വാലി ഓഫ് ഫ്ലവേഴ്സ്
ജീവിതത്തില്‍ ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ട ഒരു സുന്ദരമായ സ്ഥലം. ഈ മനോഹരമായ സ്ഥലം കാണാൻ ഉത്തരാഖണ്ഡ് വരെ പോയാൽ മതി. വാലി ഓഫ് ഫ്ലവേഴ്സ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. അത്യപൂര്‍വ്വങ്ങളായ പൂക്കളെയും പൂമ്പാറ്റകളെയും ജീവജാലങ്ങളെയും കണ്ടുകൊണ്ടുള്ള യാത്രയായിരിക്കും ഈ പൂക്കളുടെ താഴ്വരയിലേക്ക്. അനെമോണുകൾ, ജെറേനിയം, പ്രിമുല, ബ്ലൂ പോപ്പി, ബ്ലൂബെൽ എന്നിവയുൾപ്പെടെ 300-ലധികം ഇനം പൂക്കളുടെ ആവാസ കേന്ദ്രമാണ് വാലി ഓഫ് ഫ്ലവേഴ്സ്. ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്പമായ ബ്രഹ്മകമലം പൂത്തുനില്‍ക്കുന്നത് യാത്രയില്‍ കാണാൻ കഴിയുന്ന സുന്ദര നിമിഷങ്ങളിൽ ഒന്നാണ്.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വാലി ഓഫ് ഫ്ലവേഴ്സ് നന്ദാ ദേവി ബയോസ്ഫിയര്‍ റിസര്‍വ്വിന്റെ ഭാഗവും യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലവുമാണ്. ജൂൺ മുതൽ ഒക്ടോബര്‍ മാസം വരെയാണ് ഇവിടേക്ക് സന്ദര്‍ശകരെ അനുവദിക്കുക. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നിരവധി പൂക്കള്‍ പൂത്തലഞ്ഞു നില്ക്കുന്ന മനോഹര താഴ്വര, പ്രകൃതിയൊരുക്കി തന്ന പൂക്കളം അല്ലെങ്കിൽ പൂമെത്തയെന്നൊക്കെ ഈ സ്ഥലത്തിന് വർണ്ണനകൾ. കണ്ണെത്താദൂരത്തോളം പൂത്തുനില്ക്കുന്ന പൂപ്പാടത്തിലൂടെയുള്ള സഞ്ചാരം അതിമനോഹരമാണ്. സഞ്ചാരികൾ ഒരിക്കലെങ്കിലും പോയിരിക്കണമെന്ന് ആഗ്രഹിക്കുന്ന സ്വപ്നസ്ഥലമാണ് വാലി ഓഫ് ഫ്ലവേഴ്സ്. സഞ്ചാരികൾക്ക് ആവേശവും സാഹസികതയും പകരാൻ ട്രക്കിങ്ങും അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന പൂക്കളുടെ താഴ്വരയും മനോഹരമായ ദേശീയ ഉദ്യാനവും ലോകമെമ്പാടുമുള്ള സഞ്ചാരികളെയും ട്രെക്കർമാരെയും ആകർഷിക്കുന്നു. ഇവിടേക്ക് എത്തിപ്പെടാൻ ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡെറാഡൂണിലെ ജോളിഗ്രാന്‍ഡ് എയര്‍പോര്‍ട്ടും റെയില്‍വേ സ്റ്റേഷന് ഋഷികേശുമാണ്.
Read also:http://qtvindia.com/2021/03/03/the-power-of-hope-animation-short-film-by-kalia-love-jones/
ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്തിരിക്കേണ്ട ട്രക്കിങ്ങുകളിലൊന്നായാണ് വാലി ഓഫ് ഫ്ലവേഴ്സ് ട്രക്കിങ്ങിനെ പല സഞ്ചാരികളും കണക്കാക്കുന്നത്. ഹിമാലയത്തിലെ മലനിരകളാല്‍ ചുറ്റപ്പെട്ട കിടക്കുന്ന ഈ പ്രദേശത്തിന്റെ ഭംഗി അവർണനിയമാണ്. പച്ചപ്പും മഞ്ഞും മാറിമാറിവരുന്ന പര്വ്വതതലപ്പുകളുടെ കാഴ്ചകള്‍ ഇവിടെ നിന്നും ലഭിക്കും. പകർത്തിയാലും തീരാത്ത കാഴ്ചകൾ, അതുകൊണ്ടു തന്നെ ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗ്ഗം എന്നാണിവിടം അറിയപ്പെടുന്നത്. പ്രകൃതിയോടൊത്ത് സമയം ചിലവഴിക്കാൻ വാലി ഓഫ് ഫ്ളവേഴ്സിലേക്കുള്ള യാത്ര സഹായകരമാണ് .