“ഒരു താരത്തിന് വേണ്ടിയും ഞാൻ സ്ലോ മോഷൻ വെക്കാറില്ല”; മാലിക്കിന്റെ വിശേഷങ്ങളുമായി സംവിധായകൻ മഹേഷ് നാരായണൻ

“മാലിക്” എന്ന സിനിമ ഒരു സാധാരണ സിനിമാപ്രേമിയ്ക്ക് കാത്തിരിപ്പിന്റെ ദിവസങ്ങളാണ് സമ്മാനിച്ചിരുന്നത്. പ്രേക്ഷകരുടെ ഏറെ ആവേശത്തോടെയും പ്രതീക്ഷയോടെയുമുള്ള കാത്തിരുപ്പിന് ഇന്നലെ തിരശീല വീണു. മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്. ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ തുടങ്ങി വലിയൊരു താരനിര തന്നെ മാലിക്കിന്റെ പിന്നിൽ അണിനിരങ്ങുന്നുണ്ട്. മാലിക്കിന്റെ വിശേഷങ്ങളുമായി മഹേഷ് ചേരുന്നു.

എന്താണ് മാലിക്?

അത് കണ്ടു അനുഭവിച്ചറിയേണ്ട ഒന്നാണ്(ചിരിക്കുന്നു ).
ആദ്യം തന്നെ പറയട്ടെ, മാലിക് എന്നത് ആരുടേയും പേരല്ല, മറിച്ച് ആരാണ് ഈ നാടിന്റെ ഉടമസ്ഥൻ എന്നതാണ് ഈ സിനിമ ചർച്ചചെയ്യുന്നത്. തീരപ്രദേശത്തുള്ള മനുഷ്യരുടെ ജീവിതത്തിനും ചുറ്റുപാടിനും രാഷ്ട്രീയത്തിനും അവരുടെ സാഹചര്യങ്ങൾക്കും ഈ സിനിമയിൽ വളരെ പ്രാധാന്യമുണ്ട്. അവരുടെ 1965 മുതൽ 2018 വരെയുള്ള കാലഘട്ടമാണ് ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.

ഇങ്ങനെയൊരു സിനിമ ചെയ്യാൻ പ്രേരിപ്പിച്ച ഘടകം?

തിരുവന്തപുരത്തെ കോവളത്തുള്ള പൂങ്കുളത്താണ് എന്റെ വീട്. ഞാനും നിങ്ങളും കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ ആളുകളുടെ അനുഭവവും കാഴ്ചപ്പാടും രാഷ്ട്രീയവുമാണ് ഈ സിനിമ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.

ഈ സിനിമയിൽ പൊളിറ്റിക്സിനുള്ള പ്രാധാന്യം?

എന്റെ എല്ലാ സിനിമകളും പൊളിറ്റിക്കൽ ആണ്. ഒരുപാട് വിവാദങ്ങൾ ഒക്കെ ഞാൻ കേൾക്കാറുള്ളതാണ്. ചില സമയങ്ങളിൽ ആ വിവാദങ്ങൾ അല്ലെങ്കിൽ അതിലെ രാഷ്ട്രീയം അന്തർദേശീയമായിരിക്കും അത്രേ ഉള്ളു. മനുഷ്യരും മനുഷ്യരും തമ്മിലുള്ള രാഷ്ട്രീയമാണ് ഈ സിനിമയിൽ വിഷയം. ആരുടേയും പക്ഷം ചേരാത്ത ഒരു രാഷ്ട്രീയമാണ് ഈ സിനിമയിലെ രാഷ്ട്രീയം സംസാരിക്കുന്നത്.

വിവാദങ്ങളെ എങ്ങനെയാണ് അഭിമുഖീകരിക്കുന്നത്?

നിർമാല്യം പോലുള്ള സിനിമകൾ ഇനിയും വരണം. വെളിച്ചപാടും നാരായണിയും ഇല്ലാതെ സിനിമ നിർമ്മിക്കാൻ സാധിക്കില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അത് എല്ലാ കാലത്തും അനിവാര്യമായ ഒന്നാണ്. ഒരുപക്ഷെ അതിനെതിരെ ശബ്ദമുയർത്തുന്നത് മതവിഭാഗങ്ങൾ ആയിരിക്കാം, രാജ്യങ്ങളാവാം, അല്ലെങ്കിൽ ഭരണകൂടങ്ങളാവാം.

ഈ വിവാദങ്ങൾ ഏതെങ്കിലും തരത്തിൽ ബാധിച്ചിട്ടുണ്ടോ?

ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം സൗദി അറേബ്യ എനിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതുപോലെ പല രാജ്യങ്ങളും എനിക്ക് വിലക്ക് ഏർപ്പെടുത്തി.

