ഒരു നടൻ എന്ന നിലയിൽ ഞാൻ കൂടുതൽ തൃപ്തനാകുന്നത് ഡയലോഗ് പറയുന്നതിലല്ല; പുതിയ വിശേഷങ്ങളുമായി വിനയ് ഫോർട്ട്

ചില അഭിനേതാക്കൾ അങ്ങനെയാണ്, പ്രേക്ഷക മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുക്കും. ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാക്കി മുന്നേറുകയാണ് വിനയ് ഫോർട്ട്. ഋതുവിൽ തുടങ്ങി മാലിക്കിൽ എത്തി നിൽക്കുമ്പോൾ വിനയ് ഫോർട്ട് എന്ന നടന്റെ വളർച്ച ഗംഭീരമെന്നെ പറയാൻ സാധിക്കു. ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മാലിക്കിലെ ഡേവിഡായി എത്തുമ്പോൾ, പ്രേക്ഷകൻ ഇതുവരെ കണ്ടു ശീലിച്ച വിനയ് ഫോർട്ടിനെ നമുക്ക് കാണാൻ സാധിക്കില്ല. മാലിക്കിന്റെ വിജയകഥയും വരാനിരിക്കുന്ന സിനിമകളുടെ വിശേഷങ്ങളുമായി വിനയ് ഫോർട്ട് ചേരുന്നു.

മാലിക്കിൽ നിന്ന് തന്നെ തുടങ്ങാം. എങ്ങനെയാണ് മാലിക്കിലേക്ക് എത്തിയത്?

മഹേഷ് നാരായണൻ ആണ് ഈ സിനിമയിലേക്ക് എന്നെ ക്ഷണിക്കുന്നത്. അദ്ദേഹം ചെയ്യുന്ന അടുത്ത സിനിമയിൽ ഒരു കഥാപാത്രമുണ്ട് എന്നും കഥകേൾക്കാൻ വരാമോ എന്നും ചോദിച്ചു. ഞാൻ പോയി കഥകേട്ടു. അങ്ങനെയാണ് ഞാൻ മാലിക്കിന്റെ ഭാഗം ആകുന്നത്.

മാലിക്കിന്റെ സ്ക്രിപ്റ്റ് എത്ര പ്രാവശ്യം വായിച്ചിട്ടുണ്ടാവും?

അതെനിക്ക് കൃത്യമായി ഓർമ്മ ഇല്ല(ചിരിക്കുന്നു). സ്ക്രിപ്റ്റ് തരുന്നതിനു മുൻപ് മഹേഷേട്ടൻ എന്നോട് പറഞ്ഞത് “ഫഹദിനെയും വിനയിനെയും നിമിഷയെയും വെച്ച് പടം ചെയ്യണം എന്നാണ് എന്റെ മനസ്സിലെ ആഗ്രഹം”. എന്നെ സംബന്ധിച്ചിടത്തോളം അത്രയും പ്രാധാന്യമുള്ള കഥാപാത്രമൊക്കെ കിട്ടുകയെന്നുവെച്ചാൽ ഭാഗ്യമല്ലേ!! സത്യത്തിൽ ഞാൻ ആദ്യം കരുതിയത് ഏതെങ്കിലും ചെറിയ സീനിൽ വന്നുപോകുന്ന എന്തെങ്കിലും റോൾ ആയിരിക്കുമെന്നാണ്. കാരണം ഇതൊരു ഹ്യൂജ് സിനിമയല്ലേ. കണ്ടന്റ് ബേസിലും കാസ്റ്റിംഗിലും ബഡ്ജറ്റിലും പ്ലാറ്റ്ഫോം ബേസിലും ഏറെ മുന്നിൽ നിൽക്കുന്ന പടം. ഇതൊക്കെ വെച്ചുനോക്കുമ്പോൾ ഇതൊരു വലിയ സിനിമയാണ്. അത്തരം സിനിമയിൽ ഞാൻ ഇത്രയും പ്രാധാന്യമുള്ള കഥാപാത്രം പ്രതീക്ഷിച്ചിരുന്നില്ല. മൂന്ന്-മൂന്നര മണിക്കൂർ എടുത്ത് മഹേഷ് സ്ക്രിപ്റ്റ് പറഞ്ഞു തന്നത്. സ്ക്രിപ്റ്റ് വായിച്ച് തുടങ്ങുമ്പോൾ, 10-15 മിനിറ്റ് കഴിഞ്ഞിട്ടും ഞാൻ എത്തിയില്ല. അപ്പൊ ഞാൻ കരുതി എവിടെയെങ്കിലും വരുമായിരിക്കുമെന്ന്, അല്ലെങ്കിൽ ഏതെങ്കിലും സ്ക്രീൻസ്പേസ് കുറഞ്ഞ കഥാപാത്രമായിരിക്കുമെന്ന്. പക്ഷെ, ഒരു പതിനഞ്ച് മിനുറ്റ് കഴിഞ്ഞപ്പോൾ പിന്നെ ഒരു വരവായിരുന്നു. അങ്ങനെ സ്ക്രിപ്റ്റ് കഴിഞ്ഞപ്പോഴേക്കും ഞാൻ ഡേവിഡിൽ ഹൂക്ക്ഡ് ആയി.

