“അഭിനയത്തിലാണെങ്കിലും ജീവിതത്തിലാണെങ്കിലും അദ്ദേഹത്തിന് പകരം വെക്കാൻ ആരുമില്ല”: മഞ്ജുപിള്ള

മലയാളികൾക്കൊപ്പം മലയാള സിനിമയ്‌ക്കൊപ്പം വർഷങ്ങളായി യാത്ര തുടരുന്ന പ്രിയതാരമാണ് മഞ്ജുപിള്ള. കഴിഞ്ഞ കുറച്ച് വർഷമായി മിനിസ്‌ക്രീനിലും തന്റെ മിന്നുന്ന പ്രകടനം കൊണ്ട് പ്രേക്ഷകർക്കൊപ്പം തന്നെയുണ്ട്. എന്നാൽ സിനിമ പ്രേക്ഷകർക്ക് മറക്കാനാകാത്ത മറ്റൊരു കഥാപാത്രം കൂടി സമ്മാനിച്ചിരിക്കുകയാണ് മഞ്ജുപിള്ള. ഹോം എന്ന സിനിമയിലെ കുട്ടിയമ്മയെ ഹൃദയത്തോട് ചേർത്തിരിക്കുകയാണ് മലയാളികൾ. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയിൽ ശരിക്കും താരങ്ങളായിരിക്കുകയാണ് കുട്ടിയമ്മയും ഒലിവർ ട്വിസ്റ്റും. സിനിമയുടെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമായി നമുക്കൊപ്പം മഞ്ജുപിള്ള…..

എന്താണ് “ഹോം”?

പേര് സൂചിപ്പിക്കുന്നത് പോലെതന്നെ നമ്മുടെ വീടുമായും കുടുംബവുമായും ഏറെ ബന്ധപ്പെട്ടിരിക്കുന്ന സിനിമയാണ് ഹോം. പൂർണമായും ഒരു ഫാമിലി എന്റർടെയ്നർ. കുടുംബബന്ധങ്ങളുടെ വില പറയുന്ന, അതോടൊപ്പം നമ്മുടെ കുടുംബങ്ങൾക്കുള്ളിൽ തന്നെ നഷ്ടമായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ മൂല്യം മനസിലാക്കി തരുന്ന ഒരു സിനിമകൂടിയാണ് ഹോം. നാല് ചുവരുകൾ ഉള്ളതുകൊണ്ട് മാത്രം അത് വീടാവണമെന്നില്ല. അത് വീടാവണമെങ്കിൽ കുടുംബം അത്യാവശ്യമാണ്. അതായത് അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, മക്കൾ എന്നിങ്ങനെ തുടങ്ങി എല്ലാവരും ചേരുമ്പോഴാണ് കുടുംബം ആകുന്നത്. സദാസമയവും സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന തന്‍റെ രണ്ട് ആൺമക്കളോട് അടുപ്പം നിലനിർത്താൻ ഒലിവർ (ഇന്ദ്രൻസ്) നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.

കഥാപാത്രത്തെക്കുറിച്ച്?

ഇന്ദ്രൻ ചേട്ടന്റെ ഭാര്യയായിട്ടാണ് ഞാൻ ഈ സിനിമയിൽ അഭിനയിക്കുന്നത്. കുട്ടിയമ്മ എന്നാണ് ഞാൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. സത്യത്തിൽ ഉർവശി ചേച്ചിയാണ് ഈ കഥാപാത്രം ആദ്യം ചെയ്യാനിരുന്നത്. കഴിഞ്ഞ വർഷമാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. ആ സമയത്ത് കോവിഡ് പ്രശ്നങ്ങൾ കാരണം ഇവിടെ നിൽക്കാനും യാത്രചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം ചേച്ചിക്ക് എത്താനും കഴിഞ്ഞില്ല. അപ്പോഴാണ് കൊച്ചിയിലുള്ള ആരെയെങ്കിലും നോക്കാമെന്നു തീരുമാനിച്ചതും ആ നറുക്ക് എനിക്ക് വീണതും(ചിരിക്കുന്നു)

“ഹോം” എന്ന ചിത്രത്തിലേക്ക് എത്തിയത് എങ്ങനെയാണ്?

