“എന്റമ്മേ… സ്വന്തം സിനിമകൾ കാണാനാണ് എനിക്ക് ഏറ്റവും പേടി”: കൃഷ്ണ ശങ്കർ

“പ്രേമം” നമുക്ക് സമ്മാനിച്ചത് വേറിട്ട സിനിമ അനുഭവം മാത്രമല്ല ഒപ്പം ഒരുകൂട്ടം അഭിനേതാക്കളെ കൂടിയാണ്. അതിൽ നമ്മൾ മറക്കാത്ത, പിന്നീട് മലയാള സിനിമ മേഖലയിൽ സജീവമായ മുഖമാണ് കൃഷ്ണ ശങ്കറിന്റേത്. സിനിമ സ്വപ്നം കണ്ടു നടന്ന ചെറുപ്പക്കാരനിൽ നിന്ന് സിനിമ പിന്നണി രംഗത്തേക്കുള്ള പ്രവേശനം… അവിടെ നിന്ന് അഭിനേതാവിലേക്കുള്ള വളർച്ച.. ഇപ്പോൾ പുതിയൊരു റോളിലാണ് കൃഷ്ണ ശങ്കർ. അതെ തന്റെ പുതിയ സിനിമയുടെ നിർമ്മാതാവ് കൂടിയാണ് ഈ യുവ നടൻ. മലയാളത്തിലെ പ്രിയ നടന്റെ വളർച്ച സന്തോഷത്തോടെ നോക്കികാണുകയാണ് മലയാള സിനിമ. ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും കിടിലൻ മെയ്ക്ക് ഓവർ കഥകളുമായി കൃഷ്ണ ശങ്കർ ചേരുന്നു…

എന്താണ് ഈ പുതിയ മെയ്ക്ക് ഓവറിന്റെ ഉദ്ദേശം?

കുടുക്ക് 2025 ആണ് ഉദ്ദേശം (ചിരിക്കുന്നു ). കാരണം ഞാൻ ഇതുവരെ ചെയ്ത സിനിമകളിലെല്ലാം ഒന്നുകിൽ ചെറിയ കുറ്റി താടി അല്ലെങ്കിൽ നോർമൽ ഹെയർ അങ്ങനൊക്കെ ആയിരുന്നു. പക്ഷെ, മിക്കയുള്ളവരെയും പോലെ ഞാനും ലോക്ക്ഡൗൺ കാരണം മുടിയും താടിയും ഒന്നും വെട്ടിയിരുന്നില്ല. ആ സമയത്താണ് സംവിധായകൻ ബിലഹരി കുടുക്കിന്റെ കഥപറയാനായി വന്നത്. എന്റെ ആ ലുക്ക് കഥാപാത്രത്തിന് ചേരുന്നതാണെന്നും ഇനി മാറ്റം വരുത്തേണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് ഈ ഒരു മാറ്റത്തിലേക്ക് എത്തിയത്. ഇതിനു മുൻപ് ഞാൻ തൊബാമ എന്ന സിനിമയ്ക്ക് വേണ്ടി ഏകദേശം 15 കിലോയോളം ഭാരം കൂട്ടി ഒരു പരീക്ഷണം നടത്തിയിട്ടുണ്ടായിരുന്നു. ഈ വണ്ണം കൂട്ടുക അല്ലെങ്കിൽ കുറയ്ക്കുക എന്നത് അത്ര ചില്ലറ പരിപാടിയല്ല കേട്ടോ!!…

ആരാണ് മാരൻ? സ്വീറ്റ് ആണോ അതോ ഒരു റഫ് കാരക്ടർ ആണോ?

