‘രക്ത’വർണ്ണത്തിൽ ഒരു വെള്ളച്ചാട്ടം..!

സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. 98 ശതമാനത്തോളം മഞ്ഞു മൂടിക്കിടക്കുന്ന ഇവിടെ നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. സഞ്ചാരികളെ ഏറെ ആകർഷകമാക്കുന്നത് അവിടുത്തെ രക്ത നിറമുള്ള വെള്ളച്ചാട്ടമാണ്. ടെയ്‌ലർ ഹിമാനി പ്രദേശത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. സെന്റനൽ റേഞ്ച്പോലുള്ള ഉയർന്ന ഗിരിശൃംഗങ്ങളിൽ 50 ദശലക്ഷം വർഷത്തിന് മുൻപ് തന്നെ കരയിൽ ഉയർന്നു കിടക്കുന്ന മഞ്ഞുകണങ്ങളായ ഹിമാനികൾ രൂപംകൊണ്ടിരുന്നു. കിലോമീറ്ററോളം നീളത്തിൽ മഞ്ഞു കണങ്ങൾ പരന്നു കിടക്കുന്നതാണ് ടെയ്‌ലർ ഹിമാനി പ്രദേശം. അവിടെ നിന്നുമാണ് ഈ അത്ഭുത വെള്ളച്ചാട്ടത്തിന്റെ കഥ വരുന്നത് .

1911ൽ ടെയ്‌ലർ ഹിമാനിയിലേക്ക് ഗവേഷണത്തിനായി എത്തിയ ഗവേഷകരാണ് മഞ്ഞു കണങ്ങൾക്കിടയിലൂടെ ഒഴുകുന്ന ‘ ചുവപ്പ് നിറത്തിലുള്ള വെള്ളച്ചാട്ടം കണ്ടുപിടിച്ചത്. ബ്ലഡ്‌ ഫാൽസ് എന്ന് ഗവേഷകർ അതിനു പേര് നൽകി. കുറച്ചധികം നാളത്തെ അന്വേഷണങ്ങൾക്ക് ശേഷം ഗവേഷകർ ഈ വെള്ളച്ചാട്ടത്തിന്റെ കാരണം കണ്ടെത്തി. മഞ്ഞുപാളികളിലെ ചുവന്ന ആൽഗെകളാണ് ചുവപ്പൻ പ്രതിഭാസത്തിനു പിന്നിൽ എന്നായിരുന്നു അവരുടെ കണ്ടെത്തൽ . പക്ഷേ അപ്പോഴും ആ ആൽഗെകൾ എവിടെ നിന്നു വന്നു എന്നത് ഒരു ചോദ്യമായി തന്നെ നിലനിന്നു.

കുറച്ച്‌ വർഷങ്ങൾക്ക് ശേഷം യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ഫെയർബാങ്ക്സിലെ ഗവേഷകരാണ് ആ രഹസ്യം കണ്ടെത്തിയത്. ആൽഗെകളല്ല മറിച്ച് ഇരുമ്പ് തുരുമ്പിക്കുന്നതിനു സമാനമായ പ്രക്രിയയാണ് ടെയ്‌ലർ ഹിമാനിയിൽ നടക്കുന്നത്, അതുവഴിയാണ് ‘രക്തം നിറത്തിലുള്ള വെള്ളച്ചാട്ടം’ സൃഷ്ടിക്കപ്പെടുന്നതെന്ന് ഗവേഷകർ കണ്ടെത്തി. ചുറ്റിലും മഞ്ഞുമൂടിക്കിടക്കുമ്പോൾ ഇത്ര അധികം ഇരുമ്പ് എവിടെ നിന്നുണ്ടായി എന്ന ചോദ്യം ഗവേഷകരുടെ ഇടയിലും നിലനിന്നിരുന്നു.

15 ലക്ഷം വർഷത്തോളം പഴക്കമുള്ള ടെയ്‌ലർ ഹിമാനിയുടെ രൂപീകരണ സമയത്ത് കിലോമീറ്റർ കണക്കിന് ദുരത്തെക്കാണ് മഞ്ഞു പരന്നത്. മഞ്ഞിൻറെ ആ യാത്രയ്ക്കിടെ അത് ഒരു ഉപ്പുവെള്ളത്തടാകത്തെയും കടന്നുപോയിരുന്നു. എണ്ണിയാലൊടുങ്ങാത്ത മഞ്ഞു പാളികൾക്കു താഴെയായി ആ തടാകം കുടുങ്ങിക്കിടന്നു. അതിലെ ഉപ്പുവെള്ളം കുറുകിക്കുറുകി കൊടും ഉപ്പുരസമുള്ളതായും മാറി. സാധാരണ താപനിലയിൽ ഉപ്പുവെള്ളം കട്ടിയാകുന്ന അവസ്ഥയിൽ അതെത്തി. ഭൂമിയുടെ അടിത്തട്ടിൽ നിന്നും ഈ ഉപ്പുതടാകം ഇരുമ്പിന്റെ അംശങ്ങളെ വലിച്ചെടുക്കുകയും ഈ വെള്ളം പുറത്തെത്തി ഓക്സിജനുമായി ചേർന്ന് ചുവപ്പ് നിറമായി മാറുകയും ചെയ്തു. ചോരച്ചുവപ്പല്ലെങ്കിലും തുരുമ്പിന്റെ നിറമാണ് ടെയ്‌ലർ ഹിമാനിയുടെ നെറുകയിലുള്ള ‘രക്തവെള്ളച്ചാട്ട’ത്തിനുള്ളത് എന്ന് ഗവേഷകർ പറയുന്നു. ഇരുമ്പിന്റെ അംശം നിറഞ്ഞ ഈ വെള്ളം എങ്ങനെ വർഷങ്ങൾ കാത്തിരുന്ന് മഞ്ഞുപാളികൾക്കിടയിലൂടെ പുറത്തേക്കൊഴുകി എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരുന്നില്ല.

