3700 ചതുരശ്ര അടി വിസ്തീർണം; എണ്ണിയാൽ തീരാത്ത വിശേഷണങ്ങളുമായി ബബിൾ പാലസ്…
ലോകത്തെ തന്നെ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കാൻ ഇഷ്ടപെടുന്ന രാജ്യമാണ് ഫ്രാൻസ്. നിരവധി നിർമിതികൾ കൊണ്ടും കലാസൃഷ്ടികൾ കൊണ്ടും സമൃദ്ധമാണ് ഇവിടം. ഫ്രാൻസ് എന്ന് പറയുമ്പോൾ ഈഫിൾ ടവറാണ് മിക്കവരും ഓർക്കുന്നത്. ഈഫിൾ സുന്ദരമാണെന്നതിനെ കുറിച്ച് ആർക്കും തർക്കമില്ല. എന്നാൽ നിരവധി സുന്ദര കാഴ്ചകൾ വേറെയും ഫ്രാൻസിലുണ്ട്. അങ്ങനെ ഒരു അത്ഭുത സൃഷ്ടിയെ പരിചയപ്പെടുത്താം. പേര് ബബിൾ പാലസ് അഥവാ പലൈസ് ബുൾസ്. അതെ, പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇതൊരു കുമിള കൊട്ടാരമാണ്. കുമിളയുടെ ആകൃതിയിൽ പണി കഴിപ്പിച്ചതിനാലാണ് ഇതിന് കുമിള കൊട്ടാരം എന്ന് പേര് ലഭിച്ചത്. ഈ കൊട്ടാരത്തിന് കോണുകളോ അരികുകളോ ഇല്ല. ഒരുകൂട്ടം കുമിളകൾ ചേർന്നിരിക്കുന്നത് പോലെയാണ് ഈ പാലസ് പണികഴിപ്പിച്ചിരിക്കുന്നത്.
ഫ്രാൻസിലെ മനോഹര കാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികളുടെ ഇഷ്ട സ്ഥലം കൂടിയാണിത്. വിചിത്ര നിർമിതിയായാണ് സഞ്ചാരികൾ ഇതിനെ വിശേഷിപ്പിക്കുന്നത്. പിയറി ബെർണാഡി എന്ന ഫ്രഞ്ച് വ്യവസായിയാണ് ഇതിന്റെ ഉടമ. പിയറിയുടെ നിർദ്ദേശ പ്രകാരം ഇങ്ങനെയൊരു കൊട്ടാരം ഹംഗേറിയൻ ആർക്കിടെക്ട് ആന്റി ലോവാഗ് രൂപകൽപന ചെയ്തുകൊടുക്കുകയായിരുന്നു. പ്രാചീന മനുഷ്യരുടെ താമസരീതിയായ ഗുഹകൾ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഈ പാലസ് പണികഴിപ്പിച്ചിരിക്കുന്നത്. നിർമ്മാണം പ്രാചീന രീതിയിലാണെങ്കിലും ഇതിനകത്ത് അതിനൂതന സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. 1975-1989 കാലഘട്ടത്തിനിടയ്ക്കാണ് ഇത് പണികഴിപ്പിച്ചതെന്നാണ് പറയുന്നത്. 1991 ൽ പിയറി ബെർണാഡ് മരണമടയുകയും പിന്നീട് ഫാഷൻ ഡിസൈനർ പിയറി കാർഡിൻ ഇത് വാങ്ങിക്കുകയും ചെയ്തു.
ആകെ 39 മുറികളും 11 ബാത്റൂമും 3 നീന്തൽ കുളങ്ങളും 3700 ചതുരശ്ര അടി വിസ്തീർണമുള്ള സ്വീകരണ മുറിയുമാണ് ഇതിനകത്തുള്ളത്. ആകെ 13000 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീർണം. അതിമനോഹരമായ ഉദ്യാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുമിളകൊട്ടാരത്തിന് അകത്ത് പൂർണമായും ചേരുന്ന തരത്തിലാണ് ഫർണീച്ചറുകൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിനകത്ത് വൃത്താകൃതിയിലുള്ള ജനാലകളാണ് ഉപയോഗിച്ചിരിക്കുന്നത്. പാട്രിസ് ബ്രെറ്റോ, ജെറാർഡ് ക്ലോറക്, ഫ്രാങ്കോയിസ് ചോവിൻ എന്നീ കലാകാരന്മാരാണ് ഈ കൊട്ടാരത്തിനകത്തെ കലാസൃഷ്ടികൾ നിർമ്മിച്ചിരിക്കുന്നത്.
ഫ്രാൻസിലെ തിയോൾ സർ മെറിലെ ഒരു മലഞ്ചെരുവിലാണ് ഈ കുമിളകൊട്ടാരം സ്ഥിതിചെയ്യുന്നത്. ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയം ചരിത്ര സ്മാരകങ്ങളുടെ പട്ടികയിൽ ഈ കെട്ടിടം ഉൾപ്പെടുത്തിയിട്ടുണ്ട്. എഴുപതുകളിൽ പ്രസിദ്ധമായിരുന്ന ഫ്യുച്ചറിസ്റ് വസ്തുവിദ്യയിലാണ് ഇത് പണിതിരിക്കുന്നത്. ഹോളിവുഡ് സിനിമകളിലും ഈ കൊട്ടാരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.