“നോ പ്രോബ്ലം, വരുമ്പോൾ സ്വർണം കൊണ്ടുവരണേ”; ഇന്ത്യൻ വനിതാ ഹോക്കി കോച്ചിനോട് ഷാരൂഖ്…

സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ടോക്കിയോ ഒളിമ്പിക്സിൽ നിന്നാണ്. ഏറ്റവും മനോഹരമായ ഒളിമ്പിക്സുകളിൽ ഒന്നാണ് കടന്നുപോയികൊണ്ടിരിക്കുന്നത് എന്നാണ് ഈ വർഷത്തെ ഒളിംപിക്സിനെ കുറിച്ചുള്ള വിശേഷണം. അതിൽ ഏറ്റവും പുതിയതാണ് ഇന്ത്യൻ ഹോക്കി ടീമിനൊപ്പം ബസ്സിൽ മടങ്ങുന്ന ചിത്രത്തോടൊപ്പം കോച്ച് സ്യോർദ് മാരിൻ കുറിച്ച വാക്കുകൾ. ഓസ്‌ട്രേലിയക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കിയതിന് ശേഷം ഇന്ത്യൻ ടീമിനൊപ്പം മടങ്ങുകയായിരുന്ന ചിത്രത്തോടൊപ്പമാണ് ഈ വൈറൽ വാക്കുകൾ കുറിച്ചിരിക്കുന്നത്.

മാരിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു “സോറി, ഞാൻ പെട്ടെന്ന് വീട്ടിലേക്ക് വരുന്നില്ല”. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ കൈവരിച്ച അപ്രതീക്ഷിത നേട്ടത്തിന്റെ സന്തോഷ പ്രകടനമായിരുന്നു അത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമിഫൈനൽ പ്രവേശനം സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് 1980 ലാണ് ഒളിമ്പിക്സിൽ ഇന്ത്യ നാലാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. പക്ഷെ അന്ന് ഗെയിംസിൽ വെറും ആറ് ടീമുകൾ മാത്രമാണ് പങ്കെടുത്തിരുന്നത് എന്നൊരു വസ്തുതയും മുന്നിലുണ്ട്. ഇന്ത്യ നേടിയ അഭിമാന നിമിഷത്തിന്റെ സന്തോഷത്തിലാണ് രാജ്യം മുഴുവൻ.

ഈ വർഷത്തെ ഒളിമ്പിക്സിൽ മറ്റൊരു സന്തോഷ വാർത്തയും ഇന്ത്യൻ പുരുഷ വിഭാഗ ഹോക്കി ടീമിൽ നിന്നുണ്ട്. നാൽപത്തിയൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സെമിയിൽ കടന്നിരിക്കുകയാണ് ഇന്ത്യ പുരുഷ ടീം. ഇരട്ടി സന്തോഷത്തിലാണ് ഇന്ത്യ എന്ന് വേണം പറയാൻ.

ഇന്ത്യ കൈവരിച്ച അപ്രതീക്ഷിത വിജയത്തിന്റെ സന്തോഷത്തിലാണ് ടീമും രാജ്യവും. ഇതേ സന്തോഷം കോച്ച് സ്യോർദ് മാരിന്റെ വാക്കുകളിലും പ്രകടമാണ്. മാരിന്റെ ട്വീറ്റ് ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രമുഖകരടക്കം നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. ഇതിൽ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഉണ്ട്. ഷാരൂഖിന്റെ രസകരമായ മറുപടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഉടനെ വീട്ടിലേക്ക് വരുന്നില്ല എന്ന ട്വീറ്റിന് ഷാരൂഖിന്റെ മറുപടി രസകരമായിരുന്നു. നോ പ്രോബ്ലം, വരുമ്പോൾ സ്വർണം കൊണ്ടുവന്നാൽ മതി എന്നായിരുന്നു.

എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, ഞങ്ങളുടെ പരമാവധി വിജയത്തിനായി ശ്രമിക്കുമെന്നും മാരി കുറിച്ചു.

Leave a Reply

Your email address will not be published.