ഇതുവരെ പ്രത്യക്ഷപ്പെട്ടത് നൂറോളം ഗർത്തങ്ങൾ; കാരണം തേടി ശാസ്ത്രലോകം…

ഭൂമിയിൽ പ്രത്യക്ഷപെട്ട വിചിത്ര ഗർത്തങ്ങളാണ് മാധ്യമങ്ങളിലെ ചർച്ച വിഷയം. ഒരു സാധാരണക്കാരനിൽ നിരവധി സംശയങ്ങൾക്ക് വഴിവെക്കുന്ന ഈ വിചിത്ര പ്രതിഭാസത്തെ കുറിച്ചറിയാം. ഈ കഴിഞ്ഞ ജനുവരിയിൽ ക്രൊയോഷ്യയിലെ മസെന്‍കാനി എന്ന ഗ്രാമത്തിലാണ് ഇങ്ങെനെയൊരു ഗർത്തം ആദ്യം രൂപപ്പെട്ടത്. 30 മീറ്റർ ചുറ്റളവും 16 മീറ്റർ ആഴവുമുള്ള ഈ ഗർത്തം അവിടുത്തുകാർക്കിടയിൽ അത്ഭുതമായിരുന്നു. പെട്ടെന്നൊരു ഗർത്തം എങ്ങനെ രൂപപ്പെട്ടു എന്നതിൽ ആളുകൾക്കിടയിൽ ചോദ്യമുയർന്നു. അതിനുള്ള ഉത്തരം തേടി ശാസ്ത്രജ്ഞരും അവർക്കൊപ്പം കൂടി. എന്നാൽ ഈ ഗർത്തം ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട് നടന്നത് ഇതിന്റെ തുടർക്കഥയായിരുന്നു.

തുടർന്നുള്ള ആഴ്ചകളിൽ സമാനമായ പല മേഖലകളിലും ഈ ഗർത്തം കാണപ്പെട്ടു. ആദ്യ ഗർത്ത കണ്ടെത്തിയ ഗ്രാമം ക്രൊയോഷ്യയുടെ തലസ്ഥാന നഗരിയിൽ നിന്ന് നാല്പത് കിലോമീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നത്. പിന്നീട് സമീപ ഗ്രാമങ്ങളിലും ഈ ഗർത്തം പ്രത്യക്ഷപെട്ടു. സമീപത്തെ രണ്ട് ഗ്രാമങ്ങളിലായി 54 ഗർത്തങ്ങളാണ് പിന്നീടങ്ങോട്ട് കണ്ടെത്തിയത്. സിങ്ക് ഹോളുകൾ എന്നാണിത് അറിയപ്പെടുന്നത്. ഈ ഗർത്തങ്ങളെല്ലാം പല വലിപ്പങ്ങളിൽ ഉള്ളവയായിരുന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഏതാണ്ട് നൂറിലധികം ഗർത്തങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയതിനൊക്കെ പത്തടിയിൽ മുകളിലാണ് വിസ്തൃതി.

ചില ഗർത്തങ്ങൾ ചുറ്റുമുള്ള കെട്ടിടങ്ങളിൽ വിള്ളലുകൾ രൂപപ്പെടാനും കാരണമായിട്ടുണ്ട്. ഗർത്തത്തിന് പിന്നിലെ രഹസ്യം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. ക്രൊയോഷ്യയിൽ അനുഭവപ്പെടുന്ന ഭൂചലനങ്ങളിൽ നിന്നാകാം ഇത് രൂപപെട്ടതെന്ന് ഒരുപക്ഷം വാദിക്കുമ്പോഴും ഈ കാരണം മാത്രമാകില്ല ഇതിനു പിന്നില്ലെന്ന് മറ്റൊരു പക്ഷം പറയുന്നു. ക്രൊയോഷ്യയുടെ പ്രത്യേകതകളിൽ ഒന്നാണ് ഭൗമാന്തർ ഗുഹകൾ. നിരവധി ഭൗമാന്തർ ഗുഹകളാൽ സമ്പന്നമാണ് ഇവിടം. അതുകൊണ്ട് ഭൂമേഖലയുടെ സവിശേഷത കൂടിയാകാം സിങ്ക് ഹോളിന് പിന്നിലുള്ള കാരണമെന്നും ചിലർ അവകാശപ്പെടുന്നുണ്ട്.

ദശലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ട പ്രവർത്തനത്തിലൂടെ ഉരുകി ഒലിച്ച് രൂപപ്പെട്ട ചുണ്ണാമ്പുകല്ലുകളാണ് ഗുഹകളായി രൂപപ്പെട്ടത്. ഈ ഭൂമിയ്ക്കടിയിലെ ഗർത്തങ്ങൾക്കിടയിൽ ഏതാനും അടികൾ മാത്രം കട്ടിയുള്ള മണ്ണിന്റെ പാളികളാകും ഉണ്ടാവുക. ചെറുതായി നടക്കുന്ന ഭൂചലങ്ങൾ പോലും ഭൂമിയ്ക്ക്ങ്ങ അടിയിലെ ഗർത്തങ്ങളെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് പെട്ടെന്ന് ഉണ്ടാകുന്ന ഭൂചലനങ്ങൾ ഇത്തരം ഗർത്തങ്ങൾക്ക് കാരണമാകാം. എങ്കിലും എന്നെങ്കിലും ഒരിക്കൽ ഈ ഗർത്തങ്ങൾ രൂപപ്പെടാനുള്ള സാധ്യതയും ശാസ്ത്രലോകം തള്ളിക്കളയുന്നില്ല.

ശാസ്ത്ര ലോകത്തിന് കൗതുകം ആണെങ്കിലും ആളുകളിക്കിടയിൽ ഇത് ഭീതി ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് പലായനം ചെയ്യുന്നതിനെ പറ്റിയും ഇവിടുത്തുകാർ ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.