‘ജന ഗണ മന’ എന്ന ടൈറ്റിലിൽ തന്നെ എല്ലാം വ്യക്തമാണ്; വിശേഷങ്ങളുമായി സംവിധായകൻ ഡിജോ ജോസ് ആന്റണി

പ്രമോ റിലീസിൽ തന്നെ ഒരുപാട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ജന ഗണ മന. പൃഥ്വിരാജ്-സുരാജ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. സിനിമ വിശേഷങ്ങളും മേക്കിങ് വിശേഷങ്ങളുമായി നമുക്ക് ഒപ്പം ചേരുന്നു ജന ഗണ മന സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണി.

എന്താണ് ‘ജന ഗണ മന’? രാഷ്ട്രീയമാണോ വിഷയം?

ഈ സിനിമ തികച്ചും സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ ആണ്. അതാണ് ഈ സിനിമയുടെ ഒരു ജോണർ. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഒരു ട്രെയ്‌ലർ റിലീസ് ചെയ്തിരുന്നു. അതിൽ തന്നെ വ്യക്തമായി രാഷ്ട്രീയം പറയുന്ന ഒരു രംഗം ഉണ്ട്. വളരെ ആനുകാലിക പ്രസക്തിയുള്ള വിഷയവും അതിൽ വരുത്തേണ്ടതായ മാറ്റവുമാണ് ഈ സിനിമയിലൂടെ മുൻപോട്ട് വെക്കുന്നത്.

ഈ സിനിമ സംവിധാനം ചെയ്യാനുള്ള കാരണം എന്താണ്?

ഈ സിനിമയിൽ ചർച്ച ചെയ്യുന്ന വിഷയം തന്നെയാണ്. അതുപോലെ തന്നെ ഈ സിനിമയിലൂടെ മുൻപോട്ട് വെക്കുന്ന ആശയം ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. നേരത്തെ പ്ലാൻ ചെയ്ത സിനിമയാണെങ്കിൽ പോലും റോൾ ചെയ്ത് തുടങ്ങിയപ്പോഴേക്കും കൊവിഡ് ഭീഷണി കാരണം നീണ്ടുപോവുകയായിരുന്നു. പിന്നീട് നമ്മൾ രണ്ടും കല്പിച്ച് ഏറെ കുറെ ഷൂട്ട് ചെയ്തിരുന്നു. പിന്നെ സംവിധായകൻ എന്ന നിലയിൽ എനർജിയും ആവേശവും നൽകുന്ന കഥയാണ് ഞാൻ സംവിധാനം ചെയ്യാൻ തെരെഞ്ഞെടുക്കാറുള്ളത്. അങ്ങനെയല്ലാം വെച്ചുനോക്കുമ്പോൾ ഇതു തീർച്ചയായും ചെയ്യേണ്ട സിനിമയാണെന്ന് തോന്നി. അങ്ങനെ ഓൺ ആക്കിയ സിനിമയാണ് ജന ഗണ മന.

ചിത്രീകരണ വിശേഷം?

70-75 ശതമാനം മാത്രമാണ് ഇപ്പോൾ ചിത്രീകരണം കഴിഞ്ഞിരിക്കുന്നത്. കൊവിഡിന് മുൻപാണെങ്കിൽ വളരെ ഗംഭീരമായി ചെയ്യേണ്ടതാണ്. നിലവിലെ കൊവിഡ് സാഹചര്യത്തിൽ കുറച്ച് ലിമിറ്റേഷൻസ് ഉള്ളതുകൊണ്ടാണ് ബാക്കി ഷൂട്ട് പെന്റിങ് ആയി നിൽക്കുന്നത്. ഷൂട്ടിംഗ് തീർക്കുക എന്നുള്ളതാണ് മുന്നിലുള്ള ഏറ്റവും വലിയ ദൗത്യം. കാരണം ഷൂട്ടിംങ് തീർന്നാൽ ആ സിനിമ പൂർണമായതിന് തുല്യമാണ്. ബാക്കിയുള്ളതൊക്കെ അകത്തിരുന്ന് ചെയ്ത് തീർക്കാവുന്ന കാര്യങ്ങളാണ്. ഇത്രയും ചെയ്ത് തീർത്തത് തന്നെ വളരെ വലിയ കാര്യമാണ്. പക്ഷെ ഇനി ബാക്കി ചെയ്യാനുള്ളത് അതിലേറെ വലിയ കാര്യമാണ് (ചിരിക്കുന്നു)

വിമർശനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? വിമർശനങ്ങൾ എങ്ങനെ നോക്കികാണുന്നു?