കൊറോണ സമയത്ത് ഈ സിനിമയുടെ പ്രൊഡ്യൂസറും ഞങ്ങളുടെ സുഹൃത്തുമായ വിജയ് ബാബുവാണ് ഈ സിനിമയിലേക്ക് എന്നെ ക്ഷണിച്ചത്. സത്യത്തിൽ ഞാൻ ഈ കൊറോണ സമയത്ത് ഒരു ഫാം തുടങ്ങിയിരുന്നു. അതിന്റെ തിരക്കിനിടയിലാണ് വിജയ് വിളിക്കുന്നത്. ഞങ്ങൾ തമ്മിൽ 10 -15 വർഷത്തെ ബന്ധമുണ്ട്. ഹോം ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ച ഒരു കാര്യമുണ്ട് ഇത്രയും നാൾ നിങ്ങൾക്കറിയില്ലായിരുന്നോ ഞാൻ അഭിനയിക്കുമെന്നുള്ളത്? ഇപ്പോഴാണോ നമ്മളെ വിളിക്കുന്നേ.. (ചിരിക്കുന്നു )…അപ്പൊ വിജയ് പറഞ്ഞത്, “നല്ലൊരു കഥ വരാൻ വേണ്ടി കാത്തിരിക്കുവായിരുന്നു, അങ്ങനെ ഏതെങ്കിലും വേഷം തരാൻ പറ്റ്വോ? പിന്നെ അത് കഴിഞ്ഞും നിന്റെ മുഖത്ത് നോക്കണ്ടതല്ലേന്ന്’. പിന്നെ കഥ കേട്ടു, വളരെ അധികം ഇഷ്ടമായി. എത്രയും വേഗം ഈ സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം.

കുടുംബത്തെ കുറിച്ച്?

എന്റെ വീട് തിരുവനന്തപുരമാണ്. വീട്ടിൽ അച്ഛൻ, അമ്മ, അനിയൻ, ഭർത്താവ്, മകൾ. മകൾ പ്ലസ് റ്റു കഴിഞ്ഞ് ഫാഷൻ കമ്മ്യൂണിക്കേഷൻ &സ്റ്റൈലിംഗ് പഠിക്കാനായി ഇറ്റലിയിലേക്ക് പോകാൻ തയാറെടുക്കുന്നു. പിന്നെ എനിക്ക് എപ്പോൾ ഒരു ഫാം ഉണ്ട് ഇതാണ് എന്റെ ഹോം.

മകൾ സിനിമയിലേക്ക് വരുമോ?

ഏയ്…(ചിരിക്കുന്നു) അവൾക്ക് അഭിനയിക്കുന്നതിനേക്കാൾ ഇഷ്ടം മോഡലിംഗ്, ഫോട്ടോഗ്രാഫി, ക്യാമറ ഇതൊക്കെയാണ്. പലരും അവളെ സിനിമയിലേക്ക് ക്ഷണിച്ചിട്ടുപോലും അവൾ പോയില്ല. ഇപ്പോഴത്തെ അവളുടെ സ്വപനം അവൾ ആഗ്രഹിക്കുന്ന കോഴ്സ് പഠിക്കണമെന്നാണ്.

എപ്പോഴെങ്കിലും ഇന്റർനെറ്റ് /സോഷ്യൽ മീഡിയയിൽ നിന്ന് പണി കിട്ടിയിട്ടുണ്ടോ?

ഒരിക്കൽ …(ചിരിക്കുന്നു ) ഞാൻ 3000 രൂപയുടെ ഒരു ക്രീം ഞാൻ ഓർഡർ ചെയ്തപ്പോൾ എനിക്ക് വന്നത് 30-35 രൂപയുടെ സോപ്പാണ്. ഞാൻ അത് കംപ്ലൈന്റ്റ് ചെയ്തിട്ട് തിരിച്ചയച്ചു. അവർ അത് റീഫണ്ട് ചെയ്യുകയും ചെയ്തു . അതാണ് ആകെ കിട്ടിയ പണി.

ഏറെ നാളുകൾക്ക് ശേഷമാണല്ലോ ഇന്ദ്രൻ ചേട്ടനുമായി പിന്നെയും സ്ക്രീൻ ഷെയർ ചെയ്യുന്നത്. ആ അനുഭവം പങ്കുവെക്കാമോ?