മാരൻ ഒരു സംഭവമാണ്. അതായത് ഇയാൾക്ക് എല്ലാ ലയേഴ്സും വരുന്നുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് മാരനെ ഒരു വിഭാഗത്തിൽ മാത്രമായി ഒതുക്കാൻ സാധിക്കില്ല. ഈ സിനിമയിൽ ഇയാൾക്ക് ഈവ് എന്ന പെൺകുട്ടിയോട് അഗാധമായ പ്രണയമാണ്. ഈവിനോട് മാത്രമാണ് പുള്ളി അല്പം സൗമ്യനായി, ശാന്തനായി പെരുമാറുന്നത്. മാരൻ ഈവിനെ മനസിലാക്കാനായി നടക്കുന്നതാണ് കുടുക്ക് 2025. അതുമാത്രമല്ല അയാളുടെ ടെൻഷനും ദേഷ്യത്തിനും ഒക്കെ പ്രാധാന്യമുണ്ട്. അതായത് നിങ്ങൾ ആ സിനിമ കാണുമ്പോൾ ചില സീനിൽ നിങ്ങൾക്ക് തന്നെ തോന്നും അയ്യോ അയാൾ ഒരു പാവമാണല്ലോ? മറ്റൊരു സീനിൽ നിങ്ങൾക്ക് തോന്നിയേക്കാം ഇതെന്താ ഇയാൾ ഇങ്ങനെ എന്ന്. അങ്ങനെ നിങ്ങളെ ചിന്തിപ്പിക്കുന്ന ഒരു സിനിമയായിരിക്കും കുടുക്ക്.

എന്താണ് കുടുക്ക് 2025?

നമ്മുടെ സ്വകാര്യതയുടെ പ്രാധാന്യം ചർച്ചചെയ്യുന്ന ഒരു സിനിമയാണ് കുടുക്ക് 2025. കുറച്ചുവർഷം കൂടി കഴിയുമ്പോൾ നമുക്ക് തീരെ സ്വകാര്യത ഉണ്ടാവില്ലെന്ന കൺസപ്റ്റിലൂടെയാണ് കുടുക്ക് സഞ്ചരിക്കുന്നത്. ഒരാളുടെ സ്വകാര്യതയിൽ അയാൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അതിനോടൊപ്പം പ്രണയവും രസകരമായി കൊണ്ടുപോകുന്ന സിനിമയാണ് കുടുക്ക് 2025. അതിലെ മാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനും ഈവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുർഗയുമാണ്.

നിർമ്മാതാവ് എന്ന നിലയിലെ ആദ്യ ചുവടുവെപ്പ് എങ്ങനെയുണ്ട്? എസ്‌വികെ പ്രൊഡക്ഷൻ തുടങ്ങാൻ ഉള്ള കാരണം എന്താണ്?

അത് സത്യത്തിൽ വല്യ ഒരുക്കങ്ങളോടെയോ അല്ലെങ്കിൽ മുൻകൂട്ടിയെടുത്ത തീരുമാനമോ ഒന്നുമല്ലായിരുന്നു. ശ്യാം മോഹന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കൊച്ചാൾ’ എന്ന സിനിമയിലൂടെയാണ് ഞാൻ നായകനായി സിനിമയിൽ ചുവട് വെക്കുന്നത്. അതിന്റെ ഷൂട്ടും കാര്യങ്ങളുമായി ബാംഗ്ലൂർ നിൽക്കുമ്പോഴാണ് ആദ്യത്തെ ലോക്ക്ഡൗൺ. സത്യത്തിൽ അന്ന് നമ്മൾ അറിയുന്നില്ലല്ലോ ഇത് ഇത്രയും മാസം നീണ്ടുനിൽക്കുമെന്ന്. അങ്ങനെയിരിക്കുന്ന സമയത്താണ് ബിലഹരി കുടുക്ക് 2025 ന്റെ കഥ എന്നോട് പറയുന്നത്. അതിനു ശേഷം അവൻ എന്നോട് ഒരു കാര്യം കൂടെ ചോദിച്ചു. നമുക്ക് ഈ സിനിമ അങ്ങട് പ്രൊഡ്യൂസ് ചെയ്താലോ എന്ന്.. അപ്പോൾ ഞാൻ ബിലഹരിയോട് പറഞ്ഞു: “ടാ, ഞാൻ ഈ സിനിമ ചെയ്യാൻ ആലോജിച്ചിട്ടേ ഉള്ളു.. നീ അപ്പൊതന്നെ എന്നെ പ്രൊഡ്യൂസറും ആക്കല്ലേ(ചിരിക്കുന്നു). അല്ല ചേട്ടൻ ആലോചിക്ക്, നമുക്ക് 20 ദിവസത്തിനുള്ളിൽ ചെയ്ത് തീർക്കാമെന്നും അവൻ എന്നോട് പറഞ്ഞു.