വിമർശനങ്ങൾ അത് വേണമല്ലോ(ചിരിക്കുന്നു). ഇല്ലെങ്കിൽ സിനിമ നന്നാവില്ല. സത്യം പറഞ്ഞാൽ ഞാൻ ക്വീൻ എന്ന സിനിമ ചെയ്തപ്പോൾ എല്ലാവരും പറഞ്ഞു കോടതി സീനിലാണ് സിനിമ അങ്ങ് കൊളുത്തിയതെന്ന്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഭാഗമാണത്. സെക്കൻഡ് ഹാഫ് മോശമായി കഴിഞ്ഞാൽ സിനിമ പൂർണ്ണമായി മോശമാവുകയേയുള്ളു. പക്ഷെ ഫസ്റ്റ് ഹാഫ് ഒരുവിധം കുഴപ്പമില്ലാതെ കൊണ്ടുപോയി. സെക്കന്റ് ഹാഫ് ഗംഭീരമാക്കിയാൽ മാത്രമേ സിനിമ വിജയിക്കുകയുള്ളു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

ഒരു സിനിമയുടെ ക്ലൈമാക്സ് ഗംഭീരമായിരിക്കണം. അത് എല്ലാ കാര്യത്തിലും അങ്ങനെയാണ്. ക്വീൻ എന്ന സിനിമയ്ക്ക് നേരെയും അന്ന് കുറേ വിമർശനങ്ങൾ ഉണ്ടായിരുന്നു. അതുപോലെ തന്നെ ഇത്തവണ എന്തായാലും ഉണ്ടാവും (ചിരിക്കുന്നു ). പ്രമോ ഇറക്കിയപ്പോൾ തന്നെ അതിന്റെ താഴെ ഉള്ള കമന്റ് നോക്കിയാൽ മനസിലാകും ഇതിനു വിമർശനം മാത്രമേ ഉണ്ടാകുകയുള്ളെന്ന്(ചിരിക്കുന്നു). ‘ജന ഗണ മന’ എന്ന ടൈറ്റിലിൽ തന്നെ എല്ലാം വ്യക്തമാണ്. പിന്നെ വിമർശനങ്ങൾ ഓരോരുത്തരുടെ പെർസ്പെക്ടിവ് ആണ്. എല്ലാവർക്കും ഒരേ രാഷ്ട്രീയമല്ലല്ലോ? ജന ഗണ മന എന്ന സിനിമ തീർച്ചയായും ഫോർ ദി പീപ്പിൾ ആയിരിക്കും. എല്ലാവരുടെയും രാഷ്ട്രീയ ചിന്താഗതിയ്ക്ക് വളരെ വ്യക്തത നൽകുന്ന ഒരു സിനിമ കൂടിയാണ്.

തിയേറ്റർ റിലീസ് ആണോ?

തിയേറ്റർ റിലീസ് ചെയ്യാനാണ് ആഗ്രഹം. ഒടിടി പ്ലാറ്റ്ഫോമിൽ സിനിമ റിലീസ് ചെയ്യുമ്പോൾ ഉള്ള കുഴപ്പം എന്താണെന്ന് വെച്ചാൽ, 3 അല്ലെങ്കിൽ 2 മണിക്കൂർ ദൈർഘ്യമുള്ള സിനിമ അവരുടെ ഇഷ്ടത്തിന് പോസ് ചെയ്ത് അവരുടെ കാര്യങ്ങൾക്ക് ഇടയിലൂടെയാണ് കാണുന്നത്. സത്യത്തിൽ സംവിധായകൻ എന്ന നിലയിൽ അത് വളരെ വേദനയുണ്ടാക്കുന്ന കാര്യമാണ്. കാരണം 100-150 ലേറെ ആളുകളുടെ അധ്വാനമാണ് ഒന്നുമല്ലാതാകുന്നത്. നമ്മുടെ പല കാര്യങ്ങൾക്കിടയിലൂടെ സിനിമ കാണാൻ ശ്രമിക്കുമ്പോൾ വിരസത ഉണ്ടാകും എന്നിട്ട് പറയും സിനിമ ബോറായിരുന്നെന്ന്. തിയേറ്ററിലാണ് സിനിമ എത്തുന്നതെങ്കിൽ 3 അല്ലെങ്കിൽ 2 മണിക്കൂറുള്ള സിനിമ ബാക്കിയൊക്കെ മറന്ന് ലയിച്ചിരുന്നാണ് കാണുന്നത്. ആ സമയത്ത് നമ്മൾ ഫോൺ പോലും മാറ്റിവെക്കും. അല്ലെ? ഇങ്ങനുയുള്ള പ്രശ്നങ്ങൾ കാരണം ഒടിടി റിലീസ് എന്നുള്ളത് സങ്കടകരമായ ഒരു കാര്യമാണ്. നമ്മൾ തിയേറ്റർ റിലീസ് തന്നെയാണ് മാക്സിമം നോക്കുന്നത്. കാരണം വേറൊന്നുമല്ല ഇതുവരെ നമ്മുടെ സിനിമ തീർന്നിട്ടില്ല(ചിരിക്കുന്നു). ഇനിയിപ്പോൾ സിനിമ ഷൂട്ട് ചെയ്ത് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷനും കഴിഞ്ഞിട്ടും നമ്മുടെ ഈ സാഹചര്യത്തിന് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ലെങ്കിൽ ഉറപ്പായും ഈ സിനിമ ഒടിടിയിൽ തന്നെ ഇറക്കേണ്ടി വരും. കാരണം സമയം വൈകുന്തോറും നമ്മൾക്ക് ഇൻവെസ്റ്റ് ചെയ്ത പൈസ ഡെഡ് അല്ലെ. തിരിച്ചു പിടിക്കുക എന്നുള്ളതല്ലേ ലക്‌ഷ്യം. എന്താണെങ്കിലും ബിസിനസ് അല്ലെ? ബിസിനസ് നന്നായാലല്ലേ എല്ലാവർക്കും ഗുണങ്ങൾ ഉണ്ടാവുള്ളു.