എന്റെ സിനിമ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ ഇന്ദ്രൻചേട്ടന്റെ പെയറായിട്ടാണ് ഞാൻ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച നീ വരുവോളം എന്ന സിനിമയാണ് എനിക്ക് പെട്ടെന്ന് ഓർമ്മ വരുന്നത്. ഞാൻ അമ്പിളി ചേട്ടനെ പ്രേമിക്കുന്നപോലെ അഭിനയിച്ചിട്ട് ഇന്ദ്രൻചേട്ടനൊപ്പം ഒളിച്ചോടി പോകുന്നതാണ് രംഗം. ഹോമിന് മുൻപ് നിത്യഹരിതനായകൻ എന്ന സിനിമയിലാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. ഇന്ദ്രൻചേട്ടന്റെ അഭിനയത്തേക്കാൾ ഉപരി അദ്ദേഹത്തിന്റെ വ്യക്തിത്വം വലുതാണ്. കാരണം ആ വ്യക്തിത്വം ഞാൻ മറ്റാരിലും കണ്ടിട്ടില്ല. ഇപ്പോഴത്തെ പിള്ളേര് പറയുന്ന വൈബ് ഉണ്ടല്ലോ. അത് ഇദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോൾ കിട്ടുന്നത് ഒരു വേറെ ലെവലാണ്. നമ്മുടെ ബെസ്റ്റ് ടേക്കിന് വേണ്ടി വളരെ ക്ഷമയോടെ അദ്ദേഹം കാത്തുനിൽക്കും. അതൊക്കെ നമ്മളെ വളരെ പിന്തുണക്കുന്ന ഒരു കാര്യമാണ്.

ഇന്ദ്രൻ ചേട്ടൻ എന്നെ കൂട്ടുകാരി എന്നാണ് വിളിക്കുന്നത്. കുട്ടിയമ്മ എന്ന കഥാപാത്രം ഞാനാണ് ചെയ്യുന്നതെന്ന് ഉറപ്പിച്ചപ്പോൾ ചേട്ടൻ എന്നെ വിളിച്ചിട്ട് പറഞ്ഞത്. ഡാ നീയാ ചെയ്യുന്നെന്ന് അറിഞ്ഞപ്പോ എന്ത് സന്തോഷമായെന്നറിയുമോ? അപ്പോൾ ഞാൻ ചോദിച്ചു അതെന്താ ചേട്ടാ അങ്ങനെ? ഞാൻ എങ്ങനാടാ പുതിയ ആളുകളുടെ കൂടെ അഭിനയിക്കുന്നത്. എനിക്ക് പേടിയാണ്. പുള്ളിക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ മൂല്യം മനസിലായിട്ടില്ല. അദ്ദേഹം ഒന്നും ആയിട്ടില്ലെന്നാണ് ഇപ്പോഴും കരുതുന്നത്. ആ പഴയ തയ്യൽക്കാരൻ ഇന്ദ്രൻസ് ആണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ആനക്ക് ആനയുടെ വലുപ്പം മനസിലാവില്ലെന്നു പറയുന്നത് പോലെ. പുള്ളി ഏത്‌ തലത്തിലായാണ് നിൽക്കുന്നതെന്ന് അദ്ദേഹം മനസിലാക്കിയിട്ടില്ല. അത്രക്കും നല്ല മനുഷ്യനാണ് അദ്ദേഹം. അഭിനയത്തിലാണെങ്കിലും ജീവിതത്തിലാണെങ്കിലും അദ്ദേഹത്തിന് പകരം വെക്കാൻ ആരുമില്ല.

ഈ സിനിമ ചെയ്തപ്പോൾ ഏറ്റവും കൂടുതൽ സ്വാധീനിച്ച രംഗം?

ഈ സിനിമ ഉടനീളം ഭയങ്കര ഫീൽ ചെയ്താണ് ഞാൻ ചെയ്തത്. അതുകൊണ്ട് തന്നെ ഒരു രംഗം മാത്രം പറയുക ബുദ്ധിമുട്ടായിരിക്കും. എങ്കിലും, എല്ലാം സഹിച്ചു കഴിയുന്ന ഒരാളാണ് ഒലിവർ. അദ്ദേഹത്തിന്റെ ഈ സഹനം കുട്ടിയമ്മ കാണുന്നുണ്ട്. ശ്രീനാഥിന്റെ ഫിയൻസിയും വീട്ടുകാരും വീട്ടിൽ വരുമ്പോൾ ഒലിവർനോട് അവൻ തർക്കിച്ചു സംസാരിക്കുന്ന ഒരു സീനുണ്ട്. അതൊക്കെ കേട്ട് ഒലിവർ മിണ്ടാതെ സങ്കടപ്പെട്ട് ഇരിക്കുന്ന കാണുമ്പോൾ ഞാൻ അവന്മാരോട് ചൂടാവുന്ന ഒരു രംഗമാണ് എന്നെ ഏറ്റവും സ്വാധീനിച്ചത്.