സത്യത്തിൽ അവനോടുള്ള വിശ്വാസംകൊണ്ടാണ് ഞാൻ ഈ സിനിമയിൽ അഭിനയിച്ചതും എസ്‌വികെ പ്രൊഡക്ഷൻസ് തുടങ്ങിയതും. കാരണം ബിലഹരിയാണ് ആദ്യമായി 2016 ൽ എന്നെ നായകനാക്കി സിനിമ ചെയ്യാൻ സമീപിക്കുന്നത്. അതിനു ശേഷം അവൻ തന്നെയാണ് എന്നെ അള്ള് രാമേന്ദ്രനിലേക്ക് ക്ഷണിച്ചതും. പിന്നെ പ്രൊഡക്ഷനിലേക്ക് ഇറങ്ങാൻ മറ്റൊരു കാരണം നമ്മുടെ സാഹചര്യമാണ്. ബിസിനസ്സാണെങ്കിലും സിനിമയാണെങ്കിലും ഏതൊരു ജോലിയാണെങ്കിലും ഇത്രയും നാൾ നമ്മൾ ഇങ്ങനെ വീട്ടിൽ ഇരുന്നിട്ടില്ല. ഇനി എന്താവുമെന്ന് നമുക്കറിയില്ല. ചിലപ്പോൾ നമുക്ക് ആശ്വാസം നൽകുന്നത് ഒരുപക്ഷെ നമ്മുടെ കയ്യിലിരിക്കുന്ന പൈസയായിരിക്കും. അതില്ലാത്തവർക്കാണേൽ അതും ഉണ്ടാവില്ല. വല്ലാത്ത ഒരവസ്ഥയാണ്.

അങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ ഒരു പ്രൊഡ്യൂസറിനോട് നമ്മുടെ സിനിമയുടെ വിജയത്തെ കുറിച്ചും ഭാവിയെ കുറിച്ചും പറഞ്ഞു മനസ്സിലാക്കാനോ വിശ്വസിപ്പിക്കാനോ സാധിച്ചെന്ന് വരില്ല. അങ്ങനെയുള്ള പ്രശ്നങ്ങൾ നേരിട്ട് തുടങ്ങിയപ്പോൾ ബിലഹരിയും ഞാനും ഈ സിനിമ നിർമ്മിക്കാം എന്ന തീരുമാനത്തിൽ എത്തി. കാരണം നമുക്ക് എല്ലാം തന്നത് സിനിമയാണ് അവിടെ നിന്നാണ് എസ്‌വികെ പ്രൊഡക്ഷൻ ഉണ്ടാകുന്നത്. സത്യസന്ധമായി പറഞ്ഞാൽ ഞാൻ വേറൊരു ജോലിയ്ക്കും പോയിട്ടില്ല. ഡിഗ്രി കഴിഞ്ഞു ഞാൻ ക്യാമറ പഠിക്കാൻ പോയി. അങ്ങനെ ക്യാമറയിൽ നിന്നാണ് ആദ്യം വരുമാനം കിട്ടിയത്. അത് ലൈറ്റ് പിടിക്കാൻ പോകുമ്പോൾ കിട്ടുന്ന തുകയാണ്. പിന്നെ സിനിമയിൽ അസിസ്റ്റന്റ് ക്യാമറമാനായും അസ്സോസിയേറ്റ് ആയും 8 പടം ചെയ്തു. പിന്നെ അഭിനയത്തിലേക്ക് വന്നു. എനിക്ക് എല്ലാം തന്നിരിക്കുന്നത് സിനിമയാണ്. അതുകൊണ്ട് സിനിമക്ക് വേണ്ടി മുടക്കുന്നതിൽ സന്തോഷമേയുള്ളൂ.

കുടുക്ക് ലൊക്കേഷനിലെ മേക്കിങ് സമയത്തെ ഒരു രസകരമായ സംഭവം പറയാമോ?

