ടി തന്നാൽ കഴിയുന്നത് ചെയ്യണം. മാറ്റിനിർത്തപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കണം. കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ റേഡിയോ ജോക്കി കൂടിയായ അനന്യ പറയുന്നു.

Leave a Reply

Your email address will not be published.