ജീവിതത്തിൽ ഡേവിഡ് സമ്മാനിച്ച നേട്ടങ്ങൾ എന്താണ്?

ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ വേണ്ടത് സ്റ്റബിലിറ്റി ആണ്. കേരളത്തിനു പുറമെ ഞാൻ എന്നൊരു വ്യക്തിയുടെ എക്‌സിസ്റ്റൻസ് ആളുകൾക്കറിയില്ലായിരുന്നു. സൗത്ത് ഇന്ത്യയിൽ പ്രേമം എന്ന സിനിമയിൽ ഞാൻ വന്നതുകൊണ്ട് തന്നെ ആളുകൾക്കൊക്കെ കഥാപാത്രത്തെ അറിയാമായിരുന്നു. പക്ഷെ, എന്നെ അറിയില്ലായിരുന്നു. ഇപ്പോൾ ഒരു പാൻ ഇന്ത്യൻ വിസിബിലിറ്റി വന്നുതുടങ്ങി. ഈ കഴിഞ്ഞ ദിവസങ്ങളിലായി തന്നെ വെബ്-സീരീസിനും മറ്റുമായി പലരും വിളിച്ചിരുന്നു. ഇതിലെല്ലാം ഉപരി ഇന്റർനാഷണൽ ലെവലിലും ഫിലിം സർക്കിളിലും വളരെ ചർച്ചയായികൊണ്ടിരിക്കുന്ന സിനിമയാണല്ലോ മാലിക്ക്. അങ്ങനെ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യമാണ്. പിന്നെ നമ്മൾ ചെയ്യുന്ന സിനിമകൾ ആളുകൾ കാണുക എന്നതും പ്രധാനമാണ്. അത് നിറവേറ്റപ്പെട്ടു. ആദ്യമായി ഇത്രവലിയ ക്യാൻവാസിൽ ഒരു കഥാപാത്രം ചെയ്യാൻപറ്റി. ആ സിനിമ ആളുകൾ റിസീവ് ചെയ്യുന്നുമുണ്ട് .

ഭാര്യ സിനിമ കണ്ടതിനു ശേഷം എന്ത് പറഞ്ഞു?

ഭയങ്കര സന്തോഷത്തിലാണ്. കാരണം ഷട്ടർ, കിസ്മത്ത്, തമാശ ഇതൊക്കെയാണ് അവളുടെ ലിസ്റ്റിലുള്ള സിനിമ. ഈ സിനിമ അതിൽ നിന്നൊക്കെ വ്യത്യസ്തമാണല്ലോ. അതുകൊണ്ട് തന്നെ ഈ സിനിമ അവൾക്ക് വളരെ ഇഷ്ടമായി. സിനിമയിൽ ഞാൻ മകനെ കൊണ്ടാക്കി തിരികെ പോകുന്ന ഒരു രംഗമുണ്ട്. അതാണ് അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീൻ. മാലിക്കിന്റെ കഥയും ബേസിക് പ്ലോട്ടും അമ്മയ്ക്കും ഭാര്യക്കും അറിയാമായിരുന്നു. മിക്ക സ്ക്രിപ്റ്റുകളും ഭാര്യയുമായി ഞാൻ ചർച്ചചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ചെയ്യുന്ന കഥാപാത്രത്തിൽ അവൾക്ക് വിശ്വാസമുണ്ട്.

മാലിക്കിൽ വിനയ് ഫോർട്ടിന്റെ നോട്ടത്തിനും കണ്ണുകൾക്കും വളരെ പ്രാധാന്യമുണ്ടല്ലോ, അതിനെ പറ്റി പറയാമോ?