‘ജന ഗണ മന’ എന്ന ടൈറ്റിലിൽ എത്തിയത് എങ്ങനെയാണ്?

ഈ ടൈറ്റിൽ തന്നെയായിരുന്നു തുടക്കം മുതലേ ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നത്. പക്ഷെ, തമിഴിൽ ഇതേ ടൈറ്റിലിൽ ജയം രവി അഭിനയിച്ചിയിട്ടുള്ള ഒരു സിനിമ ഉണ്ടായിരുന്നു. എങ്കിലും പേരിൽ നിന്ന് പിന്മാറണമെന്ന് തോന്നിയിട്ടില്ല. അതോടെ അവരുടെ കൈയ്യിൽ നിന്ന് അനുവാദം വാങ്ങിയിട്ടാണ് ഈ ടൈറ്റിൽ ഫിക്സ് ചെയ്തത്. കാരണം ഈ ടൈറ്റിൽ തന്നെ വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ പ്രൊഡ്യൂസർ ഒക്കെ ഏറെ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ഈ ടൈറ്റിൽ സ്വന്തമാക്കിയത്.

പൃഥ്വിരാജ്&സുരാജ് കൂട്ടുക്കെട്ടിനെ കുറിച്ച് പറയാമോ?

അവർ രണ്ടുപേരും നല്ല ഗംഭീര നടന്മാരാണെന്നുള്ളത് ഞാൻ പറയാതെ തന്നെ അറിയാവുന്ന കാര്യമാണ്. ഈ സിനിമയിലെ അവരുടെ പെർഫോമൻസിന്റെ കാര്യത്തിൽ എനിക്ക് ഗ്യാരന്റിയുണ്ട്. സിനിമയുടെ ഷൂട്ടിംഗ് 30% ആയപ്പോഴാണ് പ്രമോ റിലീസ് ചെയ്തത്. സത്യത്തിൽ സിനിമ പൂർത്തിയായിട്ട് ഇതിനു പിറകിൽ പോയാൽ മതിയെന്നുണ്ടായിരുന്നു. അതാണ് ഏറ്റവും നല്ലത്. പക്ഷെ നമ്മൾ ഇത് ഷൂട്ട് ചെയ്തിട്ട് ആരും അറിയാതിരുന്നിട്ട് കാര്യമില്ലല്ലോ. അതുകൊണ്ടാണ് പ്രമോ റിലീസ് ചെയ്തത്. എന്തായാലും അത് വളരെ പ്രയോജനകാര്യമായിരുന്നു.

ഇതിലെ ബംഗാളി മ്യൂസികിന് നല്ല റെസ്പോൺസണാല്ലോ ലഭിച്ചിരിക്കുന്നത്? അങ്ങനെയൊരു മ്യൂസിക് ചെയ്യാനുള്ള കാരണം?

