വർണങ്ങളാൽ നിറഞ്ഞ് പാട്ടും നൃത്തവുമായി ടോക്കിയോ ഒളിമ്പിക്സിന് യാത്രായപ്പ്; വീണ്ടുമൊരു കൂടിച്ചേരൽ ഇനി പാരിസിൽ…

ഏറെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോയികൊണ്ടിരിക്കുന്നത്. ആരവവും കൊട്ടുവിളികളുമില്ലാതെ ഒരു ഒളിംപിക്സ് കാലം കഴിഞ്ഞിരിക്കുന്നു. ആൾക്കൂട്ടമില്ലെങ്കിലും ഈ ഒളിംപിക്സ് കാലം എല്ലാവരും ആഘോഷിച്ചു എന്നുതന്നെ വേണം പറയാൻ. ഈ വർഷം ജൂലൈ 23 ന് ആരംഭിച്ച ടോക്കിയോ ഒളിമ്പിക്സിന് ഇന്നലെയായിരുന്നു സമാപനം. മൂന്ന് വർഷങ്ങൾക്ക് ശേഷം പാരീസിൽ കാണാമെന്ന പ്രതീക്ഷയിൽ ഈ ഒളിമ്പിക്സിന് വിടപറഞ്ഞിരിക്കുന്നു…

ഈ മഹാമാരി ഘട്ടത്തിലും ഒട്ടും ആവേശം കുറയാതെ വിജയകരമായി ഒളിമ്പിക്സ് പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് രാജ്യം. 2014 നടക്കേണ്ട ഒളിംപിക്സിന് ആതിഥേയ രാജ്യമായ പാരിസ് നഗരത്തിന്റെ മേയറിന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാക് പതാക കൈമാറി. കഴിഞ്ഞ വർഷം നടക്കേണ്ട ഒളിംപിക്സ് കൊവിഡ് കാരണമാണ് ഒരു വർഷം മാറ്റിവെക്കേണ്ടി വന്നത്. എങ്കിലും ഏറ്റവും മികച്ച രീതിയിൽ ഒളിംപിക്സ് നടത്താനും അതിമികച്ച രീതിയിൽ വർണ ശമ്പളമായി അവസാനിപ്പിക്കാനും പറ്റിയതിന്റെ സന്തോഷത്തിലാണ് രാജ്യം. വർണാഭമായ അന്തരീക്ഷത്തിൽ പാട്ടും നൃത്തവുമായി കലാപരിപാടികളോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായിക താരങ്ങൾക്ക് ജപ്പാൻ യാത്രായപ്പ് നടത്തിയത്.

ഒളിംപിക്സ് വാക്യമായ “കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ” എന്നതിനോടൊപ്പം ഒരുമിച്ച് എന്ന വാക്കും കൂടെ ചേർത്താണ് ടോക്കിയോ ഒളിമ്പിക്സിന് അവസാനം കുറിച്ചത്. ഈ കൊവിഡ് കാലത്ത് ഇതിലും മികച്ചൊരു വാക്ക് കൂട്ടിച്ചേർക്കാനില്ലെന്ന് താരങ്ങളും പ്രതികരിച്ചു. എന്തുതന്നെയാണെങ്കിലും മികച്ച രീതിയിൽ തന്നെ ഈ വർഷത്തെ കായിക മാമാങ്കം അരങ്ങേറി എന്നതിന്റെ സന്തോഷത്തിലാണ് കായിക പ്രേമികൾ. ഇനി അടുത്തതായി കാത്തിരിക്കുന്നത് പാരാലിംപിക്‌സിനാണ്. അത് ഈ മാസം 24 ന് ടോക്കിയോയിൽ തുടക്കം കുറിക്കും. സെപ്റ്റംബർ അഞ്ചിനാണ് പാരാലിമ്പിക്‌സ്‌ അവസാനിക്കുന്നത്.

ഇത്തവണത്തെ ഒളിമ്പിക്സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത് ഗുസ്തിയിൽ വെങ്കലം നേടിയ ബജ്‌രംഗ് പൂനിയയാണ്. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ, മത്സരം പൂർത്തിയായാൽ 48 മണിക്കൂറിനുള്ളിൽ തിരിച്ച് മടങ്ങണം എന്ന ചട്ടം നിലനിൽക്കുന്നതിനാൽ പല താരങ്ങൾക്കും സമാപന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല.

മത്സരത്തിൽ ചാംപ്യൻ പട്ടം സ്വന്തമാക്കിയത് അമേരിക്കയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ചെങ്കിലും ചൈനയ്ക്ക് പട്ടം സ്വന്തമാക്കാൻ സാധിച്ചില്ല. 113 മെഡലുകളാണ് അമേരിക്ക ആകെ സ്വന്തമാക്കിയത്. ഒട്ടും വീര്യം കുറയാത്ത പ്രകടനമാണ് ചൈനയും കാഴ്ചവെച്ചത്. ആകെ 88 മെഡലുകൾ സ്വന്തമാക്കി രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാമതായും ജപ്പാനും ഉണ്ട്.

Leave a Reply

Your email address will not be published.