മഹേഷേട്ടനും ഞാനും കൂടെ സിനിമ ചെയ്യുമ്പോൾ ഉടനീളം ചർച്ചചെയ്ത കാര്യമാണ് ഈ നോട്ടമെന്നുള്ള പരിപാടി. മാലിക്കിൽ എവിടെ മുതലാണ് ആ നോട്ടം സോളിഡ് ആയി തുടങ്ങുന്നതെന്ന് വെച്ചാൽ ആ സ്കൂളിന്റെ തറക്കൽ ഇടുന്നില്ലേ അവിടം മുതൽ സിനിമയുടെ അവസാനം വരെ ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഒരു നടൻ എന്ന നിലയിൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച് ചെയുന്ന കാര്യം ഡയലോഗ് പറയുന്നതല്ല, മറിച്ച് ഞാൻ കൊടുക്കുന്ന അഭിനയത്തിലാണ്. നമ്മുടെ മനസ്സിൽ വരുന്ന ചിന്തകൾ എത്ര ഭംഗിയായി പുറത്തേക്ക് കൊണ്ടുവരാൻ പറ്റുന്നു, എത്രത്തോളം പ്രേക്ഷകനിലേക്ക് അത് എത്തുന്നു എന്നതിലാണ്. ആകെയുള്ള സങ്കടം എന്താണെന്ന് വെച്ചാൽ, മാലിക്ക് ഒരു തിയേറ്റർ മൂവി ആണ്. നമ്മൾ വൈഡിലൂടെയാണ് കഥകളൊക്കെ പറഞ്ഞിരിക്കുന്നത്. വൈഡ് ഷോട്ടിലൂടെയാണ് ഈ പറഞ്ഞ നോട്ടങ്ങളൊക്കെ പോയിരിക്കുന്നതും. അത് എത്രത്തോളം പ്രേക്ഷകർക്ക് മനസിലാക്കാൻ സാധിച്ചു എന്നുള്ളതിൽ സംശയമുണ്ട്.

റെക്കോർഡ് റീടേക്ക് ആണ് മാലിക്കിൽ ഉണ്ടായത് എന്ന് കേട്ടു. ഏറ്റവും കൂടുതൽ ടേക്ക് പോയ സീൻ ഏതായിരുന്നു?

ജയിലിൽ വന്നു മകനെ കാണുന്ന ആ സീനാണ് ഏറ്റവും കൂടുതൽ ടേക്ക് പോയത്. കാരണം മഹേഷേട്ടന് ആ ഷോട്ടിൽ പൂർണമായി തൃപ്തിവരുന്നതുവരെ ഞങ്ങൾ റീടേക്ക് എടുത്തു. അതൊക്കെ തന്നെയാണ് ഈ സിനിമയുടെ വിജയവും.

ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ സിനിമ ഉണ്ടോ? കാരണം?

ഉണ്ട്. ഒരു സിനിമ കമ്മിറ്റ് ചെയ്തു. പക്ഷെ ആ സിനിമയുടെ സംവിധായകന്റെ പെരുമാറ്റവുമായി ഒത്തുപോകാൻ സാധിക്കില്ലായിരുന്നു. പക്ഷെ കമ്മിറ്റ് ചെയ്ത് പോയതുകൊണ്ട് ആ സിനിമ ചെയ്യേണ്ടിവന്നു. അങ്ങനെയൊക്കെ സംഭവിക്കാറുണ്ട്. അതൊക്കെ സിനിമയുടെ ഭാഗമാണ്.

പ്രതിഫലം വാങ്ങാതെ അഭിനയിച്ചിട്ടുണ്ടോ?

തരാതെ അഭിനയിച്ചിട്ടുണ്ട്(ചിരിക്കുന്നു ). അതായത് പ്രതിഫലം വാങ്ങാത്തതല്ല, തരാറില്ല എന്നതാണ് സത്യം. അങ്ങനെ കുറേ സിനിമകൾ അഭിനയിച്ചിട്ടുണ്ട്. മിക്ക ആർട്ടിസ്റ്റുകളുടെയും തുടക്കത്തിലെ അവസ്ഥ ഇതൊക്കെയാണ്.

സൺ ഗ്ലാസിന്റെ എത്ര ഷെയ്ഡ്‌സ് കയ്യിൽ ഉണ്ട്. ഒരിടത്ത് വെച്ച ഷെയിഡ്സ് പിന്നെ വെച്ച് കണ്ടിട്ടില്ല?

എനിക്ക് എന്തോ വല്ലാത്ത ഇഷ്ടമാണ് (ചിരിക്കുന്നു). പക്ഷെ അത്രക്കും ഭയങ്കര വില കൂടിയ ഷെയിഡ്സ് ഒന്നും വാങ്ങാറില്ല. ഇനിയിപ്പോൾ ഉണ്ടെങ്കിൽ തന്നെ അതാരെങ്കിലും ഗിഫ്റ്റ് തന്നതായിരിക്കും. ഞാൻ ഒരു പത്ത്-നൂറ് രൂപയുടെ ടീ ഷർട്ടും ഒരു ഷോട്സുമാണ് സാധാരണ ഇടാറുള്ളത്. അതിന്റെ പ്രശ്നത്തെ അതിജീവിക്കാൻ ഈ പറഞ്ഞ കണ്ണട സഹായിക്കും (ചിരിക്കുന്നു ). നല്ല ഷൂസും നല്ല കണ്ണടയുമുണ്ടെങ്കിൽ ആളുകൾ നമ്മൾ എന്തിട്ടേക്കുന്നു എന്ന് ശ്രദ്ധിക്കില്ല.

