കുറുമ്പ് അല്പം കൂടുതലാണ്; വൈറലായി ആനക്കുട്ടന്മാരുടെ തല്ലുപിടുത്തം

സോഷ്യൽ മീഡിയയിൽ വൈറലായി ആനക്കൂട്ടത്തിന്റെ കൊമ്പുകോർക്കൽ. ചൈനയിലാണ് സംഭവം നടക്കുന്നത്. സംഭവം ഇതിനോടകം വൈറലായിരിക്കുകയാണ്. ആനക്കുട്ടന്മാരുടെ കുറുമ്പ് നിറഞ്ഞ വീഡിയോ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഈ കുറുമ്പന്മാർ പരസ്പരം ചവിട്ടിയും തൊഴിച്ചുമൊക്കെയാണ് ഇവർ നടന്നു നീങ്ങുന്നത്. ഇവരുടെ കുറുമ്പിന്റെ നിമിഷങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

സിഷ്വങ്ബന്ന എന്ന വന്യമൃഗ സങ്കേതത്തിൽ നിന്ന് യാത്ര തിരിച്ചതാണ് ഈ ആനക്കൂട്ടം. ചൈന-മ്യാന്മാർ അതിർത്തിയിലാണ് ഈ വന്യമൃഗ സങ്കേതം ഉള്ളത്. 2020 മാർച്ചിലാണ് 16 ആനകൾ ചേർന്ന് യാത്ര തുടങ്ങിയത്. ഇതിൽ രണ്ട് പേർ 100 കിലോമീറ്റർ പിന്നിട്ടതോടെ യാത്ര മതിയാക്കി മടങ്ങിപ്പോയി. ബാക്കിയുള്ള 14 പേരുമായി ആനക്കൂട്ടം യാത്ര തുടർന്നു. പിന്നീട് ഒരു കുട്ടിയാന കൂടെ പിറന്നതോടെ ആനകളുടെ എണ്ണം പതിനഞ്ചായി. ഇപ്പോൾ ഈ ആനക്കൂട്ടം കുൻമിങ്ങ് നഗരത്തിൽ നിന്ന് മടങ്ങിപോകുകയാണ്. കുൻമിങ് നഗരത്തിന്റെ തെക്കുഭാഗത്തുള്ള യൂക്സി പട്ടണത്തിനു സമീപം ഷിജി ടൗൺഷിപ്പിലൂടെയാണ് ഇവരുടെ യാത്ര. ഇതിനോടകം ഒരു അഞ്ഞൂറ് മീറ്ററെങ്കിലും ആനക്കൂട്ടം സഞ്ചരിച്ച് കാണും.

ഇതിന് മുമ്പും ഇവർ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വളരെ ചിട്ടയോടു കൂടിയാണ് ഇവരുടെ യാത്ര. തിരക്കുള്ള പ്രദേശങ്ങളിൽ പോലും സമാധാനത്തോടെയാണ് ഇവർ യാത്ര ചെയ്യുന്നത്. ഇവർക്ക് വേണ്ട ഭക്ഷണവും സൗകര്യങ്ങളും ഒരുക്കി സർക്കാരും ഇവരുടെ യാത്രയ്ക്ക് പിന്തുണ നൽകി ഒപ്പമുണ്ട്. തിരക്കുള്ള നഗരങ്ങളിൽ ഇവർ എത്തുമ്പോൾ ബ്ലോക്കുകളും മറ്റു ഒഴിവാക്കി ഇവർക്ക് വഴിയൊരുക്കാറുണ്ട്. ഇവരെ നിരീക്ഷിക്കാനായി 630 പേരടങ്ങുന്ന സംഘത്തെ വിവിധ ടീമുകളായി ഇവരുടെ സുരക്ഷയ്ക്കായി പിന്നണിയിലുണ്ട്. 103 വാഹനങ്ങളും 14 ഡ്രോണുകളും ഇവരുടെ നിരീക്ഷണത്തിനായി ഏർപ്പാടാക്കിയിട്ടുണ്ട്. ഇതുമാത്രമല്ല ഇവരുടെ പ്രിയ ഭക്ഷണവും സർക്കാർ ഇവർക്കായി ഒരുക്കി നല്കുന്നുണ്ട്. ദിവസവും 120 കിലോ ഭക്ഷണമാണ് ഇവർക്കായി എത്തിച്ചു നൽകുന്നത്.

സമാധാനപരമായ ഇവരുടെ യാത്രയെങ്കിലും പോകുന്ന വഴിയ്ക്ക് ഇവർ ചില്ലറ പ്രശ്നങ്ങളും ഒപ്പിക്കുന്നുണ്ട്. ചില കൃഷിയിടങ്ങൾക്ക് നാശം സംഭവിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. സാധാരണ ഗതിയിൽ ആനകൾ ജന്മ സ്ഥലം വിട്ട് കൂട്ടത്തോടെ പാലായനം ചെയ്യാൻ ഇഷ്ടപെടാത്തവരാണ്. പുതിയ ദേശം തേടിയുള്ള ഇവരുടെ യാത്രയ്ക്ക് പൂർണ പിന്തുണ നൽകുന്നുണ്ട് സർക്കാരും ജനങ്ങളും. ഇവരെ ഉപദ്രവിക്കുന്നവർക്കും യാത്രയ്ക്ക് തടസ്സം നിൽക്കുന്നവർക്കും ശിക്ഷയും പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടിലെ തീറ്റ ലഭിക്കാത്തതിനാൽ കാടുവിട്ടതാണെന്നും വനനശീകരണം മൂലം യാത്ര തിരിച്ചതാണെന്നും തുടങ്ങി നിരവധി ഊഹാപോഹങ്ങളും ഇവരുടെ യാത്രയെ ചുറ്റിപറ്റി നടക്കുന്നുണ്ട്.എന്താണെങ്കിലും ആനക്കുറുമ്പന്മാരുടെ യാത്രയുടെ ദൃശ്യങ്ങൾക്ക് നിരവധി ആരാധകരാണ്.

Leave a Reply

Your email address will not be published.