കുടുക്കിൽ മുഴുവൻ രസകരമായ സംഭവങ്ങൾ മാത്രമായിരുന്നു. അതിൽ ഒന്ന് മാത്രം പറയാൻ പറഞ്ഞാൽ അല്പം ബുദ്ധിമുട്ടാണ്. എങ്കിലും പെട്ടെന്ന് ഓർമ്മ വരുന്ന ഒരു സംഭവം പറയാം. കുടുക്ക് 2025 ലെ മാരൻ എന്ന പാട്ടിന് കൊറിയോഗ്രാഫി ചെയ്യാനായി ആരും ഉണ്ടായിരുന്നില്ല. സീൻ ഷൂട്ടിങ്ങിന്റെ ഇടയിൽ തന്നെയാണ് സോങ് കട്ടുകളും എടുത്തുകൊണ്ടിരുന്നത്. സംവിധായകൻ ബിലഹരി തന്നെയാണ് ഡാൻസ് സ്‌റ്റെപ്സ് ഒക്കെ പറഞ്ഞു തന്നത്. അതൊക്കെ നല്ല രസമായിരുന്നു. അതിൽ ഒരു ലിപ്‌കിസ്സിന്റെ സീൻ ഉണ്ടായിരുന്നു. അത് ഞങ്ങൾക്ക് കാണിച്ചു തരുമ്പോൾ ബിലഹരി പറഞ്ഞ ഒരു കാര്യം ഉണ്ട്. ഇതൊന്നും അത്ര എളുപ്പമല്ല അല്ലേ(ചിരിക്കുന്നു). അതിന്റെ റീൽസൊക്കെ ഞങ്ങൾ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. അതിനു ശേഷമാണ് ഇടുക്കിയിൽ പോയിട്ട് ഇപ്പോൾ കാണുന്ന ആ വെള്ളച്ചാട്ടത്തിന്റെ സീനൊക്കെ എടുത്തത്. തെയ്തക എന്ന പാട്ടിൽ അത്യാവശ്യം ഡാൻസ് സ്റ്റെപ്‌സോക്കെ ഉണ്ടല്ലോ. എന്തൊക്കെ പഠിപ്പിച്ചാലും പഠിച്ചാലും ഞാൻ അവസാനം വന്നു നിൽക്കുന്നത് പ്രേമത്തിന്റെ ആ ഡാൻസ് സ്റ്റെപ്പിലായിരിക്കും (ചിരിക്കുന്നു).

ഈ സിനിമ ചെയ്യണം എന്ന് തോന്നിപ്പിച്ച ഫാക്ടർ ഏതാണ്?

നേരത്തെ പറഞ്ഞതുപോലെ ഈ മാരൻ എന്ന കഥാപാത്രം കുറേ തലങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. പിന്നെ ഞാൻ ചെയ്ത മിക്ക കഥാപാത്രങ്ങൾക്കും ഒരു ഹ്യൂമർ ടച്ച് ഉണ്ട്. ചുരുക്കി പറഞ്ഞാൽ ഒരു സരസൻ ആയിരിക്കും. പക്ഷെ മാരൻ അങ്ങനെയല്ല അയാൾക്ക് കുറേ പ്രശ്നങ്ങൾ ഉണ്ട്. ആ പ്രശ്നങ്ങളെയൊക്കെ അയാൾ നേരിടുന്നത് രസകരമായ രീതിയിലാണ്. അതുപോലെ തന്നെ ഞാൻ ആദ്യമായിട്ടാണ് ഫൈറ്റ് സീൻ ചെയ്യുന്നത്. അതുകൊണ്ടു തന്നെ അതിനായി കുറച്ച് കളരിയൊക്കെ പഠിച്ചുവെച്ചു.

ഇനി പുതിയ വിശേഷങ്ങളെ കുറിച്ച് കേൾക്കാം.. ഏതൊക്കെയാണ് പുതിയ പ്രൊജക്ട്സ്?

കൊച്ചാൾ എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനായിട്ടുള്ളത്. ആദ്യമായി പോലീസ് വേഷം കൈകാര്യം ചെയ്യുന്ന സിനിമ കൂടിയാണ് കൊച്ചാൾ. മുരളി ഗോപി, ഇന്ദ്രൻസ്, കുട്ടേട്ടൻ, ഷൈൻ ടോം, വിജയരാഘവൻ തുടങ്ങി കുറേ താരങ്ങൾ ഈ സിനിമയിൽ ഉണ്ട്. ചൈതന്യ എന്ന പുതുമുഖ നായികയാണ് ഈ സിനിമയിൽ ഉള്ളത്.

ആദ്യത്തെ ലിപ്‌ലോക്ക് സീനിനോട് പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയുണ്ട്?

