നെഞ്ചിൽ ആഞ്ഞുപതിക്കുന്ന ‘ചവിട്ട്’

ഏറ്റവും പഴക്കം ചെന്നതും സമൂഹത്തെ സ്വാധീനിച്ചതും ആയ കലാരൂപങ്ങളിൽ ഒന്നാണ് നാടകം. ഏറ്റവും ജനപ്രിയ കലാരൂപമായ സിനിമ പോലും നാടകത്തിൽ നിന്ന് പരിണാമം പ്രാപിച്ചതാണ്. നാടകത്തിനു പ്രാധാന്യവും പ്രേഷകശ്രദ്ധയും നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നാടകസംഘങ്ങളെയും വേദിയെയും അതിന്റെ പൂർണതയിൽ അവതരിപ്പിക്കുന്ന ഒരു ചിത്രമാണ് ചവിട്ട്.

ഒരു റെസിഡന്റ് അസോസിയേഷന്റെ ആനുവൽ ഡേയ്ക്ക് നാടകം അവതരിപ്പിക്കാൻ വന്ന ഒരു കൂട്ടം കലാകാരന്മാരുടെ പരിശീലനവും ഒരുക്കങ്ങളും ഒക്കെയാണ് സിനിമയുടെ പ്രമേയം. പരമ്പരാഗതമായ കഥപറച്ചിൽ രീതികളിൽ നിന്ന് മാറി നിന്നുള്ള പുതുമയുണർത്തുന്ന അവതരണം ചിത്രത്തെ വേറിട്ട്‌ നിർത്തുന്നു.  സമൂഹത്തിൽ നമുക്ക് ചുറ്റും നടക്കുന്ന പല സംഭവങ്ങളെ കോർത്തിണക്കി പ്രേഷകനെ ചിന്തിപ്പിക്കുന്ന തരത്തിൽ ആണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ നാടകക്കാർ ആയതിനാൽ സിനിമയുടെ രാഷ്ട്രീയം യാതൊരു മുഖവുരയും ഇല്ലാതെ നാടകത്തിലൂടെ സിനിമ പറയുന്നു.

വർത്തമാന കാലത്ത് കൊട്ടിഘോഷിക്കപ്പെടുന്നതും മറന്നു കളഞ്ഞതുമായ വിവിധ കലാരൂപങ്ങളെ ചിത്രത്തിൽ കാണാം. ചിലത് ഹാസ്യരൂപേണ അവതരിപ്പിച്ചു ശക്തമായ ആശയം മുന്നോട്ട് വയ്ക്കുമ്പോൾ ചിലത് ഗൗരവത്തോടെ അവതരിപ്പിച്ച് ചിരിയുണർത്തുന്ന തമാശയിലേക്ക് വഴിതിരിച്ചു വിടുന്ന സംവിധായകരുടെ ബോധപൂർവ്വമുള്ള ശ്രമം ഫലിച്ചിട്ടുണ്ട്. ക്യാമറ ഒളിപ്പിച്ചു വെച്ച് ചിത്രീകരിച്ചതാണോ എന്ന് പ്രേക്ഷകന് സംശയം ഉണർത്തും വിധം നാച്ചുറൽ ആയി അഭിനേതാക്കളുടെ പ്രകടനത്തെ ഛായാഗ്രാഹകൻ മുകേഷ് മുരളീധരൻ ഒപ്പിയെടുത്തിട്ടുണ്ട്. ഷറഫുദ്ധീൻ ആൻഡ് ഫ്രണ്ട്‌സ് അവതരിപ്പിച്ച്, റഹ്മാൻ ബ്രദർസ് (ഷിനോസ്, സജാസ് )രചന, എഡിറ്റിംഗ്, സംവിധാനം നിർവഹിച്ച ആക്ഷേപഹാസ്യ സ്വഭാവമുള്ള ചിത്രം IFFK യിൽ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

Leave a Reply

Your email address will not be published.