പുതിയ വിശേഷങ്ങൾ?

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി ആൻഡ്രോയിഡ് കുഞ്ഞപ്പനുശേഷം രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹം എന്നീ രണ്ടു സിനിമകളാണ് പുതിയ വിശേഷം.

ചുരുളിയിലെ കഥ ചുരുൾ അഴിക്കാതെ ഒന്ന് പറയാമോ?

മലയാള സിനിമയിലെ നോളൻ എന്ന് വിശേഷിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമാണ് ചുരുളി. ഫിക്ഷൻ ബേസ്ഡ് ആയിട്ടുള്ള സിനിമയാണിത്. ഒരു ചെറുകഥയെ ആസ്പദമാക്കിയാണ് ഈ സിനിമ എടുത്തിരിക്കുന്നത് . രണ്ട് പോലീസുകാരാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ. ഞാനും ചെമ്പൻ വിനോദുമാണ് പോലീസുകാരായി എത്തുന്നത്. ഷാജീവ് എന്നാണ് ഞാൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ഒരു കുറ്റവാളിയെ അന്വേഷിച്ചു പോകുന്നതാണ് ചുരുളിയുടെ കഥ.

ചുരുളിയിലേക്ക് എത്തിയത് എങ്ങനെയാണ്?

ചെമ്പൻ ചേട്ടനും ഞാനും നല്ല സുഹൃത്തുക്കളാണ്. ഒരു ദിവസം ചെമ്പൻ ചേട്ടനാണ് ഈ സിനിമയെ കുറിച്ച് എന്നോട് പറയുന്നത്. “നമുക്ക് രണ്ടാൾക്കും കൂടെ ഇതങ്ങ് പിടിച്ചാലോ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു ഇതിൽ ചോദിക്കാനും ആലോചിക്കാനും എന്തിരിക്കുന്നെന്ന്. “കാരണം എന്റെ ബക്കറ്റ്‌ലിസ്റ്റിൽ ഉള്ള ഫിലിം മേക്കേഴ്സിൽ ഒരാളാണ് ലിജോ. അപ്പൊ പിന്നെ എനിക്കൊന്നും ആലോചിക്കേണ്ടല്ലോ. സിനിമ ഇപ്പോൾ ഫൈനൽ ഘട്ടത്തിലാണ്. നിറയെ ഗ്രാഫിക്സ് വർക്കുകൾ ഉള്ള സിനിമയാണ് ഇത്. അടുത്ത് തന്നെ റിലീസ് പ്രതീക്ഷിക്കാം.

വിനയ് ചേട്ടന്റെ ബക്കറ്റ് ലിസ്റ്റിൽ ഉള്ള 3 സംവിധായകരുടെ പേര്?

ഒട്ടുമിക്ക ആളുകൾക്കൊപ്പം സിനിമ ചെയ്യാൻ സാധിച്ചിട്ടുണ്ട്. എങ്കിലും ദിലീഷ് പോത്തന്റെ സിനിമയിൽ നല്ലൊരു റോൾ ചെയ്യണം. അതുപോലെ ഷൈജു ഖാലിദ്, ഷമീർ താഹിർ ഇവരുടെ സിനിമയിലും ഭാഗമാകണം.

ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം രതീഷ് സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹമാണല്ലോ മറ്റൊരു വിശേഷം. അതിന്റെ വിശേഷങ്ങൾ എന്താണ്?

കനകം കാമിനി കലഹം എന്ന സിനിമ ഒരു കോമഡി ജോണറിൽ ഉള്ള പടമാണ്. മോഹൻകുമാർ ഫാൻസ്‌ എന്ന സിനിമയിൽ എന്റെ കഥാപാത്രം കോമഡി ആയിരുന്നെങ്കിലും സിനിമ കോമഡി അല്ലല്ലോ. പക്ഷെ ഇതു തികച്ചും കോമഡി ചിത്രമാണ്. ഞാൻ ഇതുവരെ ചെയ്യാത്ത തരത്തിൽ ഉള്ളൊരു കോമഡി ആണ് ചെയ്തിരിക്കുന്നത്. നിങ്ങളെ പോലെ തന്നെ ഞാനും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published.