“ഈ തീരുമാനത്തിനായി എന്റെ മനസ് പാകപ്പെട്ടിരുന്നില്ല”; കണ്ണീരിൽ കുതിർന്ന മെസ്സിയുടെ വാക്കുകളിൽ ഉള്ള് പിടഞ്ഞ് ആരാധകർ

നിറകണ്ണുകളോടെ ഫുട്ബോളിന്റെ മിശിയ പടിയിറങ്ങി. സ്പാനിഷ് ക്ലബ്ബായ ബാർസിലോണ വിടുന്ന വാർത്തയെ കുറിച്ചുള്ള വാർത്ത സമ്മേളനത്തിൽ വാക്കുകൾ കിട്ടാതെ കണ്ണീരോടെ മെസ്സി വിതുമ്പി. വാർത്ത സമ്മേളനം തുടങ്ങുമ്പോൾ തന്നെ ഏറെ വിഷമത്തിലായിരുന്നു താരം. ഇടറിയ വാക്കുകളോടെ കണ്ണ് നിറഞ്ഞു മെസ്സി പടിയിറങ്ങിയപ്പോൾ കണ്ടു നിന്നവരുടെയും ഓരോ ഫുട്ബോൾ ആരാധകന്റെയും ഉള്ളൊന്ന് പിടഞ്ഞു. കയ്യടികളോടെ സദസ്സ് മെസ്സിയെ വരവേറ്റു.

മെസ്സി ബാർസിലോണ വിടുന്നു എന്ന വാർത്ത ഉൾക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയിലാണ് ആരാധകർ. കുറച്ച് നാളുകളായി ഒളിഞ്ഞും തെളിഞ്ഞും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ബാർസിലോണയിൽ തുടരാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുന്നു എന്ന വാർത്തകളാണ് പുറത്തുവന്നിരുന്നത്. മെസ്സി പടിയിറങ്ങുന്നതോടെ അവസാനിക്കുന്നത് നീണ്ട രണ്ടു പതിറ്റാണ്ടിന്റെ ചരിത്രമാണ്. സ്പാനിഷ് ക്ലബ്ബായ ബാർസിലോണയുമായി ഇരുപത്തിയൊന്ന് വർഷത്തെ ബന്ധമാണ് മെസിയ്ക്കുള്ളത്.

പ്രത്യേകം വിളിച്ചുവരുത്തിയ വാർത്ത സമ്മേളനത്തിലെ വിടവാങ്ങൽ പ്രസംഗത്തിൽ കണ്ണീരണിഞ്ഞ താരത്തിന്റെ വാക്കുകൾ ഈ ലോകം മൊത്തം വിങ്ങലോടെ കേട്ടിരുന്നു. “ഇവിടം വിട്ടുപോകണം എന്നത് ഒരിക്കൽ പോലും ചിന്തിച്ചതല്ല. തുടരാൻ വേണ്ടതെല്ലാം ചെയ്തു. ഈ വിടവാങ്ങൽ എനിക്ക് അത്രമേൽ ബുദ്ധിമുട്ടേറിയതാണ്. ഇരുപത്തിയൊന്ന് വർഷത്തെ സ്നേഹത്തിന് നന്ദി” മെസ്സി പറഞ്ഞു.

അതെ ഏറെ നോവോടെയാണെങ്കിലും ബാർസയ്‌ക്കൊപ്പമോ അതിനേക്കാൾ ഉപരിയോ കഴിഞ്ഞ ഇരുപത്തിയൊന്ന് വർഷത്തിനുള്ളിൽ മെസ്സി വളർന്നിരുന്നു. ഇടം കാലു കൊണ്ടുള്ള മെസ്സി മാജിക് ഇനി ബാർസയ്ക്കില്ല. ഫുട്ബോളിന്റെ മിശിയ ബാർസിലോണയിൽ നിന്ന് വിടപറഞ്ഞിരിക്കുന്നു. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് കണ്ണീരോടെ വിടപറയുകയാണ് ആരാധകർ. ബാർസിലോണയിൽ നിന്ന് മെസ്സി സ്വന്തമാക്കിയത് 10 ലാലിഗ കിരീടവും നാല് ചാംപ്യൻസ് ലീഗുമാണ്. ഒപ്പമോ എണ്ണിയാൽ തീരാത്ത റെക്കോർഡുകളും. രണ്ടു പതിറ്റാണ്ടിന്റെ ചരിത്രത്തിന് ഇവിടെ നമുക്ക് വിട നൽകാം.