ബിലഹരി എന്നോട് ഈ സീൻ പറഞ്ഞപ്പോൾ ഞാൻ ആദ്യം പറഞ്ഞത് ഭാര്യയോടാണ്. സിനിമയ്ക്ക് ആവശ്യമായ കാര്യങ്ങളാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പക്ഷെ എന്താണെന്നറിയില്ല ആരും ഇതിനെ പറ്റി കാര്യമായിട്ട് അങ്ങനെ ചോദിച്ചിച്ചിട്ടില്ല (ചിരിക്കുന്നു ) .

ഒടിടി അല്ലെങ്കിൽ തിയേറ്റർ റിലീസ്?

തിയേറ്റർ തുറക്കുകയാണെങ്കിൽ തിയേറ്റർ റിലീസ് തന്നെയാണ് സിനിമയ്ക്കായി തെരഞ്ഞെടുക്കുക. പക്ഷെ ആ തീരുമാനം അത് നമ്മുടെ ചുറ്റുപാടിനെയും സാഹചര്യത്തെയും ആശ്രയിച്ചായിരിക്കും. ഇതുവരെ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല. കുറച്ചുകൂടി പണികൾ തീരാൻ ഉണ്ട്. അതുകൂടി കഴിയുമ്പോൾ സാഹചര്യം മെച്ചപ്പെട്ടാൽ തിയേറ്റർ റിലീസ് പ്രതീക്ഷിക്കാം.

സിനിമയിലെ നായിക ദുർഗ, മറ്റു താരങ്ങൾ ഇവരെ കുറിച്ചൊക്കെ പറയാമോ?

ദുർഗയെ ഞാൻ ആദ്യമായി കാണുന്നത് തന്നെ ഈ സിനിമയുടെ ഫോട്ടോഷൂട്ടിൽ വെച്ചാണ്. അത് കഴിഞ്ഞ് ഭയങ്കര കമ്പനിയായി. അതായത് മുൻപരിചയമുള്ളവരെപോലെതന്നെ. ഞാനും ദുർഗയും ബിലഹരിയും ഒറ്റ കെട്ടായിരുന്നു. ഞാൻ ദുർഗയുമായി അത്ര കമ്പനി ആയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ആ ലിപ്‌കിസ് സീനോ, കെമിസ്ട്രിയോ ഒന്നും സെറ്റ് ആക്കാൻ പറ്റില്ലായിരുന്നു. പറഞ്ഞു കേട്ടിട്ടുള്ളൊരു കാര്യം എന്താണെന്ന് വെച്ചാൽ ഓപ്പോസിറ്റ് നിൽക്കുന്നയാൾ എത്രത്തോളം കംഫർട്ട് ആണോ അത്രത്തോളം നമുക്ക് റിയാക്ഷൻ വരുമെന്നാണ്. അതിനു ദുർഗ വളരെ ഹെൽപ്ഫുൾ ആയിരുന്നു. പിന്നെ അജു വർഗീസ്, സ്വാസിക, ഷൈൻ ടോം, റാം മോഹൻ, രഘുനാഥ് പല്ലേരി, റെയ്ന തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ സിനിമയിൽ അണിനിരക്കുന്നുണ്ട് .

ക്യാമറയുടെ പിന്നിൽ നിന്ന് മുന്നിലേക്ക് വന്നു. ആ വളർച്ച ഇപ്പോൾ പ്രൊഡ്യൂസറിൽ എത്തിനിൽക്കുന്നു. എന്തൊക്കെയാണ് മറ്റു ആഗ്രഹങ്ങൾ?

സത്യത്തിൽ എനിക്ക് അഭിനയിക്കണമെന്നുള്ള ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്(ചിരിക്കുന്നു). ബാക്കിയെല്ലാം എന്നിലേക്ക് വന്നതായിരുന്നു. ഉദാഹരണം പറഞ്ഞാൽ നേരത്തിൽ അങ്ങനൊരു വേഷം കിട്ടുമെന്ന് ഞാൻ വിചാരിച്ചതല്ല. അൽഫോൻസ് എന്നോട് ഈ വേഷം ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ നോ ആണ് ആദ്യം പറഞ്ഞത്. കാരണം ഞാൻ ആ സമയത്ത് അസിസ്റ്റന്റ് ക്യാമറമാനായി ജോലി ചെയ്യുകയായിരുന്നല്ലോ. ആ സമയത്ത് ഞാൻ അഭിനയമെന്നു പറഞ്ഞു പോയികഴിഞ്ഞാൽ പകരം വേറെ ആളുകയറും. തുടർന്ന് അഭിനയിക്കാൻ അവസരം കിട്ടിയില്ലെങ്കിൽ പിന്നെ അതും ഇല്ല, ഇതും ഇല്ലാത്ത അവസ്ഥയായിരിക്കും. അപ്പോൾ അൽഫോൺസ് എന്നോട് പറഞ്ഞത് നീ സിനിമയിലേക്ക് വന്നത് അഭിനയിക്കാൻ അല്ലെ? അപ്പോൾ അതല്ലേ നീ ചെയ്യേണ്ട തെന്ന്. അന്നവിടെ സേഫ് സോൺ ബ്രേക്ക് ചെയ്തു ഞാൻ നേരത്തിൽ അഭിനയിച്ചു.

