ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ ‘തമാഗോച്ചി എഫക്ട്’

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമ കണ്ടിരിക്കുമല്ലോ. ഇതിൽ  സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തിന് കുഞ്ഞപ്പൻ എന്ന റോബോട്ടിനോട് തോന്നുന്ന ഒരു വൈകാരിക  അടുപ്പമുണ്ട്. ഈ  പ്രതിഭാസത്തിന്റെ പേരാണ്  Tamagotchi എഫക്ട്. ഒരു യന്ത്രവുമായോ മറ്റ് ഡിജിറ്റൽ വസ്തുക്കളുമായോ ആളുകൾ വൈകാരികമായി അടുക്കുന്ന ഒരു മാനസിക പ്രതിഭാസമാണിത്.1996-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് കളിപ്പാട്ടമായ തമാഗോച്ചിയുടെ പേരിലാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. മുട്ടയുടെ ആകൃതിയിലുള്ള കൈയിൽ പിടിക്കുന്ന വെർച്വൽ വളർത്തുമൃഗമാണ് തമാഗോച്ചി. ഇത് വളരെ ജനപ്രിയമായിത്തീർന്നു, 2010-ലെ കണക്കനുസരിച്ച് 76 ദശലക്ഷത്തിലധികം തമാഗോച്ചി ലോകമെമ്പാടും വിറ്റു.

സാധാരണയായി, കൃത്രിമബുദ്ധി കാണിക്കുന്നതും മനുഷ്യന്റെ വികാരങ്ങളെയും വ്യക്തിത്വത്തെയും അനുകരിക്കാൻ കഴിയുന്ന ഉപകരണങ്ങളുമായി മനുഷ്യർ അടുപ്പം പ്രകടിപ്പിക്കാറുണ്ട്. ഉദാഹരണത്തിന് സിരി, അലക്സ, ഗൂഗിൾ അസിസ്റ്റന്റ്,  ഇവക്കൊക്കെ വൈകാരിക ബുദ്ധി ഇല്ലെന്ന് അറിയാമെങ്കിലും, നിനക്ക് സുഖമാണോ?, വീട്ടിൽ ആരൊക്കെ ഉണ്ട്, ഐ ലവ്  യു  എന്നൊക്കെ ഒരിക്കലെങ്കിലും പറഞ്ഞു നോക്കിയിട്ടുണ്ടാവില്ലേ? പ്രായഭേദമന്യേ ആർക്കും ഈ അറ്റാച്ച്മെന്റ് അനുഭവിക്കാൻ കഴിയും. എന്നാൽ മറ്റ് ആളുകളുമായി ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടുള്ള ആളുകളിൽ ഇത് കൂടുതലായി കാണപ്പെടുന്നു.

നമ്മുടെ സ്‌മാർട്ട്‌ഫോണുകളോ കമ്പ്യൂട്ടറുകളോ പോലുള്ള ദൈനംദിന സാങ്കേതികവിദ്യകൾ കാരണം ഇത്തരം സ്നേഹ ബന്ധങ്ങളുടെ വൈകാരികത കൂടുതൽ തീവ്രമായിവരുന്നു.  നമ്മൾ ഇന്ന് സാങ്കേതികവിദ്യയെ വളരെയധികം ആശ്രയിക്കുന്നു, നമ്മുടെ തലമുറയിൽ ഭൂരിഭാഗം പേർക്കും Nomophobia ഉള്ളതായി കാണാം. നോമോഫോബിയ എന്നാൽ ‘ഫോൺ കൈവശം ഇല്ല എന്ന ഭയം’ ആണ്, സൂചിപ്പിക്കുന്നത് നിർജ്ജീവമായ ഒരു വസ്തുവിനോട് നാം വൈകാരികമായ ഒരു അടുപ്പം വളർത്തിയെടുത്തിരിക്കുന്നു എന്നാണ്. വിവിധ ആപ്പ് സ്റ്റോറുകളിലെ ഏറ്റവും ജനപ്രിയമായ വളർത്തുമൃഗങ്ങളിലൊന്നാണ് ടോക്കിംഗ് ടോം ക്യാറ്റ്.

ഇത്തരം  ഗെയിംസ് നമുക്ക് കണ്ടെത്താനാകുന്ന പരിചിതമായ നിരവധി സ്വഭാവവിശേഷങ്ങൾ കൈവശം വയ്ക്കുന്നതിനൊപ്പം, ടോക്കിംഗ് ടോം ക്യാറ്റ് വളർത്തുമൃഗത്തിന് നിങ്ങളോട് തിരികെ സംസാരിക്കാൻ സാധിക്കുന്നു. റെക്കോർഡിംഗുകളിലൂടെയോ വോയ്‌സ് പ്രോസസ്സിംഗ് സോഫ്‌റ്റ്‌വെയറിലൂടെയോ ആകട്ടെ, നിങ്ങളുടെ വെർച്വൽ വളർത്തുമൃഗവുമായി ഒരു മുഴുവൻ സംഭാഷണം സാധ്യമാണ്. ഇവയൊക്കെ മനുഷ്യന്  ഏതൊക്കെ  തരത്തിൽ  ജീവനില്ലാത്ത  വസ്തുക്കളോട് വൈകാരിക അടുപ്പം പുലർത്താം  എന്നതിന് ഉത്തമ  ഉദാഹരണം ആണ്. സ്‌പൈക്ക് ജോൺസ് സംവീധാനം ചെയ്ത് 2013 ൽ റിലീസ് ആയ റൊമാന്റിക് സയൻസ് ഫിക്ഷൻ ചിത്രമാണ് ‘ഹെർ ‘. സ്ത്രീശബ്ദത്തിൽ സംവദിക്കുന്ന AI സിസ്റ്റത്തോട് പ്രണയം തോന്നുന്ന മനുഷ്യന്റെ കഥയാണത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഓസ്കാർ ജേതാവ് ജോക്കിൻ ഫീനിക്സ് ആണ്.

Leave a Reply

Your email address will not be published.