സിനിമയിലുള്ള മറ്റു കഥാപാത്രങ്ങൾ? റോജിൻ തോമസിനെ കുറിച്ചും പറയാമോ?

ഇന്ദ്രൻസ് ചേട്ടന്റെ അച്ഛനായി അഭിനയിക്കുന്നത് കൈനകരി തങ്കരാജ് ചേട്ടനാണ്. മൂത്ത മകനായി ശ്രീനാഥ് ഭാസിയും ഇളയ മകനായി നസ്ലെനുമാണ് അഭിനയിക്കുന്നത്. ഈ രണ്ട് ചുണക്കുട്ടന്മാരെക്കുറിച്ച് ഞാൻ പ്രത്യേകം പറയണ്ട ആവശ്യം ഇല്ലല്ലോ. പിന്നെ സംവിധായകൻ റോജിനാണ് ഈ വീട് വീടാക്കിയിരിക്കുന്നത്. എന്റെ കഥാപാത്രം റോജിന്റെ അമ്മയുമായി ഒട്ടേറെ സാമ്യം ഉണ്ട്, വേണമെങ്കിൽ റോജിന്റെ അമ്മ തന്നെയാണെന്ന് പറയാം. സത്യത്തിൽ റോജിൻ എന്നെ ഞെട്ടിച്ച ഒരു സംവിധായകനാണ് കാരണം അവൻ മങ്കിപെൻ ചെയ്യുന്ന സമയത്ത് അവന്റെ പ്രായം നമ്മുക്കറിയാവുന്നതാണ്. ഇപ്പോഴും അവൻ കൊച്ചുപയ്യനാണ്‌. അവന്റെയൊരു അനുഭവും പ്രായമൊക്കെ വച്ചിട്ട് ഇത്രയും നല്ലൊരു സിനിമ ചെയ്തതിൽ അത്ഭുതമാണ്. ഒരു ടെൻഷനും ഇല്ലാതെ ഞങ്ങൾക്ക് അഭിനയിക്കാൻ പറ്റി അതുപോലെ തന്നെ നമ്മളിൽ പൂർണ്ണമായി വിശ്വാസമർപ്പിക്കും ഇതൊക്കെയാണ് ഞാൻ റോജിനിൽ കണ്ടിരിക്കുന്ന ഏറ്റവും വലിയൊരു ഗുണം. ഇതെല്ലാംകൊണ്ട് തന്നെ എനിക്ക് ഈ സിനിമ നന്നായി ചെയ്യാൻ പറ്റി. എന്റെ വീട് കഴിഞ്ഞാൽ പിന്നൊരു സെക്കൻഡ് ഹോമാണ് ഈ #home ടീം.

ഈ കഥാപാത്രമാകാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്തു ?

ഞാൻ പ്രത്യേകിച്ചൊന്നും ചെയ്തില്ല. മേക്കപ്പ്മാൻ റോനെക്‌സും റോജിനുമാണ് കാര്യങ്ങളൊക്കെ ചെയ്തത്(ചിരിക്കുന്നു). പിന്നെ ഞാൻ ആ പ്രായത്തിലുള്ളവരുടെ മാനറിസം നോക്കിയിരുന്നു. പിന്നെ റോജിൻ എന്നോട് എങ്ങനെ ചെയ്യണം അല്ലെങ്കിൽ അങ്ങനെ ചെയ്യണം എന്ന് എന്നോട് പറഞ്ഞിട്ടില്ല. ചേച്ചിയായിട്ടങ്ങ് ചെയ്‌താൽ മതിയെന്നാണ് എന്നോട് പറഞ്ഞത് .

വരാനിരിക്കുന്ന സിനിമ വിശേഷങ്ങൾ?

2-3 പ്രൊജക്റ്റ്സ് വന്നിട്ടുണ്ട്. അതിൽ ഒന്നിന് ഞാൻ കൈ കൊടുത്തു. അത് നാഷണൽ അവാർഡ് വിന്നർ ക്രിസ്റ്റോ ടോമിയുടെയാണ്. നിമിഷയാണ് അതിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രേവതിചേച്ചിയും ഞാനും ഇതിൽ അഭിനയിക്കുന്നുണ്ട്. ബാക്കി ഒക്കെ സസ്പെൻസ് ആണ് (ചിരിക്കുന്നു ). ഇനി ഒന്നും ചോദിക്കല്ലേ….

Leave a Reply

Your email address will not be published.