ബ്രിട്ടീഷ് ഇന്ത്യയിലെ ‘പുലിമുരുകൻ’

ഒരാൾ മൃഗവേട്ടയ്ക്കും വന്യജീവിസംരക്ഷണത്തിനും ഒരുപോലെ പ്രശസ്തനാകുക. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുമെങ്കിലും അതായിരുന്നു ബ്രിട്ടീഷ്കാരൻ ജിം കോർബറ്റ്. ഒരു കാലത്ത് നരഭോജികളായ കടുവകളെയും പുലികളെയും കൊണ്ട് പൊറുതിമുട്ടിയ ഉത്തരേന്ത്യയിലെ അനേകം ഗ്രാമങ്ങളിലെ മനുഷ്യർക്ക്‌ കോർബറ്റ് ദൈവതുല്യനായിരുന്നു. ‘നരഭോജികൾ’ എന്ന് പറഞ്ഞപ്പോൾ വിശ്വാസം വരുന്നില്ലെങ്കിൽ ഒരു സംഭവം വിവരിക്കാം, ‘ചമ്പാവത്തിലെ കടുവ ‘ എന്നപേരിൽ പ്രശസ്തയായ ഒരു കടുവ 1907 ൽ കോർബറ്റിന്റെ തോക്കിനിരയാകുന്നത് വരെയുള്ള ജീവിതകാലഘട്ടത്തിൽ അത് കവർന്നെടുത്തത് ‘436’ മനുഷ്യജീവനുകൾ ആണ്. തന്റെ 436 ആം ഇരയായ ഒരു 16 കാരി പെൺകുട്ടിയെ ആക്രമിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് കോർബറ്റിന്റെ വെടിയുണ്ട ആ പെൺകടുവയുടെ ജീവനെടുത്തത്. 400 പേരെ കൊന്ന, ‘പനാറിലെ പുലി ‘എന്നറിയപ്പെട്ട ആൺപുലിയെ വകവരുത്താനും നാട്ടുകാർ സമീപിച്ചത് കോർബറ്റിനെ തന്നെ.

1875  ജൂലൈ 25 -ന് നൈനിത്താളിൽ ജനിച്ച കോർബറ്റ് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ കേണലായിരുന്നു. 31 വർഷത്തെ തന്റെ നായാട്ടുജീവിതത്തിനിടയിൽ ജിം കോർബറ്റ് കൊന്നിട്ടുള്ളത് ഇത്തരത്തിലുള്ള 33 നരഭോജികളെയാണ്. അതിൽ 19  കടുവകളും 14  പുലികളും ഉണ്ടായിരുന്നു. വനത്തെപ്പറ്റിയും മൃഗങ്ങളെപ്പറ്റിയും തനിക്കുള്ള അറിവ് പിന്നീട് അവയെ സംരക്ഷിക്കാനായി ഉപയോഗിക്കാൻ അദ്ദേഹം തീരുമാനിക്കുകയാണുണ്ടായത്. നരഭോജികളായ മാർജാരന്മാർ നാട്ടിലിറങ്ങുന്നത് മറ്റൊരു ഇരയെ ഓടിച്ചു പിടിക്കാൻ സാധിക്കാത്ത വണ്ണം പരിക്കേറ്റതിനാലോ വയസ്സായതിനാലോ, അവയുടെ വാസസ്ഥലമായ വനത്തിലേക്ക് മനുഷ്യന്റെ അനിയന്ത്രിതമായ കടന്നു കയറ്റവും വനനശീകരണവും ഒക്കെക്കൊണ്ടാണെന്ന് ജിം കോർബറ്റ് മനസിലാക്കിയിരുന്നു.

കുമാവോൺ കുന്നുകൾ കേന്ദ്രീകരിച്ച് ഹെയ്ലി പാർക്ക് എന്ന പേരിൽ ഒരു നാഷണൽ പാർക്ക് തുടങ്ങി വന്യജീവികളെ സംരക്ഷിക്കുന്നതിനെപ്പറ്റി ആദ്യമായി പദ്ധതിയിട്ടത് ജിം കോർബറ്റ് ആണ്. അതാണ് അമ്പതുകളിൽ ‘ജിം കോർബറ്റ് നാഷണൽ പാർക്ക്’എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. കോർബറ്റ് എഴുതിയ ‘മാൻ  ഈറ്റേഴ്‌സ് ഓഫ് കുമായൂൺ’ എന്ന പുസ്തകം ഇന്നും ഒരു ബെസ്റ്റ് സെല്ലറാണ്. 1955 ഏപ്രിൽ 19 ന് ജിം കോർബറ്റ് മരണമടഞ്ഞു.

Leave a Reply

Your email address will not be published.