ആ പത്താം നമ്പറിൽ ഇനി മെസ്സിയില്ല; എന്തുകൊണ്ടായിരിക്കും താരം മുപ്പതാം നമ്പർ തെരെഞ്ഞെടുത്തത്….

ആരാധകർ ഏറെ വിഷമത്തോടെയാണ് മെസ്സി ബാർസിലോണ വിടുന്ന വാർത്ത ഏറ്റെടുത്തത്. അതിൽ മെസ്സിയുടെ പ്രതികരണവും കണ്ണീരോടെയായിരുന്നു. ഒടുവിൽ ആ പത്താം നമ്പർ കുപ്പായത്തോട് മെസ്സി വിട പറഞ്ഞു. ഫുട്ബോൾ റെക്കോർഡുകൾ ഓരോന്നായി വെട്ടിപ്പിടിച്ച ലയണൽ മെസി ഇനി കുപ്പായമണിയുന്നത് പിഎസ്‌ജി(പാരിസ് സെന്റ് ജര്‍മൻ)യ്ക്ക് വേണ്ടിയാണ്. മുപ്പതാം നമ്പർ ജേഴ്സിയിൽ താരത്തെ കണ്ടതിൽ പിന്നെ ആരാധർക്കിടയിൽ ഒരു സംസാരം ഉണ്ട്. പിഎസ്‌ജി പുറത്തിറക്കിയ വീഡിയോയിലാണ് താരത്തിന്റെ ജേഴ്സി നമ്പർ വെളിപ്പെടുത്തിയത്.

എന്തുകൊണ്ടാണ് മെസ്സിയുടെ മുപ്പതാം നമ്പർ ആരാധകർക്കിടയിൽ സംസാര വിഷയമായത്. നോക്കാം…
ഫ്രാൻസിൽ ബാക്കപ്പ് ഗോൾകീപ്പർമാർ അണിയുന്ന മുപ്പതാം നമ്പർ ജേഴ്‌സിയാണ് മെസ്സി പിഎസ്‌ജിയ്ക്ക് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. പിഎസ്‌ജിയുടെ തന്നെ ഗോൾ കീപ്പർ അലക്സാൻഡ്രെയിൽ നിന്നാണ് മെസ്സിയ്ക്ക് ജേഴ്സി ലഭിച്ചിരിക്കുന്നത്. പക്ഷെ ഇതൊന്നുമല്ല മെസ്സി ഈ ജേഴ്സി തെരെഞ്ഞെടുത്തതിന് പിന്നിൽ…

തന്റെ പ്രൊഫഷണൽ കരിയർ തുടങ്ങുന്ന സമയത്ത് മെസ്സിയുടെ ജേഴ്സി നമ്പർ മുപ്പത് ആയിരുന്നു. ഇത് തന്നെയാകാം ഇതിനു പിന്നിലെ കാരണമെന്നും പറയുന്നു. തന്റെ മുപ്പതാം നമ്പറിൽ നിന്ന് മെസ്സി പത്താം നമ്പറിലേക്ക് എത്തിയത് ബ്രസീല്‍ താരമായ റൊണാള്‍ഡീഞ്ഞോ ഇറങ്ങിയപ്പോഴാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം മെസ്സി കാഴ്ച വെച്ചതും ഈ പത്താം നമ്പറിൽ തന്നെയാണ്. അർജന്റീനയ്ക്കു വേണ്ടിയും ബാഴ്സലോണയ്ക്കയും ഈ പത്താം നമ്പറിൽ അദ്ദേഹം നേട്ടങ്ങൾ കൊയ്തുകൊണ്ടേയിരുന്നു.

എന്നാൽ പിഎസ്‌ജിയിൽ ബ്രസീലിയൻ താരം നെയ്മറാണ് പത്താം നമ്പർ ജേഴ്സി ഉപയോഗിക്കുന്നത്. തന്റെ സുഹൃത്തിന് വേണ്ടി ജേഴ്സി വിട്ടു നൽകാൻ താരം തയ്യാറാണെങ്കിലും മെസ്സി അത് സ്നേഹത്തോടെ നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മെസി ബാർസിലോണ വിട്ടതോടെ ആരാധകരുടെ നിരവധി പ്രതികരണങ്ങൾ ലോകത്തിന്റെ പല ഭാഗത്ത് നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെസ്സിയുടെ പത്താം നമ്പർ ഇനി ആർക്കും കൊടുക്കരുതെന്നും മെസ്സി ടീം വിട്ടതോടെ ആ നമ്പർ വിരമിക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം. ഇതിനോട് ഇതുവരെ ടീം മാനേജ്‌മന്റ് പ്രതികരിച്ചിട്ടില്ല. പക്ഷെ ടീം നിയമം വെച്ച് അത് സാധ്യമല്ലെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published.