യുദ്ധമുഖത്ത് സൈനികരെ അദൃശ്യരാക്കാം; പുതിയ സംവിധാനത്തിന് ഇവിടെ തുടക്കം…

കേട്ടാൽ വിശ്വസിക്കാൻ ഇത്തിരി പ്രയാസമാണ്. പക്ഷെ സംഗതി ഉള്ളതാണ്. സൈനികരെ അദൃശ്യരാക്കാൻ കഴിവുള്ള പുതിയ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇസ്രായേൽ. പൊതുവെ പ്രതിരോധ സംവിധാനങ്ങളിലും ഉപയോഗിക്കുന്ന ആയുധങ്ങളിലും ഏറെ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇസ്രായേൽ. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഈ പുതിയ ആശയം ലോകരാജ്യങ്ങൾ ഉറ്റിനോക്കുകയാണ്.

ഇസ്രായേലി ഉത്പന്ന നിർമ്മാതാക്കളായ പോളാരിസ് സൊല്യൂഷൻസ് ആണ് അപ്രത്യക്ഷമാക്കാൻ കഴിവുള്ള ഈ സംവിധാനം പരിചയപ്പെടുത്തുന്നത്. കാമോഫ്‌ളേജ് എന്നാണ് ഇതിന്റെ പേര്. ഇതൊരു നെറ്റ് ആണ്. എങ്ങനെയാണ് ഈ ഷീറ്റ് അദൃശ്യരാക്കാൻ സഹായിക്കുന്നത് എന്നല്ലേ? തെർമൽ ക്യാമറകൾക്കും മനുഷ്യ കണ്ണുകൾ ഉപയോഗിച്ചും കാണാൻ സാധിക്കാത്ത ലോഹങ്ങളും മൈക്രോ ഫൈബറുകളും ഉപയോഗിച്ചാണ് ഈ ഷീറ്റ് നിർമിക്കുന്നത്. 300 കിറ്റ് ഷീറ്റുകളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. അര കിലോഗ്രാം മാത്രം ഭാരമുള്ള ഈ ഷീറ്റുകൾ സൈനികർക്ക് കൊണ്ട് നടക്കാനും എളുപ്പമാണ്.

വനപ്രദേശങ്ങളിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്നവയാണ് ഇവ. രണ്ട് വശങ്ങളുള്ള ഈ ഷീറ്റ് ബൈനോക്കുലർ ഉപയോഗിച്ച് വരെ കാണാൻ സാധിക്കില്ല എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. അതുകൊണ്ട് ശത്രുക്കളിൽ നിന്ന് രക്ഷ നേടാൻ സൈനികർക്ക് ഇത് ഉപകാരപ്രദമാകും. മാത്രവുമല്ല ഇരുന്നൂറ് കിലോയിലധികം ഭാരം താങ്ങാനും ഈ ഷീറ്റുകൾക്ക് സാധിക്കും. ഇതിലൂടെ സൈന്യത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷ ഉറപ്പാക്കാനാകുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. അദൃശ്യരാക്കുന്നതിന് പുറമെ ശരീരത്തിൽ ചുറ്റിപ്പിടിച്ച് പാറകളോട് സാമ്യമുള്ള രൂപമാകാനും ഈ ഷീറ്റ് കൊണ്ട് സാധിക്കും.

കഥകളിൽ മാത്രം കേട്ടു ശീലിച്ച മനുഷ്യനെ അദൃശ്യനാക്കാൻ കഴിവുള്ള ഈ സംവിധാനം ഇനി ഇസ്രായേൽ യുദ്ധ മുഖത്തും കാണാം.

Leave a Reply

Your email address will not be published.