ഇന്ത്യയുടെ ഏറ്റവും പുതിയ ആറ് അന്തർവാഹിനികൾ; നിർമ്മാണ ചെലവ് 43000 കോടി…
ഇന്ത്യയ്ക്കായി ഇനി ആറ് പുതിയ അന്തര്‍വാഹിനികള്‍. 43000 കോടി രൂപയുടെ ടെൻഡറിനാണ് അന്തർവാഹിനി നിർമ്മിക്കാനൊരുങ്ങുന്നത്. മസഗൺ ഡോക്യാർഡ്സ് ലിമിറ്റഡിനും ലാർസൻ ആൻഡ് ട്യൂബ്രോയ്ക്കുമാണ് ടെൻഡർ നൽകിയിരിക്കുന്നത്. ഇന്ത്യൻ നാവികസേനയ്ക്കായി നിർമ്മിക്കുന്ന അന്തർവാഹിനികൾ സേനയുടെ ശക്തി വർധിപ്പിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയ്ക്ക് നേരെ നിലവിലുള്ള ചൈനീസ് നാവികസേനയുടെ ഭീഷണി പ്രതിരോധിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നിലവിൽ അന്തർവാഹിനി നിർമ്മിക്കുന്നത്. പ്രോജക്ട് 75 ഇന്ത്യയ്ക്ക് കീഴില്‍ രണ്ട് ഇന്ത്യന്‍ കമ്പനികളും ഫ്രാന്‍സ്, റഷ്യ, ദക്ഷിണ കൊറിയ, ജര്‍മ്മനി, സ്പെയിന് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു പങ്കാളിയെയും ഉൾപെടുത്തിയാണ് നിർമ്മാണം.
അതിനൂതന സാങ്കേതിക വിദ്യകൾ കൂടി അടങ്ങിയതാണ് ഈ അന്തർവാഹിനി നാവികകപ്പൽ. 43000 കോടി ചെലവിട്ട് നിർമ്മിക്കുന്ന ഈ പദ്ധതി മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ്. നയതന്ത്ര പങ്കാളിത്ത മാതൃകയുടെ കീഴിൽ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ പദ്ധതി കൂടിയാണിത്. കൂടാതെ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് പദ്ധതിയുടെ കീഴിലുള്ള രണ്ടാമത്തെ പദ്ധതിയും. ജൂണിലാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇതിനുള്ള അംഗീകാരം നൽകിയത്.
ഈ പദ്ധതിയിലൂടെ നടപ്പാകാൻ പോകുന്ന മറ്റൊരു ലക്ഷ്യം അന്തർവാഹിനി നിർമാണത്തിൽ ഇന്ത്യൻ വ്യവസായത്തിന് സ്വാതന്ത്ര്യമായി രൂപകല്പന ചെയ്യാനും നിർമ്മിക്കാനും പറ്റുന്ന തരത്തിലുള്ള വളർച്ചയാണ്. കൂടാതെ അന്തർവാഹിനി നിർമാണത്തിൽ മികവ് നേടുന്നതിനും ഇന്ത്യയെ ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രാഥമിക നിഗമനം. ഒട്ടും വൈകാതെ തന്നെ അന്തർവാഹിനി നിർമ്മാണത്തിൽ മികവ് നേടാൻ രാജ്യത്തിന് സാധിക്കും. നിർമ്മാണ വ്യവസായത്തിൽ മികവ് നേടാൻ വിദേശ നിർമാതാക്കളുമായി നയതന്ത്ര സഹകരണത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.