ജീവന്റെ സാന്നിധ്യമുള്ള മറ്റൊരു ഗ്രഹമോ? ശാസ്ത്രലോകത്തിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ…

ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷകൾ നൽകികൊണ്ട് പുറത്തുവന്ന വാർത്തയാണ് ഗാനിമീഡിന്റെ അന്തരീക്ഷത്തിൽ കണ്ടെത്തിയ നീരാവിയുടെ സാന്നിധ്യം. സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന്റെ ചന്ദ്രമാരിൽ ഒന്നാണ് ഗാനിമീഡ്. നേരത്തെ തന്നെ ഗാനിമീഡിൽ വെള്ളത്തിന്റെ സാന്നിധ്യത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ആ സംശയം സാധുകരിക്കുന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. “ഭൂമിയിലെ എല്ലാ സമുദ്രങ്ങളിലെ വെള്ളം എടുത്താലും അതിനേക്കാൾ കൂടുതൽ ജലസമ്പത്ത് ഗാനിമീഡിലുണ്ടെന്നും ആ വെള്ളമെല്ലാം തണുത്തുറഞ്ഞ് ഗാനിമീഡിന്റെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുന്നു” എന്നുമായിരുന്നു ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ. എന്നാൽ ചില സ്ഥലങ്ങളിൽ വെള്ളം ഐസ് വെള്ളമാകാതെ നീരാവിയാകുമെന്നും നേരത്തെ തന്നെ വിദഗ്ദ്ധർ പ്രവചിച്ചിരുന്നു. പ്രവചനം ശരിയാണ് എന്നതിനുള്ള തെളിവുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ഗാനിമീഡിൽ ഭൂമിയ്ക്കുള്ളത് പോലെത്തന്നെ കാന്തിക വലയമുണ്ടെന്നും അന്തരീക്ഷത്തിൽ ഓക്സിജന്റെ സാന്നിധ്യവും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. യുഎസിന്റെ പ്രസിദ്ധമായ ബഹിരാകാശ ടെലിസ്കോപ് ഹബിൾ ആണ് ഈ വാദങ്ങൾക്ക് ശക്തി പകരുന്ന ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഈ അൾട്രാവയലറ്റ് ചിത്രങ്ങൾ വിദഗ്‌ദരായ ശാസ്ത്രജ്ഞർ വിലയിരുത്തിയാണ് ദൃശ്യങ്ങളിലെ സാന്നിധ്യം ശരിവെച്ചിരിക്കുന്നത്.

എന്തൊക്കെയാണ് ഗാനിമീഡിന്റെ പ്രത്യേകതകൾ എന്ന് പരിശോധിക്കാം… നേരത്തെ സൂചിപ്പിച്ചതുപോലേ വ്യാഴത്തിന്റെ ചന്ദ്രന്മാരിൽ ഒരാളാണ് ഗാനിമീഡ്. ആകെ 79 ചന്ദ്രന്മാരാണ് വ്യാഴത്തിനുള്ളത്. അതിൽ ഗലീലിയൻ ചന്ദ്രന്മാർ എന്നറിയപ്പെടുന്ന നാല് ചന്ദ്രന്മാർ ഉൾപ്പെടുന്ന കൂട്ടത്തിൽ പെടുന്നതാണ് ഗാനിമീഡ്. യൂറോപ്പ, കാലിസ്‌റ്റോ, ഇയോ എന്നിവയാണ് മറ്റുള്ളവ. ശാസ്ത്രജ്ഞൻ ഗലീലിയോ ഗലീലി കണ്ടുപിടിച്ചതിനാലാണ് ഇവയ്ക്ക് ഗലീലിയൻ ചന്ദ്രന്മാർ എന്ന പേര് ലഭിച്ചത്. ഭൂമിയെ കൂടാതെ വേറൊരു ഗ്രഹത്തിൽ ജീവന്റെ അംശം ഉണ്ടാകാൻ ഇടയുള്ള സ്ഥലങ്ങളിൽ മുന്നിലാണ് ഗാനിമീഡിന്റെ സ്ഥാനം. ഗാനിമീഡിന്റെ തണുത്തുറഞ്ഞ പുറംപാളിയ്ക്കുള്ളിൽ സമുദ്രങ്ങളുണ്ടെന്നും അതിൽ ജീവൻ നിലനിൽക്കുന്നുണ്ടെന്നും തുടങ്ങിയ വാദങ്ങൾ ശാസ്ത്രലോകത്ത് കുറെ നാളായി നിലനിൽക്കുന്നതാണ്. ഈ ഗ്രഹത്തെ കുറിച്ചുള്ള കൂടുതൽ പഠനങ്ങളിലാണ് ശാസ്ത്ര ലോകം.

Leave a Reply

Your email address will not be published.