ഈ സിനിമ പ്രേക്ഷകർ കാണണം എന്ന് കരുതാനുള്ള 3 കാരണങ്ങൾ?

സമൂഹത്തിൽ ഒത്തിരി ചർച്ചചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് ഈ സിനിമയുടെ പ്ലോട്ട്. ഭൂമി എന്ന ഗായിക ഇൻഡിപെൻഡന്റ് ആകുന്നത് ഈ സിനിമയിലൂടെയാണ്. പിന്നെ ഞങ്ങൾ തന്നെ പണം മുടക്കി ചെയ്യുന്ന സിനിമയാണ് അത് കൊണ്ട് നിങ്ങൾ ഉറപ്പായും കാണണം(ചിരിക്കുന്നു ). ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഞാൻ ഈ സിനിമ ചെയ്തിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം സെയിം ട്രാക്കിൽ നിന്ന് വ്യത്യസ്തമായി പരീക്ഷിക്കണമെങ്കിൽ എന്നെ അത്രക്ക് വിശ്വാസമുള്ള ഒരു ഡയറക്ടർ വേണം. ആ ധൈര്യവും വിശ്വാസവുമാണ് ബിലഹരി കാണിച്ചിരിക്കുന്നത്.

സ്വന്തം സിനിമകൾ കാണുമ്പോൾ ഉള്ള പോരായ്മകൾ എന്താണ്? അല്ലെങ്കിൽ മാറ്റം വരുത്തിയാൽ കൊള്ളാം എന്ന് തോന്നിയിട്ടുള്ള കാര്യം ?

എന്റമ്മേ …സ്വന്തം സിനിമകൾ കാണാനാണ് എനിക്ക് ഏറ്റവും പേടി. എനിക്കെങ്ങനാണെന്ന് വെച്ചാൽ അഭിനയിക്കുന്നു മോണിറ്ററിൽ പോയി കാണുന്നു ഒരു കുഴപ്പവും ഇല്ല. പിന്നെ ഡബ്ബിങ്നു പോകുന്നു ഒരു കുഴപ്പവും ഇല്ല. അവസാനം എല്ലാ പരിപാടിയും കഴിയില്ലേ… അതായത് ആൾക്കാരെ കാണിക്കാം എന്ന ഘട്ടത്തിലേക്ക് പോകുമ്പോൾ തൊട്ട് എനിക്ക് ടെൻഷനാണ്. ഒന്നുടെ ഡബ് ചെയ്യണോ, മോശമായിപോയോ അങ്ങനെ കുറേ കുറേ ചിന്തകൾ. റിലീസിന് ആ സിനിമ കാണും പിന്നെ ഞാൻ കാണാറില്ല (ചിരിക്കുന്നു ). പിന്നെ എനിക്ക് പ്രശ്നമെന്ന് തോന്നുന്ന സീനിൽ ആൾകാർ കൈയ്യടിക്കും. അതുപോലെ ഒരു പോരായ്മയായിട്ട് തോന്നിയിട്ടുള്ളത് എന്താണെന്നു വെച്ചാൽ സംസാരത്തിന്റെ ഇടക്ക് ഡൗൺലുക്ക് ഉള്ള ആളാണ് ഞാൻ. അതൊന്നു മാറ്റിയാൽ കൊള്ളാമെന്ന് തോന്നിയിട്ടുണ്ട്. അതോടൊപ്പം തന്നെ എന്റെ സംസാരത്തിന് അല്പം സ്പീഡ് കൂടുതലാണ് തോന്നിയിട്ടുണ്ട്. പക്ഷെ അത് ഞാൻ ഏറെ കുറേ മാറ്റിയെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.