സീയു സൂണിലും മാലിക്കിലും അതുപോലെ മഹേഷ് നാരായണൻ തന്നെ ക്യാമറ ചെയ്യാൻ പോകുന്ന മലയൻകുഞ്ഞിലും ഫഹദിനെ തന്നെ സമീപിക്കാനുള്ള കാരണം എന്താണ്?

മനഃപൂർവ്വം ഫഹദിലേക്ക് എത്തുന്നതല്ല, ആദ്യം മുതൽ തന്നെ ഞങ്ങൾ ഒരുമിച്ച് ചെയ്യാനിരുന്ന സിനിമയാണ് മാലിക്. ഞങ്ങൾ തമ്മിലുള്ള സൗഹൃദവും സുതാര്യമായ ബന്ധവും അതിനൊരു കാരണമാണ്. കഥയെയും സംവിധായകനെയും വിശ്വസിച്ചാണ് ഫഹദ് എത്തുന്നത്. അതുപോലെ തന്നെ മലയൻകുഞ്ഞിലും സജിമോനും ഫഹദുമായി നല്ലൊരു ബന്ധമുണ്ട്. അവരും ഒരുപാട് കാലം മുമ്പ് തന്നെ ഒരുമിച്ച് സിനിമചെയ്യാൻ ഇരുന്നതാണ്. ഇപ്പോഴാണ് അങ്ങനെയൊരു സിനിമ ഒത്തുവന്നത്. അതിൽ ഞാൻ സിനിമാട്ടോഗ്രാഫ് ചെയ്യുന്നു. അത്രേയുള്ളു(ചിരിക്കുന്നു)

ഈ സിനിമയിൽ എല്ലാവരെയും ഒരേപോലെ ആകർഷിച്ച ഒന്നാണ് മാലിക്കിലേക്കുള്ള ഫഹദിന്റെ ട്രാൻസ്ഫോർമേഷൻ. അതിനെപറ്റി ഒന്ന് പറയാമോ?

ഫഹദിന് മാത്രമല്ല ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും ട്രാൻസ്ഫോർമേഷൻ ഉണ്ട്. ഒരു കാലഘട്ടത്തിന്റെ കഥപറയുന്നതു കൊണ്ടുതന്നെ ആ മാറ്റം എല്ലാ കഥാപാത്രങ്ങൾക്കും സിനിമ നടക്കുന്ന ചുറ്റുപാടിനും അനിവാര്യമാണ്. തടി വെക്കേണ്ടവർ ഉണ്ട്, കുറയ്‌ക്കേണ്ടവർ ഉണ്ട്, സെറ്റിന് വരുത്തേണ്ട കുറച്ച് മാറ്റങ്ങൾ.. അങ്ങനെ കുറച്ചധികം മാറ്റങ്ങൾ ഈ സിനിമയ്ക്ക് വേണ്ടിവന്നിട്ടുണ്ട്.

ഫഹദ് 12 കിലോയോളം കുറച്ചെന്ന് പല ഇന്റർവ്യൂയിലും കേട്ടിരുന്നു. ശരിയാണോ?

12 കിലോ ഒന്നും ഇല്ലന്നെ… അതൊക്കെ ആൾക്കാർ ചുമ്മാ പെരുപ്പിച്ച് പറയുന്നതാണ്. ഒരു 7-8 കിലോ എന്തോ കുറച്ചുള്ളു. അതുമാത്രമല്ല ഫഹദ് അല്പം ഭാരം കുറച്ചാൽ തന്നെ ഒരു മെലിഞ്ഞ പ്രകൃതമാണ്. സത്യത്തിൽ ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഭാരം കുറിച്ചിരിക്കുന്നത് ദിലീഷ് ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഫഹദിന്റെ കുടുംബത്തിൽ മിക്കവരും പ്രായം കൂടുന്തോറും മെലിയുന്ന പ്രകൃതക്കാരാണ്. കഥാപാത്രങ്ങളുടെ വാർദ്ധക്യം കൂടുമ്പോൾ നമ്മൾ അവർക്കായൊരു ലുക്ക് ഉണ്ടാക്കാതെ, അവരവരുടെ കുടുംബത്തിൽ നിന്ന് റെഫറൻസ് കൂടെ നോക്കിയിട്ടാണ് അവരിൽ വാർദ്ധക്യം ചെയ്യുന്നത്. നിമിഷയുടെ അമ്മയുടെ പ്രകൃതം നോക്കിയാണ് നിമിഷയ്ക്ക് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. അതിന് പിന്നിൽ മേക്കപ്പ് ആർട്ടിസ്റ്റ് മുതൽ കോസ്റ്റ്യു ഡിസൈനറുടെ വരെ പങ്കുണ്ട്.

