പ്രകൃതി ഒരുക്കിയ പറുദീസ..

കാഴ്ചകൾ ഒരു ഭാഗ്യമാണ്.. തിരക്കുപിടിച്ച ജീവിതയാത്രയിൽ ആശ്വാസം പകരാൻ തൊട്ടടുത്തുള്ള മനോഹരമായ സ്ഥലങ്ങളിലേക്ക് ഒരു യാത്ര അത് മനുഷ്യർക്ക് ഇടയ്ക്കിടെ കിട്ടുന്ന ആശ്വാസമാണ്. അങ്ങനെ പോകാനും ആസ്വദിക്കുവാനും കഴിയുന്ന ഒരു മനോഹര സ്ഥലമാണ് മാമലകണ്ടം. കോതമംഗലത്തുനിന്നും തട്ടേക്കാട് വഴി ,കുട്ടമ്പുഴ, ഉരുളന്തണ്ണി, മാമലക്കണ്ടം യാത്ര മനോഹരമായൊരു അനുഭവമാണ് പകരുന്നത്. നാഗരികതയിലേക്ക് പോകാതെ പ്രകൃതി കാത്തുസൂക്ഷിച്ച സ്ഥലമാണ് എറണാകുളം ജില്ലയിലെ മാമലകണ്ടം.

കുറ്റിച്ചെടികളും, ഇലപടർത്തിയ മഹാവൃക്ഷങ്ങളും നിറഞ്ഞു നിൽക്കുന്ന പച്ചപ്പുതച്ച കാട്.. ഇളം കാറ്റുവീശുന്ന കാട്ടിലൂടെയുള്ള യാത്ര, ഉറവപൊട്ടിയൊഴുകിയെത്തുന്ന നീർച്ചാലുകൾ, പായൽപ്പച്ചയിൽ നനഞ്ഞൊട്ടിയ പാറക്കൂട്ടങ്ങൾ, അവയിലെ നേർത്ത നീരൊഴുക്കുകൾ തുടങ്ങിയ മനോഹര കാഴ്ചകളുടെ പറുദീസയാണ് മാമലകണ്ടം.

മാമലകണ്ടം എന്ന കുഞ്ഞി ഗ്രാമത്തിലേക്ക് ഇപ്പോൾ സഞ്ചരികളുടെ ഒഴുക്കാണ്. നാലുവശവും കാട്. ഏത് വശത്തു നിന്ന് നോക്കിയാലും ചുറ്റും മലനിരകൾ. അതിനുമുകളിൽ അങ്ങിങ്ങായി നൂൽ പോലെ ഒഴുകുന്ന നീർച്ചാലുകൾ. അവ എവിടെ നിന്ന് ഉത്ഭവിക്കുന്നുവെന്നോ, എവിടേക്ക് വീഴുന്നുവെന്നോ എന്നത് സഞ്ചാരികൾക്ക് ഒരു അത്ഭുതമായി മാറുന്നു. പാറയിലൂടെ കുതിച്ചൊഴുക്കുന്ന കാട്ടരുവിയിൽ കുളിച്ച് വെള്ളച്ചാട്ടത്തെ തൊട്ടറിഞ്ഞും, കോടമഞ്ഞിൽ പുതച്ചു കിടക്കുന്ന മലയോരങ്ങൾ കണ്ടും,കാട്ടാനകളെക്കണ്ട് ഒരു അത്യപൂർവ സാഹസിക യാത്രാനുഭവം. പുലിമുരുകൻ എന്ന ചിത്രത്തിൽ ഏവരുടേയും മനം കവരുന്ന കാടും,വെള്ളച്ചാട്ടവും,എല്ലാം മാമലകണ്ടത്തിന്‍റെ ചെറിയൊരു ഭാഗം മാത്രമാണ്. ഏതൊരു പ്രകൃതിസ്നേഹിയും കണ്ടിരിക്കേണ്ട ഒരു കൊച്ചു സ്വർഗ്ഗമാണ് മാമലകണ്ടം. പ്രകൃതിയാൽ അനുഗ്രഹിക്കപ്പെട്ട ഈ പ്രദേശത്തെ മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ചുറ്റും മലകൾ തിങ്ങിനിൽക്കുന്നു എന്നത് തന്നെയാണ്. കാടിനു ഒരു ദോഷവും വരുത്താതെ അവിടുത്തെ ജനങ്ങൾ ഈ പറുദീസയെ സംരഷിക്കുന്നു.

Leave a Reply

Your email address will not be published.