റേഡിയോ–എക്കോ സൗണ്ടിങ് (ആർഇഎസ്) എന്ന റഡാർ സംവിധാനം ഉപയോഗിച്ച ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കി.
ശബ്ദതരംഗങ്ങള്‍ മഞ്ഞു പാളികളിലേക്കയച്ച് അത് കണ്ടെത്തി. വെള്ളച്ചാട്ടമുള്ള ഭാഗത്തിനു മുകളിൽ ഗ്രിഡ് ആകൃതിയിൽ ആർഇഎസ് റഡാറിന്റെ ആന്റിന ചലിപ്പിച്ചു. ശബ്ദതരംഗങ്ങൾ മുന്നോട്ട് വിട്ട് വഴിയിലെ തടസ്സങ്ങൾ മനസിലാക്കുന്ന രീതി തന്നെയാണ് ആർഇഎസ് റഡാർ സംവിധാനത്തിലും ഉപയോഗിക്കുന്നത്. അതോടെ മഞ്ഞുപാളികളുടെ താഴെയുള്ളത് എന്തെല്ലാമെന്ന വിവരങ്ങൾ ലഭ്യമായി . ടെയ്‌ലർ ഹിമാനിക്കു താഴെ ഒട്ടേറെ നീളൻ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളതായിരുന്നു അതിലെ പ്രധാന വിവരം. 300 മീറ്റർ നീളമുള്ള ഒരു വിള്ളലിലൂടെയായിരുന്നു ഹിമാനിക്ക് അടിയിലെ ഇരുമ്പുനിറഞ്ഞ ഉപ്പുവെള്ളം മുകളിലേക്കൊഴുകിയത്. ശക്തമായ സമ്മർദത്തിലുടെ ഉപ്പുവെള്ളം വിള്ളലിലൂടെ മുകളിലേക്കു പ്രവഹിക്കുകയായിരുന്നു. ഇതുവഴി, എങ്ങനെയാണ് ഉപ്പുരസം നിറഞ്ഞിട്ടും ജലത്തിന് തണുത്തുറഞ്ഞ ഹിമാനികളിലൂടെ സഞ്ചരിക്കാനാകുന്നതെന്ന് ചോദ്യത്തിനും ഗവേഷകർ ഉത്തരം കണ്ടെത്തി.

കട്ടിയാകുന്നതിനനുസരിച്ച് ജലം താപത്തെ പുറംതള്ളുന്നുവെന്നാണ് അവർ കണ്ടെത്തിയത്. താപനില പരിസര പ്രദേശങ്ങളിലെ തണുത്തുറഞ്ഞ മഞ്ഞിനെയും ചൂടുപിടിപ്പിക്കും. കുറഞ്ഞ ‘ഫ്രീസിങ് ടെംപറേച്ചറാണ്’ ഉപ്പുവെള്ളത്തിനുള്ളത്. ഇതോടൊപ്പം ചൂടുകൂടി ചേരുന്നതോടെ ഉപ്പുവെള്ളത്തിന്റെ സഞ്ചാരം എളുപ്പമാകുന്നു. ദശലക്ഷക്കണക്കിനു വർഷങ്ങൾ കാത്തിരുന്ന ശേഷമാണ് ടെയ്‌ലർ ഹിമാനിക്കു താഴെയുള്ള ഉപ്പുവെള്ളത്തിന് മഞ്ഞുപാളിയിൽ വിള്ളലുണ്ടാക്കി പുറത്തേക്കു വരാൻ സാധിച്ചത്. അന്റാർട്ടിക്കയിൽ ഇത്തരത്തിൽ ജലത്തിന്റെ അതിവേഗ പ്രവാഹമുള്ള ഏറ്റവും തണുത്തുറഞ്ഞ പ്രദേശവും ഇപ്പോൾ ടെയ്‌ലർ ഹിമാനിയാണ്. അതുകൊണ്ടുതന്നെ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്നതും ഈ പ്രദേശം തന്നെയാണ് .

Leave a Reply

Your email address will not be published.