ഒരേ സിനിമയിൽ തന്നെ ശരീരഭാരം കുറയ്ക്കുന്നതും കൂട്ടുന്നതും റിസ്ക് ആണോ?

ദിലീഷിനെ സംബന്ധിച്ചിടത്തോളം തടി കൂട്ടുകയും കുറക്കുകയും ചെയ്യേണ്ടിയിരുന്നു. പെട്ടെന്ന് തടി കൂട്ടാൻ പറ്റുനാളാണ് ദിലീഷ് പക്ഷെ കുറക്കാൻ വളരെ ബുദ്ധിമുട്ടാണ്. എങ്കിലും ദിലീഷ് അത് ഈ സിനിമക്ക് വേണ്ടി ചെയ്തു.

റിവേഴ്‌സ് ഓർഡറിൽ ആണല്ലോ ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. അതിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ എന്തൊക്കെയാണ്?

അഡ്വാൻറ്റേജ് കാര്യമായി ഒന്നുമില്ല, പറയാനാണേൽ ഡിസ്അഡ്വാൻറ്റേജ് ആണ് കൂടുതൽ. മലയാള സിനിമയെ കുറച് കാണുകയല്ല. എല്ലാവരും അത്യന്തമായി സിനിമ ഓർഡറിൽ ഷൂട്ട് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. പക്ഷെ നമ്മുടെഇന്ഡസ്ട്രിക്ക് കിട്ടുന്ന ബജറ്റ് ബോളിവുഡ്, തെലുങ്കു, തമിഴ് സിനിമയെ വെച്ചു നോക്കുമ്പോൾ വ്യത്യാസമുണ്ട്. ഇൻഡസ്ടറിയുടെ അവസ്ഥ അതാണ്. എന്റെ കൂടെ നിൽക്കുന്ന ടെക്‌നിഷ്യൻസ് ഇതിന്റെ പ്രീപ്രൊഡക്ഷൻ മുതലേ കൂടെ നിൽക്കുന്നത് കൊണ്ട് വല്ല്യബുദ്ധിമുട്ടില്ല .

പൊതുവെ ചെയ്യുന്ന സിനിമകളിൽ സ്ത്രീകഥാപാത്രം, പുരുഷകഥാപാത്രം എന്നിങ്ങനെ വേറിട്ട് നിൽക്കുന്നില്ലെങ്കിലും മാലികിൽ സ്ത്രീകഥാപാത്രത്തിന്റെ പ്രാധാന്യം ഒന്ന് വ്യക്തമാക്കാമോ?

ഈ സിനിമ എഴുതുന്ന സമയത്തും പൂർത്തിയാക്കുന്ന സമയത്തും ഒരു കാര്യം മാത്രമേ ഞാൻ ശ്രദ്ധിച്ചിരുന്നുള്ളു “എല്ലാവർക്കും വ്യക്തമായ ധാരണ നൽകുക”. അതായത് എന്താണ് ആ കഥാപാത്രം ആവശ്യപ്പെടുന്നത്, എന്താണ് ചെയ്യേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങൾ വ്യക്തമാക്കി കൊടുക്കാൻ ശ്രമിക്കാറുണ്ട്. അതുപോലെ എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായൊരു ക്ളോഷർ നൽകാനും ശ്രമിക്കാറുണ്ട്. രണ്ട് സീനിലും ഒരു സീനിലുമായി വരുന്നവരുണ്ടാകാം, എന്നാൽപോലും അവർക്ക് അർത്ഥമുണ്ട്. ഒരു കഥാപാത്രമില്ലാതെ ഈ സിനിമ പറയാൻ സാധിക്കുമെങ്കിൽ ആ കഥാപാത്രം എന്തിനാണ് സിനിമയ്ക്ക് എന്നാലോചിക്കുന്ന വ്യക്തിയാണ് ഞാൻ. അത്രയധികം ചിന്തിച്ചിട്ടാണ് ഓരോ കലാകാരനേയും നമ്മൾ സമീപിക്കുന്നത്. ഇതിലെല്ലാം ഉപരി ഒട്ടേറെ പുതുമുഖങ്ങളും ഈ സിനിമയിൽ ഉണ്ട്.

ഒടിടി റിലീസ് ആയതുകൊണ്ട് നിരാശ ഉണ്ടോ?