മെസ്സിയുടെ വാക്കുകൾ ഇങ്ങനെ:-

എന്റെ പതിമൂന്നാമത്തെ വയസ്സിലാണ് ഞാൻ ഇങ്ങോട്ടേക്ക് ചേക്കേറുന്നത്. നീണ്ട ഇരുപത്തിയൊന്ന് വർഷത്തിന് ശേഷം എന്റെ ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും ഒപ്പം ഞാൻ ഇവിടെ നിന്ന് വിട്ടുപോകുന്നു. ഈ നഗരം എന്റെ വീടാണ്. ഇവിടെ ജീവിച്ച ഓരോ നിമിഷവും ഇവിടെ നിന്ന് കൈവരിച്ച ഓരോ നേട്ടങ്ങളും ഓർത്ത് അത്രമേൽ ഞാൻ അഭിമാനിക്കുന്നു. ഒരിക്കൽ ഇവിടേക്ക് തന്നെ ഞാൻ മടങ്ങി വരും. നീണ്ട ഒന്നര വർഷമായി ആരാധകരെ കണ്ടിട്ട്. എന്നെങ്കിലും ഒരിക്കൽ ഇവിടെ വിടുകയാണെങ്കിൽ അതൊരു നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാകുമെന്നാണ് കരുതിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് സാധ്യമല്ല. എന്നെ സ്നേഹിച്ച എല്ലാവർക്കും നന്ദി.

എനിക്ക് ഇത് ഏറ്റവും വിഷമമുള്ള നിമിഷങ്ങളാണ്. ഇവിടെ തന്നെ തുടരാനാണ് താത്പര്യപെട്ടിരുന്നത്. ഏറ്റവും ഇഷ്ടപെട്ട എന്റെ ഈ ക്ലബ്ബ് വിട്ടുപോകേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ വർഷം പിരിഞ്ഞു പോകണമെന്ന് കരുതിയിരുന്നതാണ്. പക്ഷെ തുടരാൻ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രഖ്യാപനം എന്നെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമാണ്. ഈ തീരുമാനത്തിനായി മനസ് പാകപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ഇതെന്നെ ഏറെ വിഷമത്തിലാക്കുന്നു.

ഇവിടെ തുടരാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ അതെല്ലാം വിഫലമായിരിക്കുന്നു. ബാർസിലോണ വിടുന്ന കാര്യം അറിഞ്ഞപ്പോൾ മുതൽ വിവിധ ക്ളബ്ബുകളിൽ നിന്ന് വിളികൾ വരുന്നുണ്ട്. പക്ഷെ ഒന്നും ഉറപ്പിച്ചിട്ടില്ല. പിഎസ്ജി എന്ന സാധ്യതയും മുന്നിലുണ്ട്. പക്ഷെ എല്ലാം ചർച്ചയിലാണ്. ഇവിടെ വന്ന അന്നുമുതൽ അവസാന കളി വരെ എന്റെ കഴിവിന്റെ പരമാവധി നൽകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഞാൻ പോകുന്നതിനെ കുറിച്ച് നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. തുടരാൻ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. പക്ഷെ ലാലിഗയുടെ ചട്ടങ്ങൾ കാരണം ഒന്നും നടന്നില്ല. ഈ ക്ലബ്ബിനെ ഞാൻ അത്രമേൽ സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ ആരാധകരെ കാണാതിരുന്ന ഒരു വർഷം കഠിനമായിരുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി.

Leave a Reply

Your email address will not be published.