കൊളുക്കുമല – പ്രകൃതി ഒരുക്കിയ ദൃശ്യ വിരുന്ന്..
ജീവിതയാത്രയിൽ ഒരു ചെറിയ സാഹസികയാത്രയൊക്കെ ചെയ്യുന്നത് നല്ലതാണ്. ആ സാഹസിക്കയാത്രക്ക് മൂന്നാറിലേക്ക് ഒന്ന് പോയാലോ ?.. അവിടുന്ന് നേരെ കൊളുക്കുമലയിലേക്ക്. ലോകത്തെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടം. മൂന്നാറില്‍നിന്നും 38 കിലോമീറ്റര്‍ ദൂരെയാണ് കൊളുക്കുമല. ചിന്നക്കനാല്‍- സൂര്യനെല്ലി വഴി ജീപ്പുമാര്‍ഗമാണ് കൊളുക്കുമലയിലേക്ക് എത്താന്‍ കഴിയുക.
വളഞ്ഞു പുളഞ്ഞുപോകുന്ന ഇടുങ്ങിയ വഴിയിലൂടെയുള്ള യാത്ര ഒരിക്കലും മറക്കാനാകാത്ത അനുഭവം പകരുന്നു. മഞ്ഞിന്റെ കുളിരിൽനിന്നു മൺതരികളെ സംരക്ഷിക്കാൻ വിശാലമായ പച്ച വിരിപ്പുകൾ എങ്ങും കാണാൻ സാധിക്കുന്ന കാഴ്ച്ച.
ഏഴായിരത്തിഒരുനൂറ്റിമുപ്പതു അടി ഉയരത്തിലാണ് കൊളുക്കുമല തേയിലത്തോട്ടം. ദക്ഷിണ ഭാരതത്തില്‍ രണ്ടാമതും ആനമുടിയേക്കള് അമ്പതു മീറ്റര്‍ മാത്രം താഴ്ന്നതുമായ മീശപുലിമല, ചാർളി സിനിമയിൽ ദുൽഖർ പറയുന്ന മീശപുലിമല ഈ തോട്ടത്തിലാണ്. കൊളുക്കുമലയിലെ സൂര്യോദയമാണ് ഏറ്റവും ആകർഷകമായ കാഴ്ചയിൽ ഒന്ന്.
രാവിലെ 4.45, 5, മണിയോടെ പുറപ്പട്ടാൽ മാത്രമേ പ്രകൃതിയുടെ ഈ സുന്ദരമായ പുലര്‍കാല സൂര്യോദയം കാണുവാൻ സാധിക്കു. സാഹസിക യാത്ര ഇഷ്ട്ടപെടുന്നവർക്ക് കൊളുക്ക് മലയിൽ എത്താൻ ഒരുപാടു വഴികൾ ഉണ്ട്. പാപ്പാത്തിചോല കൊളുക്കുമല ട്രെക്കിംഗ് വിദേശിയരുടെ ഇഷ്ടപെട്ട പാതയാണ്. ദൂരെ മലനിരകളെ ഇടയ്ക്കിടെ ഒളിപ്പിച്ചും, പതിയെ തെളിഞ്ഞും വരുന്ന കോടമഞ്ഞ് അതിമനോഹരമാണ്. തൊട്ടുരുമ്മി നിൽക്കുന്നു അഞ്ചോളം പർവ്വതനിരകൾ, പച്ച പുതച്ച താഴ്വാരം വനാന്തരത്തിന്റെ വശ്യസൗന്ദര്യം ഉയർത്തിക്കാട്ടുന്നു. താഴെ തേയിലത്തോട്ടങ്ങൾക്കു മുകളിലൂടെ പഞ്ഞിക്കെട്ടുപോലെ പറന്നു നടക്കുന്ന മേഘങ്ങൾ കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയാണ്. കൊളുക്കുമലയുടെ ഒരു വശം കേരളവും മറുവശം തമിഴ്നാടുമാണ്. സഞ്ചാരികൾ ഏറെ ഇഷ്ട്ടപ്പെടുന്ന കൊളുക്കുമല പ്രകൃതി സൗന്ദര്യത്തിനു കളങ്കമേൽക്കാതെ അതിമനോഹരമായി ഉയർന്നു നിൽക്കുന്നു.