ഈ കാലഘട്ടത്തിൽ മനുഷ്യർ സുരക്ഷിതമായൊരിടത്ത് ഇരിക്കുക എന്നതാണ് ഏറ്റവും പ്രാധാനം. ഒരുപാട് കാലം ഒരു സിനിമ കയ്യിൽവെക്കാൻ സാധിക്കില്ലല്ലോ. എന്താണ് എങ്ങോട്ടാണ് കാലം പോകുന്നതെന്നറിയില്ല. പക്ഷെ ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം കല ചെയ്യാതിരിക്കാൻ സാധിക്കില്ല. ഒരു വർഷം ഒരു ഭാഷയിൽ നിന്ന് കഥയോ സിനിമയോ ഉണ്ടാകുന്നില്ലെങ്കിൽ അത് കലയുടെ കുഴപ്പമല്ല, ഭാഷയുടെ കുഴപ്പമാണ്. യുദ്ധത്തിന്റെ സമയത്ത് സിനിമ നിർമിച്ചിട്ടില്ലേ? കാണികളിലേക്ക് എത്തിക്കുക എന്നതായിരുന്നു ആ കാലത്തുണ്ടായിരുന്ന ബുദ്ധിമുട്ട്. അങ്ങനെയാണ് “മൂവിങ് ടാകീസ്” എന്ന ആശയം തന്നെ ഉണ്ടായത്. അതുപോലൊരു അവസ്ഥയാണ് ഇപ്പോൾ, പക്ഷെ അടച്ചിരിപ്പിന്റെ കാലമാണ്. അതുകൊണ്ട് സിനിമയെ വീടുകളിലേക്ക് എത്തിക്കുകയാണ്.

സ്വന്തം സിനിമ എഡിറ്റ് ചെയ്യുമ്പോൾ നേരിടുന്ന വെല്ലുവിളികൾ എന്താണ് ?

എന്താണോ എഴുതിയിരിക്കുന്നത് അതിലേക്ക് ഫോക്കസ് ചെയ്യുന്നതാണ് എഡിറ്റ്. എന്റെ സിനിമ എഡിറ്റ് ചെയ്യുമ്പോൾ എനിക്ക് ബുദ്ധിമുട്ട് നേരിടാറില്ല. ഞാൻ എഡിറ്റർ ആയതുകൊണ്ട് ഇങ്ങനെയായിരിക്കണം എന്നൊരിക്കലും ഞാൻ ചിന്തിച്ചിട്ടില്ല. ഏറ്റവും കൂടുതൽ എഡിറ്റിംഗിന് ബുദ്ധിമുട്ട് നേരിട്ട ചിത്രം സീ യു സോൺ ആണ്. കാണുന്നവർക്ക് വളരെ എളുപ്പമായിട്ട് തോന്നുമെങ്കിലും വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ പോലും എനിക്ക് ഒന്നും ആലോചിക്കാൻ സാധിക്കില്ല. ഇതു തുടങ്ങുമ്പോൾ പോലും ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇത്രബുദ്ധിമുട്ട് പിടിച്ച പ്രൊജക്റ്റ് ആയിരിക്കുമെന്ന്(ചിരിക്കുന്നു ). ഒരു പ്രേക്ഷകനും ആ ബുദ്ധിമുട്ട് മനസിലായി കാണില്ല.

മിക്ക സിനിമയും പാക്ക് അപ്പ് ആകുന്ന ദിവസം തന്നെ എല്ലാവർക്കും ഓൺ ലൊക്കേഷൻ എഡിറ്റ് അല്ലാത്ത ഒരു റഫ് കട്ട് കാണാൻ സാധിക്കാറുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് എത്രത്തോളം സഹായിക്കാറുണ്ട്?

എല്ലാവരോടും കൂടെ ഇരുന്ന് സ്ക്രിപ്റ്റ് വായിക്കുന്നതുപോലെ തന്നെ ഉപകാരപ്രദമാണ് ഇതും. ചില സീനുകൾ തീരാൻ 6 മാസത്തോളം സമയം എടുക്കാറുണ്ട്. അതുകൊണ്ട് ഷൂട്ട് കഴിയുമ്പോൾ തന്നെ ഞാൻ ഉദ്ദേശിച്ചത് ആളുകളിലേക്ക് എത്തിക്കാൻ ഇത് അനിവാര്യമാണ്.

ചെയ്ത മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമായി മാലിക്കിൽ പരീക്ഷിച്ച കാര്യങ്ങൾ എന്താണ്?

ഞാൻ ആദ്യമായിട്ട് ജോഗ്രഫിക് ഒക്കെ ഒരുപാട് പ്രാധാന്യം കൊടുത്ത് ചെയ്തിരിക്കുന്ന സിനിമയാണ് ഇത്. മറിച്ച് ടേക്ക് ഓഫ് ജോഗ്രഫിയെക്കാൾ കൂടുതൽ മനുഷ്യരിലൂടെ സഞ്ചരിച്ച സിനിമയാണ്.

Leave a Reply

Your email address will not be published.