ലോകത്തെ ഏറ്റവും പ്രായം കൂടിയ ആൾ; ഗിന്നസ് ബുക്കിൽ ഇടംനേടി എമീലിയോ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനെ പരിചയപ്പെടാം. എമീലിയോ ഫ്ലോറസ് മാർക്വിസ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. 113 വർഷമാണ് എമീലിയോയുടെ പ്രായം. പോർട്ടറിക്കോ സ്വദേശിയാണ് എമിലിയോ. 1908 ൽ പോർട്ടറീക്കോയിലെ കാരലീനയിലാണ് എമീലിയോ ജനിച്ചത്. ഏറ്റവും പ്രായം കൂടിയ പുരുഷൻ എന്ന പേരിലാണ് ഇപ്പോൾ എമീലിയോ ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുന്നത്. റുമേനിയക്കാരൻ ഡുമിത്രു കോമനെസ്കുവായിരുന്നു ഇതുവരെ ഈ സ്ഥാനം സ്വന്തമാക്കിയിരുന്നത്. 111 വർഷവും 219 ദിവസവുമായിരുന്നു ഡുമിത്രുവിന്റെ പ്രായം. ഈ കഴിഞ്ഞ വർഷം ജൂൺ 27 നാണ് ഇദ്ദേഹം മരണപ്പെട്ടത്.

എമീലിയോയെ കുറിച്ചറിയാം… കാരലീനയിലെ ഒരു സാധാരണ കുടുംബത്തിലാണ് എമീലിയോ ജനിച്ചത്. പതിനൊന്ന് സഹോദരങ്ങളാണ് എമീലിയോയ്ക്ക് ഉള്ളത്. അവരിൽ രണ്ടാമനായാണ് അദ്ദേഹം ജനിച്ചത്. വെറും മൂന്ന് വർഷം മാത്രമാണ് എമീലിയോ സ്‌കൂൾ വിദ്യാഭ്യാസം നേടിയിട്ടുള്ളത്. കരിമ്പിൻ തോട്ടത്തിലെ പണിക്കാരനായി ജീവിതമാർഗം കണ്ടെത്തി. തന്റെ ആയുസ്സിന്റെ രഹസ്യം ചോദിക്കുന്നവരോടൊക്കെ എമീലിയോയുടെ മറുപടി ഇങ്ങനെയായിരുന്നു “എല്ലാവരെയും സ്നേഹിക്കുക, ദൈവത്തിൽ വിശ്വസിക്കുക”. ഏറ്റവും പ്രിയപെട്ടവർക്കിടയിൽ എമീലിയോ ഡോൺ മിലോയെന്നാണ് അറിയപ്പെടുന്നത്.

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി നിലവിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരിക്കുന്നത് കനെ തനാകയാണ്. ജപ്പാൻ സ്വദേശിനിയാണ് കനെ. 117 വർഷവും 139 ദിവസവുമാണ് ഇവരുടെ പ്രായം. ഈ ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ച വ്യക്തിയെന്ന സ്ഥാനം സ്വന്തമാക്കിയത് ഫ്രഞ്ചുകാരി ജീൻ കാലമെന്റാണ്. 1997 ലായിരുന്നു ഇവരുടെ അന്ത്യം. 122 വർഷവും 164 ദിവസമാണ് ജീൻ ജീവിച്ചത്.

Leave a Reply

Your email address will not be published.