സിനിമകളിൽ ഉപയോഗിക്കുന്ന ‘ചെഖോവിന്റെ തോക്ക് ‘
‘ഒരു കഥയിൽ എവിടെയെങ്കിലും ഭിത്തിയിൽ ഒരു തോക്ക് തൂക്കിയിട്ടിരിക്കുന്നതായി സൂചിപ്പിക്കുന്നുണ്ടെങ്കിൽ ആ കഥ അവസാനിക്കുന്നതിന് മുമ്പ് ആ തോക്ക് പൊട്ടിയിരിക്കണം’.ലോകപ്രശസ്ത സാഹിത്യകാരൻ ആന്റൺ ചെഖോവിന്റെ സിദ്ധാന്തം ആണിത്. എന്നുവെച്ചാൽ പ്രത്യേക ശ്രദ്ധ കൊടുത്ത് എന്തിനെയെങ്കിലും സൂചിപ്പിക്കുന്നുണ്ട് എങ്കിൽ എപ്പോഴെങ്കിലും അത് കഥയിലേക്ക് എന്തിന്റെയെങ്കിലും കാരണമായി കടന്നു വന്നിരിക്കണം. ഇല്ലെങ്കിൽ കഥയുടെ ഒഴുക്കിനെ അത് ബാധിക്കുകയും, വായനക്കാരിൽ അത് കല്ലുകടി ഉണ്ടാക്കുകയും ചെയ്യും. ഈ തിയറി കഥയിൽ എന്നപോലെ സിനിമകളിലും ഉപയോഗിച്ച് വരുന്നു. സിനിമയിൽ കഥയുമായി ബന്ധമില്ല എന്ന് തോന്നുന്ന എന്തിനെയെങ്കിലും പറ്റി പരാമർശം ഉണ്ടായാൽ സിനിമ തീരുന്നതിനു മുമ്പ് അത് കൊണ്ട് കഥയിൽ എന്തെങ്കിലും പ്രയോജനം ഉണ്ടാവണം.
ഈ സിദ്ധാന്തത്തെ രണ്ട് സെറ്റായിട്ടാണ് ഉപയോഗിക്കുന്നത്. ഒന്ന് ‘സെറ്റ് അപ്പ് ‘ രണ്ട് ‘പേ ഓഫ് ‘. സാധാരണയായി സെറ്റ് അപ്പ് ആദ്യപകുതിയിലും പേ ഓഫ് രണ്ടാം പകുതിയിലും ആണ് ഉപയോഗിക്കുന്നത്. മലയാള സിനിമയിൽ ചെഖോവിന്റെ തോക്ക് എന്ന ഈ തിയറിയെ ഫലപ്രദമായി ഉപയോഗിച്ച കുറച്ച് ഉദാഹരണങ്ങൾ നോക്കാം. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ ആദ്യരംഗത്തിൽ മഹേഷ് കുളിക്കുന്നതിനിടയിൽ തന്റെ ചെരുപ്പ് വൃത്തിയായി കഴുകുന്നത് ഫോക്കസ് ചെയ്ത് കാണിക്കുന്നുണ്ട്. പിന്നീട് ആണ് സിനിമയിൽ ആ രംഗത്തിന്റെ പ്രാധാന്യം വ്യക്തമാകുന്നത്. ജിംസൺ കവലയിൽ ഇട്ട് മഹേഷിനെ തല്ലിയ ശേഷം അപമാനം ഭാരം കാരണം ജിംസൺ പ്രതിജ്ഞ എടുക്കുന്നത്, ‘അവനെ തിരിച്ചു തല്ലിയിട്ടേ മഹേഷ് ഭാവന ഇനി ചെരിപ്പിടൂ ‘ എന്നാണ്. ക്ലൈമാക്സിൽ ജിംസണെ തിരിച്ച് അടിച്ച ശേഷം കാണിക്കുന്ന രംഗം ചെരുപ്പ് കടയിൽ ചെന്ന് മഹേഷ് ‘8 ന്റെ ഒരു ലൂണാർ ‘ എന്ന് പറയുമ്പോൾ ആണ്. ചിത്രത്തിൽ ചെരുപ്പ് എന്ന വസ്തുവിനെ കേന്ദ്രകഥാപാത്രത്തിന്റെ അഭിമാനത്തിന്റെ പ്രതീകം ആയിട്ടാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
Read also:ഇന്ത്യയെ ഇളക്കിമറിച്ച് കെജിഎഫ് തരംഗം
‘വരത്തൻ’ എന്ന ചിത്രത്തിൽ വീടിനുള്ളിൽ വെച്ച് നായികയുടെ അച്ഛൻ പണ്ട് ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്ന ഒരു തോക്കും, നൈറ്റ് വിഷൻ ഗോഗിൾസും കാണിക്കുന്നുണ്ട്. ക്ലൈമാക്സിൽ ശത്രുക്കളുടെ വീട് കയറിയുള്ള ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ നായികയും നായകനും ഉപയോഗിക്കുന്ന പ്രധാന ആയുധങ്ങൾ അവ രണ്ടുമാണ്. ദൃശ്യം എന്ന ചിത്രത്തിൽ പോലീസ് സ്റ്റേഷന്റെ തറകെട്ടുന്നതിനെ പറ്റി സുഹൃത്തുമായി ജോർജ്കുട്ടി സംസാരിക്കുന്നുണ്ട് ഇതിന്റെ പ്രാധാന്യം എന്താണ് എന്ന് ക്ലൈമാക്സിൽ മാത്രമാണ് പ്രേഷകർ അറിയുന്നത്. ചിത്രത്തിന്റെ ഗതിയെ തന്നെ ആ സംഭാഷണ ശകലം മാറ്റി. പൊന്മുട്ടയിടുന്ന താറാവിലെ സ്വർണ്ണ മാല, ലൂസിഫറിൽ വില്ലന്റെ കയ്യിലെ ലൈറ്റർ, രസികൻ സിനിമയിലെ ദളവയുടെ പ്രതിമ, 24 എന്ന തമിഴ് ചിത്രത്തിലെ പരുന്ത്, അങ്ങനെ പോകുന്നു ഉദാഹരണങ്ങൾ. ഇവയിൽ ഉപയോഗിച്ചിരുന്ന സെറ്റ് അപ്പ് സീനുകൾ പിന്നീട് പേ ഓഫ് ചെയ്തില്ലായിരുന്നു എങ്കിൽ തിരക്കഥയിലെ ഒരു പാളിച്ച ആയി അത് മാറിയേനെ.