ജേക്സ് ആണ് ഇതിന്റെ മ്യൂസിക് ചെയ്തിരിക്കുന്നത്. ക്വീൻ എന്ന സിനിമയുടെ മ്യൂസിക് ചെയ്തിരിക്കുന്നതും ജേക്‌സാണ്. പണ്ടുതൊട്ടേ ഞങ്ങൾ സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ സിനിമയുടെ ഓരോ കാര്യങ്ങളും ഞങ്ങൾ നന്നായി ഡിസ്‌കസ് ചെയ്യാറുണ്ട്. അങ്ങനെയൊരു ഡിസ്കഷനിലാണ് ഈ ഐഡിയ വന്നത്. ആദ്യം ചെറിയൊരു കൺഫ്യൂഷ്യൻ ഉണ്ടായിരുന്നു. ഇത് വർക്ക് ആകുമോ? വേണോ എന്നെല്ലാം. പക്ഷെ ചെയ്ത് തുടങ്ങിയപ്പോൾ തന്നെ എനിക്ക് അത് ഭയങ്കരമായി ഇഷ്ടപ്പെട്ടു.

നമ്മുടെ ദേശീയപതാക ഉയരുമ്പോൾ എപ്പോഴും കേൾക്കാറുള്ളത് എ.ആർ .റഹ്മാന്റെ വന്ദേമാതരമാണ്. എനിക്ക് അതുപോലെ തന്നെ അല്ലെങ്കിൽ അതിനു മുകളിൽ ഉള്ള ഒരു സാധനം വേണമെന്ന് അവനോട് ഞാൻ ആദ്യമേ പറഞ്ഞിരുന്നു. ചിലപ്പോഴൊക്കെ പാതിരാത്രി ഷൂട്ട് കഴിഞ്ഞിട്ട് വന്ന് ഞാൻ ജേക്സിനെ വിളിച്ചിട്ട് അത് മാറ്റണം ഇത് മാറ്റണം എന്നൊക്കെ പറയും. അവൻ അപ്പോൾ തന്നെ കീബോർഡ് എടുത്ത് സംഭവം റെഡി ആക്കും. അതൊക്കെ ഈ സിനിമയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ജേക്സ് മാത്രമല്ല ഇതിന്റെ എഡിറ്ററും സ്ക്രിപ്റ്റ് റൈറ്ററും ഞങ്ങൾ എല്ലാവരും സുഹൃത്തുക്കളാണ്.

പ്രമോയിൽ പൃഥ്വിരാജിന്റെ പഞ്ച് ഡയലോഗും വളരെ ശ്രദ്ധയാകർഷിച്ച ഒന്നാണല്ലോ?

ക്വീൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് തന്നെയാണ് ജന ഗണ മനയുടെയും റൈറ്റർ. സത്യത്തിൽ എന്റെ കൂടെ അന്നുണ്ടായിരുന്ന ടീമിനെ തന്നെയാണ് ഇവിടെയും ഞാൻ പ്ലേസ് ചെയ്തിരിക്കുന്നത്. എല്ലാവരും നമ്മുടെ സ്വന്തം ആൾക്കാരാണ്. അത് സിനിമയ്ക്ക് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്.

ഷാരിസിന്റെയും എന്റെയും തുടക്കം ക്വീൻ എന്ന സിനിമയിലൂടെയാണ്. ആ സിനിമയിലെ തന്നെ ‘ഏതാണ് ആ അസമയം’ എന്ന ഡയലോഗും വളരെ ഹിറ്റായിരുന്നു. അവൻ കഥ എഴുതുമ്പോൾ എനിക്ക് സന്തോഷമാണ്.

അടുത്ത സിനിമാവിശേഷങ്ങൾ എന്താണ്?

ആദ്യം ഈ സിനിമ ഒന്ന് തീർക്കണം (ചിരിക്കുന്നു ). കുറേ സിനിമകൾ നമ്മുടെ പ്ലാനിൽ ഉണ്ട്. പിന്നെ ടൊവിനോ നായകനായിട്ടുള്ള പള്ളിച്ചട്ടമ്പിയാണ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. അത് ഈ പറഞ്ഞപോലെ അതിഗംഭീര സിനിമയാണ്. കൊവിഡ് സാഹചര്യം കാരണം ആ സിനിമ ചെയ്യാൻ പറ്റാതെയായി. ഇത് പൂർത്തിയാക്കിയിട്ട് വേണം ഇനി ആ സിനിമ ചെയ്യാൻ. പള്ളിച്ചട്ടമ്പി മാത്രമല്ല കുറേ സിനിമകൾ ഉണ്ട് .

Leave a Reply

Your email address will not be published.